1470-490

സ്കൂളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം.

അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാർ ഭീഷണിയിൽ. കേച്ചേരിയിൽ സ്ഥിതി ചെയ്യുന്ന അൽ അമീൻ ഹയർ സെക്കണ്ടറി സ്കൂളിലാണ് തെരുവ് നായ്ക്കളുടെ ശല്യം ജീവനക്കാരുടെ ജീവന് ഭീഷണിയായി മാറിയിട്ടുള്ളത്. വിദ്യാലയത്തിലെ സ്റ്റേജിലും ക്ലാസ്സ് മുറികളുടെ ഇടനാഴികളിലും തെരുവ് നായ്ക്കൾ കൂട്ടം കൂടി കിടക്കുന്ന സ്ഥിതിയാണുള്ളത്. ഒഴിഞ്ഞു കിടക്കുന്ന സ്റ്റേജിൽ പട്ടി പെറ്റു കിടക്കുന്നതിനാൽ ഈ ഭാഗത്തേക്ക് ആർക്കും തന്നെ പ്രവേശിക്കാനാക്കാത്ത സ്ഥിതിയിലാണ്. കൂടാതെ ഓഫീസിന്റെയും, സ്റ്റാഫ് മുറിയുടെയും പരിസരത്ത് നായ്ക്കൾ കൂട്ടത്തോടെ വന്ന് കിടക്കുന്ന സാഹചര്യവുമുണ്ട്. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ നടക്കുന്ന സമയത്തും സമാനമായ രീതിയിൽ നായ്ക്കളുടെ ശല്യം രൂക്ഷമായി. ഭയപ്പാടോടു കൂടിയാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനായി സ്കൂളിലെത്തിയിരുന്നത്. തെരുവ് നായ്ക്കളുടെ ശല്യത്തെ കുറിച്ച് സ്കൂൾ അധികൃതർ പഞ്ചായത്ത് ഭരണാധികാരികളെ ധരിപ്പിച്ചിരുന്നു. എന്നാൽ നായ ശല്യം പരിഹരിക്കാൻ യാതൊരു നടപടിയുമുണ്ടായിട്ടില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ ക്ലാസ്സുകൾ നടക്കാത്തതിനാൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്താതനിൽ ഏറെ ആശ്വാസത്തിലാണ് അധ്യാപകരും മാനേജ്മെന്റും. വിദ്യാലയത്തിലെത്തുന്ന ജീവനക്കാർ വലിയ വടികൾ കൈയിലേന്തിയാണ് നടക്കുന്നത്. ഏത് സമയത്തും നായ്ക്കൾ കൂട്ടത്തോടെ എത്തി അക്രമിക്കുമോ എന്ന ആശങ്കയിലാണ് അധ്യാപകരും മറ്റു ജീവനക്കാരും. സ്കൂൾ അങ്കണം കൈയടക്കിയ തെരുവ് നായ്ക്കളിൽ നിന്ന് ജീവൻ രക്ഷിക്കാൻ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്ന് മാനേജ്മെന്റും, അധ്യാപകരും ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 43,129,563Deaths: 524,303