1470-490

ഉറവിടം കണ്ടെത്താനാവാതെ തൃശൂർ ഭീതിയിൽ

തൃശൂർ ഒല്ലൂർ മേഖലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ ഉറവിടം കണ്ടെത്താനാകാത്തതു കടുത്ത ഭീതിയുയർത്തുന്നു. വ്യാഴാഴ്ച ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 25 പേരിൽ 14 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഈ 14 പേരുടെ സമ്പർക്കപ്പട്ടിക ആരോഗ്യ വകുപ്പിന് തയ്യാറാക്കാനായിട്ടില്ല.

ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ തൃശൂരിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ മന്ത്രി എ.സി.മൊയ്തീന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. നിയന്ത്രണങ്ങൾ സംബന്ധിച്ചും മറ്റു നടപടികളെ കുറിച്ചും യോഗത്തിൽ തീരുമാനമാകും.

നിലവിൽ ജില്ലയിലൊട്ടാകെ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വി.എസ്.സുനിൽ കുമാർ അറിയിച്ചു. മൂന്ന് മണിക്കുള്ള യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സെൻട്രൽ വെയർഹൗസ് ഗോഡൗണിലെ നാല് ചുമട്ടുതൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗോഡൗൺ അടച്ചിട്ടുണ്ട്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ഉൾപ്പെടെ അഞ്ച് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടുത്ത കുറച്ച് ദിവസങ്ങളിൽ ആശുപത്രിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് പി.കെ. ശ്രീജ അറിയിച്ചു.

Comments are closed.