രക്തം ദാനം ചെയ്തും പ്രോത്സാഹനം നൽകിയും സ്റ്റൈജു മാസ്റ്റർ

രക്തം ദാനം ചെയ്തും രക്തദാനത്തിന് പ്രോത്സാഹനം നൽകിയും കോവിഡ് കാലത്തും സ്റ്റൈജു മാസ്റ്റർ സജീവമാണ്. മറ്റം സെന്റ് ഫ്രാൻസിസ് ഹയർ സെക്കണ്ടറി സ്കൂളിലെ സംസ്കൃതം അധ്യാപകനും, കൂനംമൂച്ചി സ്വദേശിയുമായ സ്റ്റൈജു അറുപത്തിയേഴാം തവണയും രക്തം ദാനം ചെയ്യാനയതിന്റെ ചാരിതാർത്ഥ്യത്തിലാണ്. പതിനെട്ട് വയസ്സ് പൂർത്തിയായത് മുതൽ ഇടവേളകളിൽ രക്ത ദാനം ചെയ്യുക എന്നത് മാസ്റ്റുടെ പതിവാണ്. കൂടാതെ താൻ പഠിപ്പിച്ച വിദ്യാർത്ഥികൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായാൽ, അവരെ രക്തദാനത്തിലേക്ക് കൈപിടിച്ച് നടത്തുകയെന്നതുംസ്റ്റൈജു മാസ്റ്ററുടെ രീതിയാണ്. നിരന്തരമായ രക്തദാനത്തിലൂടെ ആരോഗ്യം പരിരക്ഷിക്കാനാകുമെന്ന സന്ദേശവും മാഷ് മുന്നോട്ട് വെയ്ക്കുന്നു. എൽ. സി.സി. ക്യാപ്റ്റൻ കൂടിയായ സ്റ്റൈജു രക്തദാനത്തിനായി കൽപ്പനകളും തയ്യാറാക്കിയിട്ടുമുണ്ട്. സർക്കാർ ജീവനക്കാർക്ക് ഗ്രേഡ് ലഭിക്കാൻ മൂന്ന് വർഷത്തിലൊരിക്കൽ രക്തദാനം നിർബന്ധമാക്കണമെന്നും, എൻ.എസ്.എസിന്റെയും, എൻ.സി.സി യുടെയും ഉയർന്ന സർട്ടിഫിക്കറ്റിനായി രക്തദാനം ചെയ്യുക തുടങ്ങിയ ആശയങ്ങളാണ് കൽപ്പനകളിലൂടെ മുന്നോട്ട് വെയ്ക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ രക്തദാനത്തിന്റെ പ്രസക്തിയെ കുറിച്ച് ബോധവത്കരണം നടത്തുന്നതിലും മാഷ് പ്രത്യേകം ശ്രദ്ധ നൽകുന്നുണ്ട്. തന്റെ വിദ്യാർത്ഥികളെ മാത്രമല്ല, നാട്ടിലുള്ള ചെറുപ്പക്കാരെയും രക്തദാനത്തിലേക്ക് കൈപിടിച്ച് നയിക്കുന്ന മാസ്റ്ററെ തേടി നിരവധി പുരസ്കാരങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ട്. സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ രക്തദാന പുരസ്ക്കാരം, എൻ.സി.സി.യുടെ രക്തദാന പതക്കം, കണ്ടാണശ്ശേരി പഞ്ചായത്തിന്റെ രക്ത ബന്ധു പുരസ്കാരം, ഗുരു പുരസ്ക്കാരം എന്നിവ മാഷുടെ രക്തദാന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരങ്ങളാണ്. എൻ.സി.സി.കേഡറ്റുകളെ പങ്കെടുപ്പിച്ച് രക്ത ദാനവും, ബോധവത്കരണവും സംഘടിപ്പിക്കുന്നതിലും സ്റ്റൈജു മാതൃകപരമായ പ്രവർത്തനമാണ് നടത്തിവരുന്നത്. കോവിഡ് കാലത്ത് ആശുപത്രികളിലും, ബ്ലഡ് ബാങ്കുകളിലും രക്തം കുറഞ്ഞതോടെ സ്റ്റൈജു മാസ്റ്റർ അടുത്ത സുഹൃത്തുക്കളെയും കൂട്ടിയെത്തി രക്തദാനം നടത്തിയിരുന്നു. യുവ തലമുറ ലഹരിക്കടിമപ്പെടുന്ന കാലഘട്ടത്തിൽ അവരെ രക്ത ദാന പാതയിലേക്ക് നയിക്കുക എന്നത് തന്റെ കടമയാണെന്നും സ്റ്റൈജു തിരിച്ചറിയുന്നു. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപികയായ ഭാര്യ അമ്പിളി പീറ്ററും, മക്കളായ അനന്യ, അമൃത, അഭിഷേക് എന്നിവരും സ്റ്റൈജു മാസ്റ്ററുടെ രക്തദാന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്.

Comments are closed.