1470-490

24 മണിക്കൂറിനകം റേഷൻ കാർഡ്

തൃശൂർ ജില്ലയിൽ വിതരണം ചെയ്തത് 3818 കാർഡുകൾ24 മണിക്കൂറിനകം റേഷൻ കാർഡ് വിതരണം ചെയ്യുന്ന പദ്ധതിയിൽ ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 3818 കാർഡുകൾ. താലൂക്കടിസ്ഥാനത്തിലാണ് അർഹരായ കുടുംബങ്ങൾക്ക് റേഷൻ കാർഡ് വിതരണം ചെയ്തത്. കൊടുങ്ങല്ലൂർ-105, മുകുന്ദപുരം-464, ചാവക്കാട്-332, തൃശൂർ-900, ചാലക്കുടി-600, തലപ്പിള്ളി-1414 എന്നിങ്ങനെയായിരുന്നു കാർഡ് വിതരണം. ലോക്ഡൗണിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങൾ അർഹരായ പല കുടുംബങ്ങൾക്കും റേഷൻ കാർഡില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ ലഭ്യമാകാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ കാർഡ് ഇല്ലാത്തതുമൂലം റേഷൻ വാങ്ങാൻ സാധിക്കാത്തവർക്ക് സത്യവാങ്മൂലവും ആധാർ കാർഡും അടിസ്ഥാനമാക്കി സൗജന്യ റേഷൻ നൽകിയിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് നൽകാനുള്ള പദ്ധതി ആരംഭിച്ചു. ഓൺലൈനായി അക്ഷയ കേന്ദ്രങ്ങൾ, സിറ്റിസൺ ലോഗിൻ, സിവിൽ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റ് എന്നിവ വഴിയാണ് അപേക്ഷ സ്വീകരിച്ചത്. ആധാറിന്റെ കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രദേശവാസിയാണെന്ന് തെളിയിക്കുന്ന സ്ഥലം കൗൺസിലറുടേയോ പഞ്ചായത്ത് അംഗത്തിന്റേയോ സത്യവാങ്മൂലം, ഫോൺ നമ്പർ എന്നിവയുൾപ്പെടുത്തിയാൽ മാത്രമാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷ അംഗീകരിച്ച് മണിക്കൂറുകൾക്കകം റേഷൻകാർഡ് വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് അക്ഷയകേന്ദ്രം മുഖേന ലഭിക്കും. നിലവിൽ റേഷൻ കാർഡില്ലാത്ത കുടുംബങ്ങളുടെ അപേക്ഷകൾ മാത്രമാണ് പരിഗണിച്ചത്. അംഗങ്ങളെ കുറവ് ചെയ്ത് പുതിയ കാർഡുണ്ടാക്കുന്ന അപേക്ഷകൾ സ്വീകരിച്ചിട്ടില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അയ്യപ്പദാസ് അറിയിച്ചു.

Comments are closed.