1470-490

മടവൂർ രാംപൊയിൽ ഇൻ്റർനെറ്റ് ഉറപ്പാക്കണം

മടവൂർ രാംപൊയിൽ ഇൻ്റർനെറ്റ് ഉറപ്പാക്കണം:- മനുഷ്യാവകാശ കമ്മീഷൻ
നരിക്കുനി: -മടവൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം ഇൻറർനെറ്റ് കണക്ഷൻ അടിയന്തരമായി ഉറപ്പാക്കാൻ ജില്ലാ കലക്ടർ ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കോവിഡ് 19 കാരണം സ്കൂൾ വിദ്യാഭ്യാസം നടക്കാത്ത പശ്ചാത്തലത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസം ആണ് സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ മടവൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപത്തെ വീടുകളിൽ, നിലവിൽ ഇൻറർനെറ്റ് ലഭ്യമാകുന്നില്ല എന്നാണ് പരാതി. പ്രദേശത്ത് ടെലിവിഷൻ സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികളുടെ വീടുകളിൽ പഠനം നടക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ലോക് താന്ത്രിക് യുവജനതാദൾ മടവൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഷഫീഖ് നൽകിയ പരാതിയിലാണ് കമ്മീഷനംഗം പി. മോഹൻദാസ് ഉത്തരവിട്ടത്. മടവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, മടവൂർ സർവ്വീസ് സഹകരണ ബാങ്ക്, മടവൂർ വില്ലേജ് ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന രാംപൊയിൽ പ്രദേശത്ത് നിലവിൽ ബിഎസ്എൻഎൽ ടവർ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. ടവറിൽ നിന്ന്കോളുകൾ വിളിക്കാൻ സാധിക്കുന്നുണ്ടെങ്കിലും ഇൻറർനെറ്റ് ലഭിക്കുന്നില്ലെന്നാണ് പരാതി.ഇത് കാരണം ഈ പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം അസാധ്യമാകുന്നു. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത പരിപാടികൾ പിന്നീട് യുട്യുബിൽ കാണാനും കഴിയുന്നില്ല എന്നാണ് പരാതി. നിലവിലെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് വിദ്യാർഥികൾക്ക് ഇൻറർനെറ്റ് സംവിധാനമൊരുക്കുന്നില്ലെങ്കിൽ അത് വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിൻ്റെ നിഷേധമാണെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് ജില്ലാ കലക്ടർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് പ്രദേശത്ത് ഇൻറർനെറ്റ് സേവനം ലഭ്യമാക്കണമെന്നും, കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ബിഎസ്എൻഎൽ എക്സിക്യൂട്ടീവ് എൻജിനീയർ ,മടവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരും പ്രത്യേകമായി കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു,

Comments are closed.