1470-490

ആതിരപ്പള്ളി പദ്ധതിയുമായി സർക്കാർ രംഗത്ത് വന്നതിനെതിരെ പ്രതിഷേധം.

മാളഃ (തൃശ്ശൂർ) നിയമസഭയിൽ നൽകിയ ഉറപ്പിന് വിരുദ്ധമായി ആതിരപ്പള്ളി പദ്ധതിയുമായി വീണ്ടും സർക്കാർ രംഗത്ത് വന്നതിനെതിരെ പ്രതിഷേധം. 2018 മാർച്ച് 19 ന് സംസ്ഥാന നിയമസഭയിൽ സഭയിലെ അംഗങ്ങളോടും സംസ്ഥാനത്തെ ജനങ്ങളോടും വൈദ്യുതി വകുപ്പുമന്ത്രി എം എം മണി ആതിരപ്പള്ളി പദ്ധതിയുമായി സർക്കാർ ഇനി മുന്നോട്ട് പോകുന്നില്ലയെന്ന് ഉറപ്പ് നൽകിയത് വകവെക്കാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോകാനായി സർക്കാരിൻ്റെ പച്ചക്കൊടി കിട്ടിയത്. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിൻ്റെ തലേദിവസമാണ് പ്രകൃതിയെ ഒരുപാട് നശിപ്പിക്കുന്ന പദ്ധതിട്ട് എൻ ഒ സി സർക്കാർ കൊടുത്തത്. കഴിഞ്ഞ 41 വർഷമായി ആതിരപ്പള്ളി പദ്ധതിയെ വിടാതെ പിന്തുടരുകയാണ് ഇതുവരെയുള്ള സർക്കാരുകളെല്ലാം. ചർച്ചകൾ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് വൈദ്യുതി ബോര്‍ഡ് സര്‍വ്വെ നടത്തിയ ജലവൈദ്യുതി പദ്ധതിയാണ് ആതിരപ്പള്ളി. വാഴച്ചാൽ വെള്ളചാട്ടത്തിന്‌ 400 മീറ്റർ മുകളിലായി ഒരു ഡാം പണിത്‌ വെള്ളം സംഭരിച്ച്‌ രണ്ട്‌ രീതിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയാണിത്. ഡാമിന്‌ തൊട്ടുതാഴെ പവർ പ്ലാന്റിൽ വൈദ്യുതി ഉൽപാദിപിച്ച്‌ അതിരപ്പിള്ളി വെള്ളചാട്ടത്തിലേക്ക്‌ ജലം ഒഴുക്കും, ടണൽ വഴി കൊണ്ടുവന്ന് മറ്റൊരു സ്ഥലത്ത്‌ വൈദ്യുതി ഉൽപാദിപിച്ച് തിരികെ ചാലക്കുടി പുഴയിലേക്ക്‌ തന്നെ ജലം ഒഴുക്കുന്നു. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറു മണിവരെ വെള്ളച്ചാട്ടം നിലനിര്‍ത്തുകയും രാത്രിയില്‍ വൈദ്യുതി ഉത്പ്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ വിജയകരമായ സാധ്യതയെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവരിലുള്ള അഭിപ്രായം.163 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിന് 26.2 ഹെക്ടര്‍ വനഭൂമി മാത്രമെ ജലത്തിനടിയിലാവുന്നുള്ളു എന്നാണ് ഈ പദ്ധതിയുമായി രംഗത്തുള്ളളവർ വാദിക്കുന്നത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 1997 മാര്‍ച്ച് ആദ്യ വാരം കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് പ്രാരംഭ അനുമതി നല്‍കി. വൈദ്യുതി വകുപ്പിന് പാരിസ്ഥിതികാനുമതി ലഭിച്ച ആദ്യ പദ്ധതിയായിരുന്നു ഇത്. അന്ന് വൈദ്യുതി മന്ത്രി, ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനായിരുന്നു. പദ്ധതി എങ്ങിനേയും നടപ്പാക്കുകയെന്ന ലക്ഷ്യവുമായി പതിറ്റാണ്ടുകളായി നിലകൊള്ളുന്ന കെ എസ് ഇ ബി ക്ക് പിന്നാലെ സര്‍ക്കാരും വീണ്ടും പിടിവാശിയില്‍ തന്നെയാണ്. സര്‍ക്കാരിനും കെ എസ് ഇ ബിക്കും കനത്ത ബാദ്ധ്യത വരുത്തി വെക്കുന്നതിന് പുറമേ തിരിച്ചു കിട്ടാനാകാത്തതും വിലമതിക്കാനാകാത്തതുമായ ജൈവസമ്പത്തിന്‍റെ നാശം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ പരിസ്ഥിതിക്കും മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്കും സൃഷ്ടിക്കും ഈ പദ്ധതിയെന്ന തിരിച്ചറിവ് വകുപ്പിന് തന്നെ അറിയാമായിരുന്നിട്ടും ദുര്‍വ്വാശി ജയിപ്പിക്കാനുള്ള നീക്കമാണുള്ളത്. ഇതിന് ചൂട്ടുപിടിക്കുന്ന ശക്തമായ സമീപനമാണ് വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും വരെയുള്ളത്. സമൂഹത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും പ്രത്യേകിച്ച് സര്‍ക്കാരിലെ രണ്ടാം കക്ഷിയായ സി പി എെയുടെ ശക്തമായ എതിര്‍പ്പിനെ പോലും അവഗണിച്ചാണ് വിവാദ വ്യക്തിത്വമായ വകുപ്പ് മന്ത്രി പദ്ധതിയുടെ നടപടികള്‍ മുന്നോട്ട് കൊണ്ടു പോകുന്നത്. കേരളത്തിന്‍റെ വൈദ്യുതാവശ്യത്തിനായി ആശ്രയിക്കാവുന്ന ഏക പദ്ധതിയാണിതെന്നും വേറെയൊരു പദ്ധതിയെക്കുറിച്ച് ആലോചിക്കാന്‍ പോലുമാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. 104 ഹെക്ടര്‍ വനഭൂമി വെള്ളത്തില്‍ മുങ്ങുന്ന സ്ഥാനത്ത് ജനങ്ങളെയും സര്‍ക്കാരിനേയും കെ എസ് ഇ ബി തെറ്റിദ്ധരിപ്പിക്കുകയാണ് കാലങ്ങളായി. നൂറോളം ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരുന്ന സ്ഥാനത്താണ് ഒരു ആദിവാസിയെ പോലും കുടിയൊഴിപ്പിക്കേണ്ടി വരില്ലെന്ന വിചിത്ര വാദവും കെ എസ് ഇ ബിയുടെ ഭാഗത്ത് നിന്നുമുള്ളത്. നിലവില്‍ വെള്ളച്ചാട്ടത്തിലൂടെ എത്തുന്ന ജലത്തിന്‍റെ 22 ശതമാനം മാത്രം വെള്ളമെത്തുന്ന സ്ഥാനത്ത് വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിത മായില്ലെന്ന വിചിത്ര വാദവും കെ എസ് ഇ ബിക്കുണ്ട്. പരിസ്ഥിതിക്ക് വളരെയേറെ കോട്ടം തട്ടിക്കുന്നതും നാമമാത്രമായ വൈദ്യുതി മാത്രം ലഭ്യമാവുന്നതുമായ ആതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനുള്ള വെറും ദുര്‍വ്വാശി മാത്രമാണ് കെ എസ് ഇ ബി യിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരിലും ജീവനക്കാരിലുമുള്ളത്. ഈ ദുര്‍വ്വാശിക്ക് അതാത് കാലത്തെ സര്‍ക്കാരുകള്‍ കുട ചൂടുന്നുമുണ്ട്. പദ്ധതിക്ക് നേരെ ഉയരുന്ന പ്രതിഷേധങ്ങളെ വെല്ലുവിളിച്ചും പാരിസ്ഥിതിക ആഘാതത്തെ അവഗണിച്ചും നീങ്ങുന്ന കെ എസ് ഇ ബി ക്ക് സംസ്ഥാന നിയമസഭയില്‍ ഊര്‍ജ്ജം പകരുന്ന നടപടികളാണ് വകുപ്പുമന്ത്രിയായ എം എം മണിയുടേയും മുഖ്യമന്ത്രിയുമടക്കമുള്ളവരില്‍ നിന്നും നിരന്തരമായുണ്ടാകുന്നത്. 