1470-490

വെള്ളക്കെട്ടിന് അടിയന്തിര പരിഹാരമുണ്ടാക്കണം

മാഹി :നിർമ്മാണത്തിലിരിക്കുന്ന തലശ്ശേരി-മാഹി ബൈപാസ്സ് റോഡിന്റെ പാറാൽ മുതൽ ഈസ്റ്റ് പള്ളൂർ വരെയുള്ള റോഡിന്റെ ഇരുവശത്തും ആദ്യമഴയിൽ തന്നെ വെള്ളക്കെട്ട് രൂപപ്പെടുകയും, നിരവധി വീടുകളിൽ വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിൽ, വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മയ്യഴി പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ജനശബ്ദം മാഹി ആവശ്യപ്പെട്ടു.അറ വിലകത്ത് പാലം മെയിൻ കനാലിലേക്ക് വെള്ളം തിരിച്ചുവിടാൻ കഴിയുംവിധം പുതിയ റോഡിന്റെ ഡ്രൈനേജ് സംവിധാനം മാറ്റണമെന്ന് സ്ഥലം സന്ദർശിച്ച ജനശബ്ദം ഭാരവാഹികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് വഴി കടന്നു പോകുന്ന അരഡസൻ ഉൾനാടൻ റോഡുകളാകെ ചളിക്കുളമായി മാറിയിട്ടുണ്ട്. മയ്യഴി പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശങ്ങൾ ദേശീയപാതാ അധികൃതർ അംഗീകരിക്കാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ദേശീയപാതാ അധികൃതരുമായി ബന്ധപ്പെട്ട് മയ്യഴി പൊതുമരാമത്ത് വകുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ കാലവർഷം കനക്കുന്നതോടെ വലിയൊരു പ്രദേശം വെള്ളത്തിനടിയിലാവുമെന്ന് ഉറപ്പാണ്.
    വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ ടി.എം.സുധാകരൻ, ഇ.കെ.റഫീഖ്, ദാസൻ കാണി, എം.പി. ഇന്ദിര, ടി.എ.ലതീബ്, ചാലക്കര പുരുഷു എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്.

Comments are closed.