1470-490

ഗുരുവായൂരിലെ വിവാഹങ്ങൾക്ക് ഫോട്ടോഗ്രാഫർമാർക്ക് പ്രവേശനം നൽകും

ഗുരുവായൂർ: ക്ഷേത്രത്തിലെ വിവാഹങ്ങൾക്ക് പുറത്തു നിന്നുള്ള ഫോട്ടോഗ്രാഫർമാർക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് നീക്കും. ജില്ലാ കലക്ടർ എസ്. ഷാനവാസ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. വധൂവരന്മാർ ഉൾപ്പെടെ പത്തു പേർക്കാണ് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. അവർക്കൊപ്പം ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറേയും ഒരു വീഡിയോഗ്രാഫറേയും ഇനി അനുവദിക്കും. ലോക് ഡൗൺ ഇളവുകളുടെ ഭാഗമായി കല്യാണങ്ങൾ പുനരാരംഭിച്ചപ്പോൾ മണ്ഡപത്തിനടുത്ത് ഫോട്ടോയും വീഡിയോയും എടുക്കുന്നതിന് ദേവസ്വം നിയോഗിക്കുന്ന ഫോട്ടോഗ്രാഫർമാരെ മാത്രമെ അനുവദിച്ചിരുന്നുള്ളു. ഫോട്ടോഗ്രാഫർമാരുടെ സംഘടനകൾ ഇതിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് കലക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് ഫോട്ടോഗ്രാഫർമാർക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് നീക്കാൻ തീരുമാനമായത്. യോഗത്തിൽ കലക്ടർക്ക് പുറമെ കെ.വി.അബ്ദുൾഖാദർ എംഎൽഎ, ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് എന്നിവരും പങ്കെടുത്തു. ഫോട്ടോഗ്രാഫർമാർക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് തീക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം ഭരണസമിതിയാണ്. വെള്ളിയാഴ്ച ചേരുന്ന ദേവസ്വം ഭരണസമിതി ഫോട്ടോഗ്രാഫർമാർക്ക് അനുമതി നൽകുന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ തീരുമാനിക്കുമെന്ന് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് അറിയിച്ചു.

Comments are closed.