164.5 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദദിപ്പിക്കാനായി 1500 കോടി രൂപയിലധികം വേണ്ടി വരുമെന്നാണ് ധനകാര്യ വകുപ്പിന്‍റെ കണക്ക്. പീക്ക് അവര്‍ സ്റ്റേഷനായാണ് കെ എസ് ഇ ബി ആതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയെ പ്രധാനമായും കാണുന്നത്. 163 മെഗാവാട്ടിന്‍റെ പ്രധാന പവര്‍ സ്റ്റേഷനും മറ്റൊരു 1.5 മെഗാവാട്ടിന്‍റെ പവര്‍ സ്റ്റേഷനുമാണ് സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നത്. ഒന്ന് വാഴച്ചാലിന് താഴെയും മറ്റൊന്ന് ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും രണ്ട് കിലോമീറ്റര്‍ താഴെയുമാണ് സ്ഥാപിക്കുക. ഇതിലേക്ക് ഡാമില്‍ നിന്നും ടണലിലൂടെയാണ് വെള്ളമെത്തിക്കുക. 1.5 മെഗാവാട്ടിന്‍റേത് മുഴുവന്‍ സമയവും 163 മെഗാവാട്ടിന്‍റേത് പീക്ക് അവര്‍ സമയത്തുമാണ് പ്രവര്‍ത്തിപ്പിക്കുക. അതിനുവേണ്ടി ഒട്ടനേകം ജൈവ സമ്പത്തിനെയാണ് ഇല്ലായ്മ ചെയ്യുന്നത്. അത് കൂടാതെ കുറഞ്ഞത് അഞ്ച് നിയോജക മണ്ഡലങ്ങളിലെ കുടിവെള്ളത്തേയും കാര്‍ഷീക രംഗത്തേയും വളരെ പ്രതികൂലമായി ബാധിക്കും. സൗരോര്‍ജ്ജമടക്കം ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഏറെ ഉള്ളപ്പോഴാണ് ജനസംഖ്യയില്‍ 95 ശതമാനത്തിലേറെയും എതിര്‍ക്കുന്ന പദ്ധതി നടപ്പാക്കാന്‍ കെ എസ് ഇ ബി ദുര്‍വാശി പിടിക്കുന്നത്. ചാലക്കുടിപ്പുഴയുമായി ബദ്ധപ്പെട്ട് വൈന്തലയടക്കം 30 കുടിവെള്ള പദ്ധതികളും തുമ്പൂര്‍മൂഴിയടക്കം 48 സര്‍ക്കാര്‍ ജലസേജന പദ്ധതികളും 650 ഒാളം സ്വകാര്യ ജലസേജന പദ്ധതികളും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പുതുതായി നടപ്പാക്കിയ മാള മള്‍ട്ടി ജി പി കുടിവെള്ള പദ്ധതിയും പ്രധാനമായും ആശ്രയിക്കുന്നത് ചാലക്കുടിപ്പുഴയെയാണ്. പുതുതായി നടപ്പാക്കി വരുന്ന കൊടുങ്ങല്ലൂര്‍, മേത്തല, എറിയാട്, എടവിലങ്ങ് പദ്ധതികളും ഈ പുഴയെയാണ് ആശ്രയിക്കുന്നത്. വൈദ്യുത പദ്ധതി പ്രാവര്‍ത്തികമായാല്‍ കൊടുങ്ങല്ലൂര്‍, ചാലക്കുടി, കളമശ്ശേരി, പറവൂര്‍, അങ്കമാലി നിയോജക മണ്ഡലങ്ങളെക്കൂടാതെ മറ്റു നിരവധി മേഖലകളേയും വളരെ പ്രതികൂലമായി ബാധിക്കും. ഇവയെ പ്രതികൂലമായി ബാധിക്കുന്നത് കൂടാതെ പുഴ പലയിടങ്ങളിലും വറ്റിവരളും. ഏറ്റിറക്കങ്ങള്‍ അട്ടിമറിക്കപ്പെടുന്നതോടെ മത്സ്യ സമ്പത്തിന് അനുയോജ്യമല്ലാത്ത ശീതങ്കനെന്ന ദുഷിച്ച ജലം നിറഞ്ഞ് പുഴ നശിക്കും. ഈ വസ്തുതകളെല്ലാം വിസ്മരിച്ചാണ് നാടിനേയും നാട്ടാരേയും വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാന്‍ കെ എസ് ഇ ബി മുന്നോട്ട് പോകുന്നത്. 61 വര്‍ഷത്തോളം മുന്‍പാണ് പദ്ധതിക്കായുള്ള ആലോചന തുടങ്ങിയത്.1982 ല്‍ പദ്ധതിയുമായി കെ എസ് ഇ ബി രംഗത്തിറങ്ങി. അന്ന് മുതല്‍ വന്‍ പ്രതിഷേധമാണ് പദ്ധതിക്ക് എതിരെ ഉയരുന്നത്. 