1470-490

അതിരപ്പിള്ളി: വിനാശകരമായ പദ്ധതി ജനങ്ങളോടുള്ള വെല്ലുവിളി

അതിരപ്പിള്ളി: വിനാശകരമായ പദ്ധതി ജനങ്ങളോടുള്ള വെല്ലുവിളി- എസ്.ഡി.പി.ഐ

തിരുവനന്തപുരം: പരിസ്ഥിതിക്കും ജനജീവിതത്തിനും ഭീഷണിയായ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍. ഇടതുമുന്നണിയിലെ പ്രബല കക്ഷിയെ പോലും വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ താല്‍പ്പര്യമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പരിസ്ഥിതി സൗഹൃദ വികസന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചു ജനവിധി തേടി അധികാരത്തിലെത്തിയ സര്‍ക്കാര്‍ ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലനവും തകര്‍ക്കുന്ന പദ്ധതിയുമായി മുമ്പോട്ടു പോയാല്‍ കേരള ജനത അതിന് അനുവദിക്കില്ല. ലോകം മുഴുവന്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് പിന്മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പ്രളയത്തില്‍ നിന്ന് ഇനിയും ഗുണപാഠം പഠിക്കാത്തത് മുഖ്യമന്ത്രിയുടെ ദുര്‍വാശികൊണ്ടാണ്. മണ്ണിനെയും മനുഷ്യനെയും മറക്കാത്ത വികസനം മാത്രമേ നടപ്പാക്കൂ എന്ന് പ്രളയത്തിന് ശേഷം പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ അത് വിഴുങ്ങുന്നത് ആര്‍ക്കുവേണ്ടിയാണ്. മണ്ണിനെയും മനുഷ്യനെയും മറക്കാത്ത വികസനത്തില്‍ അതിരപ്പിള്ളിയുടെ ഇടം വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ ഇടതുമുന്നണി കണ്‍വീനര്‍ തയ്യാറാവണം. പരിസ്ഥിതി വിരുദ്ധവും ജനങ്ങളുടെ ജീവനു ഭീഷണിയുമായ പദ്ധതിയുമായി മുമ്പോട്ട് പോവാനാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും തീരുമാനമെങ്കില്‍ സംസ്ഥാനത്തെ സ്തംഭിപ്പിച്ചുകൊണ്ടുള്ള അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എസ്.ഡി.പി.ഐ തുടക്കം കുറിക്കുമെന്നും ഷാന്‍ മുന്നറിയിപ്പു നല്‍കി.

Comments are closed.