1470-490

കഞ്ചാവുമായി യുവതിയും കാർ ഡ്രൈവറും പിടിയിൽ

ചാലക്കുടിയിൽ ഒരു കിലോയിലധികം കഞ്ചാവുമായി യുവതിയും കാർ ഡ്രൈവറും പിടിയിൽ

പിടിയിലായത് സിനിമസീരിയൽ രംഗത്തെ ബ്ലാക് ഏയ്ഞ്ചൽ എന്നറിയപ്പെടുന്ന യുവതിയും സഹായിയും

ഇന്നലെ രണ്ടുകേസുകളിലായി പോലീസ് പിടികൂടിയത് മൂന്നര കിലോയോളം കഞ്ചാവ്

ചാലക്കുടി: തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ ചാലക്കുടി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ ഒരു കിലോയിലധികം കഞ്ചാവുമായി സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ബ്ലാക്ക് ഏയ്ഞ്ചൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന യുവതി പിടിയിൽ . കോട്ടയം ജില്ലയിലെ വെച്ചൂർ വില്ലേജിൽ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലിം (28 വയസ്) എന്ന യുവതിയുംസുഹൃത്തും കാർ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വില്ലേജിൽ വല്ലപ്പുഴ സ്വദേശി മനക്കേതൊടിയിൽ ഷറഫുദ്ദീൻ മകൻ സുധീർ ( 45 വയസ്) എന്നയാളുമാണ് പിടിയിലായത്. യുവതി ഇപ്പോൾ എറണാകുളത്ത് എളമക്കരയിൽ വാടകയ്ക്ക് താമസിക്കുകയാണ്.

കോവിഡ് രോഗത്തിന്റെ പശ്ചാതലത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക് ഡൗണിന് ഇളവ് വന്നതിനെ മുതലെടുത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നും ലഹരി വസ്തുക്കൾ വൻ തോതിൽ കടത്തിക്കൊണ്ടുവന്ന് വിവിധ ജില്ലകളിൽ സംഭരിച്ച് വിതരണം നടത്തുന്നതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസിന് രഹസ്യ സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ സംസ്ഥാനമൊട്ടാകെ ജില്ലാ പോലീസ് മേധാവിമാരുടെയും മറ്റും മേൽനോട്ടത്തിൽ ശക്തമായ പരിശോധനകൾ നടത്തിവരികയും നിരവധി തവണ ലഹരി വസ്തുക്കൾ പിടികൂടുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ ചാലക്കുടി മുനിസിപ്പൽ ജംഗ്ഷനു സമീപം നാഷണൽ ഹൈവേയോട് ചേർന്നുള്ള ബസ് സ്റ്റോപ്പിനടുത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നും രണ്ടേകാൽ കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതു കൂടാതെയാണ് രാത്രി പതിനൊന്നരയോടെ വീണ്ടും കഞ്ചാവ് പിടികൂടിയത്. ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റിന്‌സമീപത്ത് സംശയകരമായി കണ്ട കാറും ഇതിലെ യാത്രക്കാരിയേയും ഡ്രൈവറേയും അണുവിമുക്തമാക്കി എക്സൈസ് ഇൻസ്പെക്ടർ വി. സലില കുമാറിനെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ സഹായത്തോടെ വിശദമായി പരിശോധിച്ചപ്പോൾ യാത്രക്കാരിയായ യുവതിയുടെ കയ്യിലുണ്ടായിരുന്ന ബാഗിനു പിറകിൽ ഒളിപ്പിച്ച പ്ലാസ്റ്റിക്ക് കവറിനുള്ളിൽ ഭദ്രമായി പൊതിഞ്ഞ് സീലിംഗ്ടേപ്പ് ചുറ്റിയ നിലയിൽ കഞ്ചാവ് പൊതി കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ ചാലക്കുടിയിൽ എത്തുമെന്നറിയിച്ച ഒരാൾക്ക് കൈമാറാൻ കൊണ്ടുവന്നതാണ് കഞ്ചാവെന്നും ഡ്രൈവറെ സഹായിയായി വിളിച്ചതാണെന്നും യുവതി അറിയിച്ചത്.
തുടർന്ന് ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.

ഇവരെ പിടികൂടിയ സംഘത്തിൽ ചാലക്കുടി സി.ഐ സന്ദീപ് കെ എസ് , എസ്ഐ ഷാജൻ എം എസ് , ചാലക്കുടി ഡിവൈഎസ്പിയുടെ പ്രത്യേകാന്വേഷണ സംഘത്തിലെ എഎസ്ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, സീനിയർ സിപിഒമാരായ വി.യു സിൽജോ, റെജി എ.യു, ഷിജോ തോമസ്, ഷീബ അശോകൻ , ആന്റോ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.

ചോദ്യം ചെയ്യലിൽ സരിത സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ആളാണെന്നും ഇതിനു മുമ്പും ലഹരി വസ്തുക്കൾ കൈമാറുന്നതിന് ഇടനിലക്കാരിയായും മറ്റും പ്രവർത്തിക്കുന്നതായും പോലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. കാർ ഡ്രൈവർ എയർപോർട്ടിനു സമീപത്തും ഇടപ്പിള്ളി കേന്ദ്രീകരിച്ചും ടാക്സി ഓടിക്കുന്നയാളാണ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Comments are closed.