1470-490

അശാസ്ത്രീയ ശുപാര്‍ശകള്‍ റെയില്‍വേ അംഗീകരിക്കരുത്

അശാസ്ത്രീയ ശുപാര്‍ശകള്‍ റെയില്‍വേ അംഗീകരിക്കരുത്- ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

അശാസ്ത്രീയ ശുപാര്‍ശകള്‍ റെയില്‍വേ അംഗീകരിക്കരുതെന്നു ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേമന്ത്രിക്ക് അദ്ദേഹം കത്തയച്ചു. ടിക്കറ്റ് വില്‍പ്പനയിലെ വരുമാനം മാനദണ്ഡമാക്കി റെയില്‍വേ സ്റ്റേഷനുകളില്‍ വികസനം പുനഃസംവിധാനം ചെയ്യാനും ഇടത്തരം, ചെറു വിഭാഗം റെയില്‍വേ സ്റ്റേഷനുകളെ പിറകോട്ടാക്കാനും വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഫണ്ട് അനുവദിക്കാനും ട്രെയിന്‍ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാനുമുള്ള റെയില്‍വേ സമിതിയുടെ ശുപാര്‍ശ അശാസ്ത്രീയവും അപ്രായോഗികമാണ്. അത് അംഗീകരിക്കാനാവില്ല. റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നതിന് കുറഞ്ഞത് പ്രതിദിനം 25000 യാത്രക്കാര്‍ ഉണ്ടാവുക, ടിക്കറ്റ് വില്‍പന 50 ശതമാനത്തില്‍ കുറഞ്ഞാല്‍ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുക തുടങ്ങിയ ബിബേക് ദ്രിബോയി സമിതിയുടെ ശുപാര്‍ശ ജനവിരുദ്ധവും റെയില്‍വേ വികസനം അവതാളത്തിലാക്കുന്നതുമാണ്. മാത്രമല്ല റെയില്‍വേ സ്റ്റേഷനുകളുടെ ഭാവിയേയും ഇത്തരം തീരുമാനം ബാധിക്കും. പുതിയ നിര്‍ദേശം മലപ്പുറം ജില്ലയിലെ റെയില്‍വേ വികസനപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്ക റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ എം.പി. രേഖപ്പെടുത്തി. ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയതു മുതല്‍ ഇന്ന് വരെ പുലര്‍ത്തിപ്പോന്ന സാമൂഹിക ഉത്തരവാദിത്തം പാടെ തകര്‍ത്ത് സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിടുന്ന വിചിത്രമായ ശുപാര്‍ശകളാണിതെന്നും എം.പി കത്തില്‍ വ്യക്തമാക്കി

Comments are closed.