1470-490

ഒരു ഗ്രാമം മുഴുവൻ, ഞായറാഴ്ച്ച ബിരിയാണി കഴിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായാണ് പുതുശ്ശേരി ഗ്രാമവാസികൾ ബിരിയാണി കഴിച്ചത്. പുതുശ്ശേരിയിലെ പുനർജ്ജനി കലാ സാംസ്കാരിക വേദിയാണ്, കേരളത്തെ കൈപ്പിടിച്ചുയർത്തുന്നതിനായി ബിരിയാണി വെച്ച് വിൽപ്പന നടത്തിയത്. ബിരിയാണി വിൽപ്പനയിലൂടെ സ്വരൂപിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ സാമ്പാത്തികാവസ്ഥ പരിതാപകരമായ സ്ഥിതിയിലായ സാഹചര്യത്തിലാണ് പുനർജ്ജനി കലാവേദി പ്രവർത്തകർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനെ കുറിച്ച് ആലോചിച്ചത്. തുടർന്നാണ് ബിരിയാണി വിൽപ്പനയിലൂടെ പണം കണ്ടെത്താമെന്ന ആശയത്തിലെത്തി ചേരുന്നത്. ഞായറാഴ്ച്ച പുലർച്ചെയോടെ സാംസ്ക്കാരിക വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ ബിരിയാണി തയ്യാറാക്കൽ ആരംഭിച്ചു. 120 കിലോ അരിയും, 150 കിലോ ചിക്കനും, 30 കിലോ ബീഫുമുപയോഗിച്ച് ഏകദേശം 1500 ഓളം പേർക്കുള്ള ബിരിയാണിയാണ് തയ്യാറാക്കി വിതരണം ചെയ്തത്. പുതുശ്ശേരി ക്ക് പുറമെ കൂനംമൂച്ചി, ചൂണ്ടൽ, കൈപ്പറമ്പ്, മഴുവഞ്ചേരി, അടുപ്പുട്ടി, ചൊവ്വന്നൂർ, പന്തലൂർ, മരത്തംകോട് തുടങ്ങിയ പ്രദേശങ്ങളിലും ബിരിയാണി വിതരണം ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് മറ്റ് പ്രദേശത്തുള്ളവർ ബിരിയാണി ഓർഡർ നൽകിയത്. 80 രൂപ നിരക്കിലാണ് ബിരിയാണി വിൽപ്പന നടത്തിയത്. സമൂഹത്തിന് ഉപകാര പ്രദമായ കാര്യത്തിന് വേണ്ടിയുള്ള പ്രവർത്തനത്തിന് വേണ്ടിയായത് കൊണ്ടാണ് ബിരിയാണി വാങ്ങാൻ തയ്യാറായതെന്ന് നാട്ടുക്കാർ പറഞ്ഞു. പുനർജ്ജനി കലാ സാംസ്ക്കാരിക വേദിയുടെ ഭാരവാഹികളായ അനൂപ് ബാലൻ, അജേഷ് കേശവൻ, അമൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ 80 ഓളം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലാണ് ബിരിയാണി തയ്യാറാക്കി വിൽപ്പന നടത്തിയത്. ഇതിലൂടെ സ്വരൂപിച്ച തുക അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

Comments are closed.