1470-490

പ്രളയ അതിജീവനം: മുന്‍കരുതല്‍ നടപടികള്‍ അന്തിമഘട്ടത്തില്‍

പ്രളയ അതിജീവനം: തിരൂരങ്ങാടിയില്‍  മുന്‍കരുതല്‍ നടപടികള്‍ അന്തിമഘട്ടത്തില്‍
ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സംവിധാനം സജ്ജമായി
തിരൂരങ്ങാടി താലൂക്കില്‍ പ്രളയ അതിജീവന മുന്നൊരുക്ക നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ പ്രകാരം ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം സജ്ജീകരിച്ചാണ് തിരൂരങ്ങാടിയില്‍ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍, ഇന്‍സിഡന്റ് കമാന്റര്‍, ഡെപ്യൂട്ടി ഇന്‍സിഡന്റ് കമാന്റന്റ്, ഓപ്പറേഷന്‍ സെക്ഷന്‍ ചീഫ് , ലോജിസ്റ്റിക് സെക്ഷന്‍ ചീഫ് , പ്ലാനിംഗ് സെക്ഷന്‍ ചീഫ് , സേഫ്റ്റി ഓഫീസര്‍, മീഡിയ ഓഫീസര്‍, ലെയ്‌സണ്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട പത്തംഗ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ നേതൃത്വത്തിലാകും ഇത്തവണ പ്രളയ അതിജീവന പ്രവര്‍ത്തനം.വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിനായി താലൂക്ക് തലത്തില്‍ അവലോകന യോഗം ചേരുകയും ഓരോ പ്രദേശങ്ങളിലെയും വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു.  അതിന്റെ അടിസ്ഥാനത്തിലാണ്  അധികൃതര്‍ പഞ്ചായത്ത് – നഗരസഭാ പരിധികളില്‍ കൈക്കൊള്ളേണ്ട മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നത്. പൊതുവായ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പുറമെ വയോധികര്‍, കോവിഡ് ലക്ഷണമുള്ളവര്‍, ക്വാറന്റെനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം ക്യാമ്പുകള്‍ സജ്ജീകരിക്കും. നിലവില്‍ 70 ലധികം ക്യാമ്പുകള്‍ സജ്ജീകരിക്കുന്നതിനായുള്ള സ്ഥലങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. പ്രളയം ബാധിക്കാനിടയുള്ള മേഖലകളെ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള ജെ.സി.ബി, ഹിറ്റാച്ചി, കട്ടര്‍,  ബോട്ടുകള്‍, വാഹനങ്ങള്‍ എന്നിവയുടെ ഉടമസ്ഥരുടെയും ഖലാസിമാരുടെയും ഫോണ്‍ നമ്പറുകളും നേരത്തെ തന്നെ ശേഖരിച്ച് ഫയല്‍ ചെയ്തിരിക്കുകയാണ്. അംഗീകൃത വളണ്ടിയര്‍മാരുടെ വിശദാംശങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.ആവശ്യമെങ്കില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സൗകര്യമുള്ള സ്ഥലം കണ്ടെത്താനും നിര്‍ദേശമുള്ളതായി തിരൂരങ്ങാടി തഹസില്‍ദാര്‍ എം.എസ് ഷാജു പറഞ്ഞു. തിരൂരങ്ങാടി താലൂക്കില്‍ 17 വില്ലേജുകളാണുള്ളത്. ഇതില്‍ 13 ലും മുന്‍ വര്‍ഷങ്ങളില്‍ പ്രളയം ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം തിരൂരങ്ങാടി താലൂക്ക് പരിധിയില്‍ 12,250 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. 31 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിരുന്നു. കടലുണ്ടിപ്പുഴ കടന്നു പോകുന്ന മേഖലയായതിനാല്‍ തിരൂരങ്ങാടി താലൂക്കില്‍ പ്രളയ സാധ്യത ഏറെയാണ്. അതിനാല്‍  അതിജീവനത്തിനായി ചിട്ടയായ മുന്നൊരുക്കമാണ് തിരൂരങ്ങാടിയില്‍ നടത്തുന്നതെന്ന്  തഹസില്‍ദാര്‍ അറിയിച്ചു.

Comments are closed.