ചേലക്കരയിൽ വീടിന് കേട് പറ്റിയ സംഭവം: രാഷ്ട്രീയ പ്രേരിതം

ചേലക്കരയിൽ കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച വീടിൻ്റെ സൺ ഷെയ്ഡ് തകർന്ന സംഭവം വിവാദമാക്കിയത് രാഷ്ട്രീയ പ്രേരിതമെന്ന് വീട് നിർമ്മിച്ചു നൽകിയ വെങ്ങാനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് അധികൃതർ ‘ തികച്ചും അനർഹമായാണ് ഇവർ വീട് സമ്പാദിച്ചതെന്നും ആക്ഷേപം.പ്രളയത്തിൽ വീട് തകർന്ന ഇവർ പുതിയ വീട് പണിയാൻ സാമ്പത്തിക ശേഷിയില്ലെന്ന് കാണിച്ചാണ് വീട് കൈപ്പറ്റിയത്
ബാങ്ക് അധികൃതരുടെ വിശദീകരണം
കെയർ ഹോം പദ്ധതി പ്രകാരം ചേലക്കര വെങ്ങാനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിനെ നാല് വീടുകൾ പണിയുന്നതിനാണ് ചുമതലപ്പെടുത്തിയത്. അതിൽ നാലാമത്തെ വീടാണ് ഗ്രാമപഞ്ചായത്ത് ഇരുപത്തൊന്നാം വാർഡിൽ മേക്കാട്ടുകുളം ലില്ലി ചാക്കുട്ടിയുടേത്. വില്ലജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ കൈവശ സർട്ടിഫിക്കറ്റ് പ്രകാരം 1.28 സെൻറ് (.0052 ആർ) ഭൂമി മാത്രമാണ് ഇവർക്കുള്ളത്. പരിമിതമായ സ്ഥലത്തു വീട് പണിയുക എന്നത് ശ്രമകരമായ ഒരു ജോലിയായിരുന്നു. എന്നാൽ സർക്കാർ പദ്ധതി ഒരു കുടുംബത്തിന് നഷ്ടപ്പെടേണ്ട എന്ന് കരുതിയാണ് ബാങ്ക് ഈ വീട് പണി ഏറ്റെടുത്തത്. മറ്റു 3 വീടുകളും 430 മുതൽ 480 സ്‌ക്വയർ ഫീറ്റ് വരെ പണിയാനുള്ള സ്ഥലം അതാതു ഗുണഭോക്താക്കളുടെ കൈവശം ഉണ്ടായിരുന്നു. അതനുസരിച്ചു സമയബന്ധിതമായി തന്നെ ആ 3 വീടുകളും കൈമാറാൻ കഴിഞ്ഞു. എന്നാൽ ഇവിടെ ചില സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകേണ്ടത് കാരണം കുറച്ചു കാല താമസം നേരിട്ടു. സ്ഥലപരിമിതി മൂലം ടി സ്ഥലത്തു 350 സ്‌ക്വയർ ഫീറ്റ് വീട് നിർമ്മിക്കാനെ കഴിയു. ടി പ്ലാൻ ഗുണഭോക്താവിനെ കാണിച്ചു അവരുടെ പൂർണ്ണ അനുവാദത്തോടും അഭിപ്രായത്തോടും കൂടിയാണ് പണി ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബര് മാസത്തിൽ പണി പൂർത്തീകരിച്ചു താക്കോൽ കൈമാറുകയും ചെയ്തതാണ്. പണി പൂർത്തീകരിച്ച് താക്കോൽ കൊടുത്തതിനു ശേഷം ടി വീടിനെ സംബന്ധിച്ച് പരാതികൾ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ജനുവരിയിൽ ബാങ്കിന്റെ സമ്മതമോ മറ്റു നിയമപരമായ അനുവാദമോ കൂടാതെ ഈ വീടിന്റെ മുകളിൽ ഗുണഭോക്താവ് ഒരു റൂം പണിയുകയും അതിനാവശ്യമായ മുഴുവൻ മെറ്റീരിയൽസും വീടിന്റെ മുൻ വശത്തെ സൺ ഷെയ്ഡിൽ ഇറക്കി വെച്ചത് കാരണം സൺ ഷെയ്ഡിൽ ചെറിയ വിള്ളൽ ഉണ്ടായി. വിള്ളൽ വരുത്തിയത് ഗുണഭോക്താവിന്റെ പ്രവർത്തികൾ കൊണ്ടാണ്. വിള്ളൽ ഉണ്ടായ വിവരം ഗുണഭോക്താവ് മാർച്ച് മാസം പകുതിയിൽ സെക്രട്ടറിയെ അറിയിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി സ്ഥലം സന്ദർശ്ശിക്കുകയും ചെയ്തു. ഗുണഭോക്താവിന്റെ വീഴ്ച കൊണ്ട് ഉണ്ടായതാണെങ്കിലും കേടുപാടുകൾ തീർത്തു തരാമെന്നു സെക്രട്ടറി ടിയാരിയെ അറിയിച്ചു. തുടർന്ന് ലോക് ഡൗൺ ആയതിനാലും ടി വ്യക്തി ഇവിടെ സ്ഥിരതാമസം ഇല്ലാത്തതിനാലും പണികൾ ചെയ്യുവാൻ ബാങ്കിന് സാധിച്ചില്ല. എന്നാൽ 2 ദിവസം മുൻപ് മാത്രമാണ് അവർ ഇവിടെ എത്തുകയും പണി ചെയ്തു തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. അതിൻ്റെ അടിസ്ഥാനത്തിൽ ഉടനെ തന്നെ ബാങ്ക് അധികൃതർ കോൺട്രാക്ടറോട് പണി തുടങ്ങുവാൻ നിർദേശ്ശിച്ചു. ഗുണഭോക്താവ് പറഞ്ഞ പണികൾ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ടിയാരിയുടെ മരുമകൻ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഗുണഭോക്താവിനെ കൊണ്ട് പണിക്കാർ തങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്ന് പറഞ്ഞ് ചേലക്കര പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പണികൾ നിർത്തിവെക്കേണ്ടതായി വന്നു. ജില്ലയിൽ ഒട്ടേറെ മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന ബാങ്കാണ് വെങ്ങാനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്. ഈ ബാങ്കിനെ തകർക്കുവാനും കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ബാങ്കിലേക്ക് നടന്ന തെരെഞ്ഞെടുപ്പ് അട്ടിമറിക്കുവാനും ചില സംഘടിത ശ്രമങ്ങൾ ഉണ്ടായി. ആ ശ്രമങ്ങൾ ബഹുമാനപ്പെട്ട ഹൈകോടതിയുടെ ഇടപെടൽ മൂലം പരാജയപ്പെട്ടു. അതിൻ്റെ ജാള്യത മറക്കാനും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിനെ അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ആരോപണം. ഈ ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ബാങ്ക് ഈ പ്രസ്താവനയിലൂടെ അറിയിക്കുന്നു.
ബാങ്ക്
പ്രസിഡന്റ്/സെക്രട്ടറി

Comments are closed.