സസ്യലോകത്തേക്ക് മൂന്ന് പുതിയ അതിഥികൾ

വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം: സസ്യ ലോകത്തേക്ക് ഇടുക്കിയിൽ നിന്ന് മൂന്ന് പുതിയ അതിഥികൾ .കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് സസ്യലോകത്ത് മൂന്ന് പുതിയ സസ്യങ്ങളെ കണ്ടെത്തിയത് . ബോട്ടണി പഠനവിഭാഗം പ്രൊഫസര്‍ ഡോ.സന്തോഷ് നമ്പി, ഗവേഷകരായ തൃശൂര്‍ തൈക്കാട്ടുശ്ശേരി സ്വദേശി വിഷ്ണു മോഹന്‍, കോഴിക്കോട് സ്വദേശിനി ഡാനി ഫ്രാന്‍സിസ്, തൃശൂര്‍ പാലക്കല്‍ സ്വദേശിനി ദിവ്യ കെ. വേണുഗോപാല്‍ എന്നിവരടങ്ങുന്ന സംഘമാണ് ഈ സസ്യങ്ങളെ കണ്ടെത്തിയത്.
കാശിത്തുമ്പ കുടുംബമായ (ബാള്‍സാമിനെസിയെ) ഇമ്പേഷ്യന്‍സ് ജനുസ്സില്‍ ഉള്‍പ്പെട്ടതാണ് ആദ്യ രണ്ടു സസ്യങ്ങള്‍. ഇമ്പേഷ്യന്‍സ് നിദോലപത്ര, ഇമ്പേഷ്യന്‍സ് ഗ്രാന്‍ഡിസ്‌പോറ എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഈ സസ്യങ്ങള്‍ ഇടുക്കി ജില്ലയിലെ സസ്യ വൈവിധ്യം കൊണ്ട് സമ്പന്നമായ മാങ്കുളം വനമേഖലയില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന പിങ്ക് നിറത്തിലുള്ള പൂക്കളും നേര്‍ത്ത ഇലകളുമാണ് ഇമ്പേഷ്യന്‍സ് നിദോലപത്രയെ വ്യത്യസ്തമാക്കുന്നത്. ഇലകളുടെ ഈ സവിശേഷതയാണ് നദോലപത്ര എന്ന പേര് നല്‍കാന്‍ കാരണം.
ഇളം റോസ് നിറത്തിലൂള്ള ഭംഗിയേറിയ ദളങ്ങളും വലിപ്പമേറിയ പരാഗരേണുക്കളുമാണ് ഇമ്പേഷ്യന്‍സ് ഗ്രാന്‍ഡിസ്‌പോറയുടെ പ്രധാന സവിശേഷതകള്‍. പരാഗരേണുക്കളുടെ വലിപ്പമാണ് ഈ സസ്യത്തിന് ആ പേര് നല്‍കാന്‍ കാരണമാകുന്നത്. കിഴങ്ങുകളില്‍ നിന്ന് പ്രജനനം നടത്തുന്ന ഈ സസ്യം കാലവര്‍ഷത്തിന്റെ അവസാനത്തോടുകൂടി പുഷ്പ്പിക്കുകയും പിന്നീടുണ്ടാകുന്ന അപ്രതീക്ഷിതമായ മഴയില്‍ ഇല്ലാതാകുകയും ചെയ്യുന്നു. എന്നാല്‍ മണ്ണിനടിയില്‍ അവശേഷിക്കുന്ന കിഴങ്ങുകള്‍ അനുയോജ്യമായ കാലാവസ്ഥയില്‍ വീണ്ടും മുളച്ചുവരുന്നതിനാല്‍ ഇവ അല്‍ഭുത സസ്യം എന്നാണ് അറിയപ്പെടുന്നത്.
സഞ്ചാരികളുടെ പറുദീസയായ മീശപുലിമലയില്‍ നിന്നും കണ്ടെത്തിയ എരിയോകോളേസിയെ കുടുംബത്തില്‍പ്പെട്ട എരിയോകോളന്‍ വാമനെ ആണ് മൂന്നാമന്‍. കാഴ്ചയിലുള്ള വലിപ്പക്കുറവ് എരിയോകോളന്‍ വാമനെ എന്ന പേര് അന്വര്‍ത്ഥമാക്കുന്നു. വേറിട്ടുനില്‍ക്കുന്ന വിദളങ്ങളോടുകൂടിയ ആണ്‍പുഷ്പവും, രോമങ്ങളോടുകൂടിയ പെണ്‍പുഷ്പവും ഈ സസ്യത്തിന്റെ സവിശേഷതകളാണ്.
മൂന്ന് സസ്യങ്ങളെയും സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എരിയോകോളന്‍ വാമനെയുടെ പഠനഫലം യു.കെ.യില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സസ്യവര്‍ഗ്ഗീകരണ ജേണലായ എഡിന്‍ബര്‍ഗ് ജേണല്‍ ഓഫ് ബോട്ടണിയുടെ ഫെബ്രുവരി ലക്കത്തിലും ഇമ്പേഷ്യന്‍സ് സ്പീഷിസുകള്‍ തായ്‌വാനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന തായ്‌വാനിയയുടെ പുതിയ ലക്കത്തിലും ഇടംനേടിയിട്ടുണ്ട്.
Comments are closed.