1470-490

കോവിഡിന്റെ മറവില്‍ വ്യാജപ്രചരണം


കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ആനൂകുല്യങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കണമെന്ന സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് അക്ഷയ ജില്ലാപ്രൊജക്ട് മാനേജര്‍ പി.ജി ഗോകുല്‍ അറിയിച്ചു. സര്‍ക്കാരിന്റെയും ഐ.ടിമിഷന്റെയും അക്ഷയയുടെയും ലോഗോ പതിച്ചുള്ള വ്യാജ അറിയിപ്പുകളാണ് പ്രചരിക്കുന്നത്. ബിരുദ വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്, ലോക്ക് ഡൗണ്‍ കാലത്ത് വ്യാപാരികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായ ധനം,  ദിവസ വേതന തൊഴിലാളികളെയും കുടിയേറ്റ തൊഴിലാളികളെയും സാമ്പത്തികമായി സഹായിക്കാന്‍ കോവിഡ് 19 സപ്പോര്‍ട്ട് പ്രോഗ്രാം എന്നിങ്ങനെയുള്ള പദ്ധതികള്‍ക്ക് അക്ഷയകേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാമെന്ന വ്യാജ അറിയിപ്പുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. Buddy4study.com, examplanner.ingovernment.job.inhttp://pradhamsshikshsyojana.com തുടങ്ങിയ വ്യാജവൈബ്‌സൈറ്റുകള്‍ വഴിയാണ് അത്തരം പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചതായി പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രതപാലിക്കണം.  വ്യാജപ്രചരണങ്ങള്‍ വ്യാപിച്ചതോടെ ജില്ലയിലെ അക്ഷയകേന്ദ്രങ്ങളില്‍ ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകരുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. അക്ഷയയിലൂടെ നല്‍കുന്ന ആനുകൂല്യങ്ങളുടെ മുഴുവന്‍ വിവരങ്ങളും അക്ഷയയുടെ സംസ്ഥാന ഓഫീസ്, ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിക്കും. ജില്ലയിലെ  എല്ലാ അക്ഷയ കേന്ദ്രങ്ങള്‍ക്കും വ്യാജപ്രചരണങ്ങള്‍ സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.

Comments are closed.