1470-490

എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം

മഞ്ചേരിയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കും 
മഞ്ചേരി മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുമെന്ന്  അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ.  മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുന്നതിനും പ്രളയകാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനുമായി മഞ്ചേരി മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 
പഠന സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനായി പഞ്ചായത്ത് തലത്തില്‍ റിവ്യൂ നടത്തുകയും ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യും. മണ്ഡലത്തിലെ വായനശാലകള്‍, ക്ലബുകള്‍, അങ്കണവാടികള്‍  എന്നിവിടങ്ങളില്‍ സജ്ജമാക്കിയിരിക്കുന്ന ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളും ഉപയോഗപ്പെടുത്താനും വിദ്യാര്‍ഥികള്‍ ശ്രമിക്കണമെന്നും അവരുടെ സഹായത്തിനായി ഓരോ സെന്ററുകളിലും അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ എ.ഇ.ഒ മാര്‍ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ നിര്‍ദേശം നല്‍കി.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മേഖലയിലെ അഴുക്കുചാലുകള്‍ വേഗത്തില്‍ ശുചീകരിക്കണമെന്നും അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ പഞ്ചായത്ത്  അംഗങ്ങളായ വി.സുധാകരന്‍, ആലിപാറ്റ ജമീല, മഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ  കോ ഓര്‍ഡിനേറ്റര്‍ കെ.മണി എന്നിവര്‍  യോഗത്തില്‍ പങ്കെടുത്തു.

Comments are closed.