പ്രളയത്തിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നു

വടക്കാഞ്ചേരി: വടക്കാഞ്ചേരി പുഴയുടെ പുനരുജ്ജീവന പ്രവർത്തനത്തിന്റെ ഭാഗമായി അകമല തോട്ടിൽ പ്രളയത്തിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവർത്തി ആരംഭിച്ചു. കഴിഞ്ഞ 40 വർഷത്തിൽ ആദ്യമായാണ് അകമല തോട്ടിൽ അടിഞ്ഞുകൂടിയ എക്കലും മണ്ണും നീക്കം ചെയ്യുന്നത്. പൂർണമായും ജനകീയ പങ്കാളിത്തത്തോടെ ആണ് ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി ഈ പ്രവർത്തി നടക്കുന്നത്. ഓട്ടുപാറയിൽ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമായിരുന്ന വാഴാനി റോഡിലുള്ള പാലത്തിന് കീഴിലെ രണ്ട് പാളികളായി ഉണ്ടായിരുന്ന മണ്ണും ചെളിയും പൂർണ്ണമായും നീക്കം ചെയ്തു. കൂടാതെ ഇതിനോടൊപ്പം അകമല തോട്ടിലേക്ക് മലിന ജലം ഒഴുക്കിയതിന് 8 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. അകമല തോട് അളന്നു തിട്ടപ്പെടുത്തുന്നതിന് നഗരസഭ തീരുമാനിച്ചു. അതനുസരിച്ചു താലൂക്ക് സർവെയർ നോട്ടീസ് നൽകി ഒരാഴ്ചയ്ക്കുള്ളിൽ തോട് അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് തിരിക്കും. കൂടാതെ അകമല തോട്ടിലേക്ക് വരുന്ന പിഡബ്ല്യുഡി കനാലിലെ മരങ്ങൾ പിഡബ്ല്യുഡി മുറിച്ചുമാറ്റും. വാഴാനി റോഡിലെ പാലത്തിന് ചേർന്നുള്ള ജോലികൾക്ക് വൈസ് ചെയർമാൻ എം.ആർ. സോമനാരായണൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ എം.ആർ. അനൂപ് കിഷോർ, എൻ.കെ. പ്രമോദ്, കൗൺസിലർമാരായ പി.ആർ. അരവിന്ദാക്ഷൻ, ഷാനവാസ്, ജനകീയ സമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.