1470-490

കെ.എസ്.ആർ.ടി.സി. ബസ്സിന്റെ മിനിയേച്ചർ നിർമ്മിച്ച് യുവ എഞ്ചിനീയർ

ഒറ്റനോട്ടത്തിൽ ഓർജിനലിനെ വെല്ലുന്ന അപരനെ നിർമ്മിച്ച യുവ എഞ്ചിനീയർ ശ്രദ്ധേയനാകുന്നു. നിരത്തുകളിൽ അതിവേഗം പായുന്ന ആനവണ്ടിയുടെ ചെറുപതിപ്പ് നിർമ്മിച്ച കണ്ടാണശ്ശേരി കെണ്ടരം വളപ്പിൽ അരുണാണ് ശ്രദ്ധേയനാക്കുന്നത്. വെള്ളറക്കാട് തേജസ് എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും പഠനം പൂർത്തീകരിച്ച് പുറത്തിറങ്ങിയ അരുൺ, ജോലിയുടെ ഇടവേളകളിൽ വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നത് പതിവായിരുന്നു. ഇതിനിടെയാണ് വാഹനങ്ങളുടെ മോഡൽ നിർമ്മാണമെന്ന പരീക്ഷണത്തിലേക്ക് പ്രവേശിക്കുന്നത്. യൂട്യൂബിൽ കണ്ടാണ് കെ.എസ്.ആർ.ടി.സി. ബസ്സിന്റെ മിനിയേച്ചർ രൂപം തയ്യാറാക്കാൻ ആരംഭിച്ചത്. കെ.എസ്.ആർ.ടി.സി. ബസ്സിന്റെ അതേ അളവ് അനുസരിച്ചാണ് നിർമ്മാണം നടത്തിയത്. 80.5 സെന്റീമീറ്റർ നീളവും 25 സെന്റിമീറ്റർ ഉയരവും 20 സെന്റിമീറ്റർ വീതിയുമുള്ള ഈ മിനിയേച്ചർ രൂപത്തിന്റെ നിർമ്മിതിക്കായി ഫോം ഷീറ്റും, കനം കുറഞ്ഞ കമ്പിയുമാണ് ഉപയോഗിച്ചിട്ടുള്ളത്. ജോലിയുടെ ഒഴിവ് സമയങ്ങൾ ഉപയോഗിച്ച് രണ്ട് ആഴ്ച്ചയോളമെടുത്താണ് ബസ്സിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഒറിജനൽ കെ.എസ്.ആർ.ടി.സി. ബസ്സിന്റെ മുക്കും മൂലയും അതേ പോലെ തന്നെ പകർത്തിയിരിക്കുകയാണ് അരുൺ. മിനിയേച്ചർ ബസ്സിന്റെ വീഡിയോ ദൃശ്യം ആദ്യമായി കാണുന്ന ഒരാൾക്ക് അത് യഥാർത്ഥ ബസ്സല്ല എന്ന് മനസ്സിലാക്കുന്നതിന് ഏറെ പ്രയാസമാണ്. സീറ്റുകളുടെ ഘടന, കമ്പികൾ, ഡോറുകൾ എല്ലാം അതേപടി പകർത്തിയിരിക്കുകയാണ് ഈ യുവ എഞ്ചിനീയർ. നാലായിരത്തോളം രൂപയാണ് ബസ് നിർമ്മാണത്തിന് ചിലവായത്. വെറുമൊരു രൂപം മാത്രമല്ല അരുൺ രൂപകൽപ്പന ചെയ്ത ഈ ബസ്സിനുള്ളത്. ഹെഡ് ലൈറ്റ്, ഇൻഡിക്കേറ്ററുകൾ എന്നിവ പ്രവർത്തിക്കുന്നതിനൊപ്പം ആൻഡ്രോയിഡ് മൊബൈൽ റിമോട്ട് ഉപയോഗിച്ച് ചലിപ്പിക്കാനും കഴിയുന്നതാണ് ഈ ബസ്സ്. റീചാർജ്ജ് ചെയ്യാവുന്ന ബാറ്ററിയും ബസ്സിൽ സജ്ജമാക്കിയിട്ടുണ്ട്.  ഒറിജനിലിനെ വെല്ലുന്ന അപരൻ എന്നതിന് ഈ മിനിയേച്ചർ ബസ്സിനേക്കാൾ വലിയ ഉദാഹരണമില്ല. ബി.ടെക് ഇലട്രിക്കൽ  എഞ്ചിനീയറിങ്ങ് ബിരുദ ധാരിയായ അരുണിന്റെ അടുത്ത ആഗ്രഹം എയർ ഇന്ത്യയുടെ വിമാനത്തിന്റെ മാതൃക നിർമ്മിക്കണമെന്നതാണ്. അതിനുള്ള ഒരുക്കങ്ങളിലേക്ക് പ്രവേശിക്കുന്ന ഈ യുവ എഞ്ചിനീയർക്ക് അച്ഛൻ സുരേന്ദ്രന്റെയും, അമ്മ സ്മിതയുടെയും, സഹോദരി ആര്യയുടെയും പൂർണ്ണ പിന്തുണയുമുണ്ട്.

Comments are closed.