203 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള ഡാമാണ് ലക്ഷ്യം. ഇതിനിടയില്‍ നാലുവട്ടം പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു. 2007 ല്‍ ലഭിച്ച അനുമതിക്ക് ശേഷം 2010 ല്‍ പരാതിയെ തുടര്‍ന്ന് കെ എസ് ഇ ബിയോട് കേന്ദ്ര മന്ത്രാലയം വിശദീകരണം ചോദിച്ചിരുന്നു. ആ നടപടി ഒഴിവാക്കണമെന്നും വീണ്ടും അനുമതി തരണമെന്നുമാണ് കെ എസ് ഇ ബി ആവശ്യപ്പെട്ടിരുന്നത്. 2015 ജൂലൈയില്‍ കേന്ദ്ര ജല കമ്മീഷന്‍റെ പച്ചക്കൊടിയും ലഭിച്ചിരുന്നു 4.25 ക്യൂബിക്ക് മീറ്റര്‍ ജലമാണ് ഡാമിനാവശ്യമെന്നും പുഴയില്‍ 7.65(7650 ലിറ്റര്‍ ജലം) ക്യൂബിക്ക് മീറ്റര്‍ ജലം ഉണ്ടെന്നുമായിരുന്നു അവരുടെ റിപ്പോര്‍ട്ട്. 1100 ദശലക്ഷം ഘനമീറ്റര്‍ ജലം വെള്ളച്ചാട്ടത്തിലൂടെ താഴേക്കെത്തുന്നുവെന്നാണ് കെ എസ് ഇ ബിയുടെ കണക്ക്. ഇതിന്‍റെ 22 ശതമാനമായ 241 ഘനമീറ്റര്‍ ജലം വെള്ളച്ചാട്ടത്തിലേക്ക് വിടുമെന്നും അവര്‍ പറയുന്നു. എന്നാല്‍ വേനലില്‍ വളരെ ശോഷിച്ച പുഴയായി ചാലക്കുടിപ്പുഴ മാറിയിട്ട് കാലങ്ങളായി. നിലവില്‍ തന്നെ പുഴയിലേക്ക് ഉപ്പുവെള്ളം കയറിയതിന്‍റെ ദുരിതം അനുഭവിക്കുന്നത് പതിനായിരക്കണക്കിനാളുകളാണ്. ഹെക്റ്ററുകണക്കിന് സ്ഥലത്തെ കാര്‍ഷീക വിളകള്‍ ഉപ്പുവെള്ളത്താല്‍ നശിക്കുന്നതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്. 2018 ആഗസ്റ്റ് മദ്ധ്യത്തോടെയുണ്ടായ മഹാപ്രളയത്തെ തുടർന്ന് അപായകരമാം വിധത്തിൽ പുഴയിലെ ജലവിധാനം താഴ്ന്നിരുന്നു. വേനല്‍ കടുക്കുന്നതിന് മുന്‍പേതന്നെ പുഴക്കരികിലുള്ള ജനങ്ങളടക്കം കുടിനീരിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഒാരോ വര്‍ഷവും ഉണ്ടാകുന്നത്. ഏതാനും വര്‍ഷങ്ങളായി പുഴക്കരികിലെ കിണറുകളില്‍ പോലും വേനലില്‍ ജലം ലഭ്യമാകുന്നില്ല. ലഭിക്കുന്ന ജലമാണെങ്കില്‍ നിറം മങ്ങി ഉപയോഗക്ഷമമല്ലാത്തതും. പദ്ധതി പ്രാവര്‍ത്തികമായാല്‍ വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിത നഷ്ടമായി ടൂറിസത്തേയും പ്രതികൂലമായി ബാധിക്കും. ഇടുക്കിയിലെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍, പത്തനംതിട്ടയിലെ പെരുന്തേനരുവി, കോഴിക്കോടെ ചാത്തന്‍കോട്ട് തുടങ്ങിയ 25 ഒാളം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ പല കാരണങ്ങളാല്‍ പാതി വഴിയില്‍ നിലച്ചിരിക്കയാണ്. സോളാറില്‍ നിന്നും യൂണിറ്റിന് മൂന്നു മുതല്‍ നാല് രൂപ വരെയുള്ള വിലക്ക് വൈദ്യുതി ഉല്പാദിപ്പിക്കാം. കാറ്റില്‍ നിന്നും നാലു രൂപയോളം ചിലവില്‍ വൈദ്യുതി ഉല്പാദിപ്പിക്കാം. അതേസമയം ആതിരപ്പിള്ളിയില്‍ നിന്നുമുള്ള വൈദ്യുതിക്ക് 15 രൂപയോളം ചെലവ് വരും. കായംകുളം താപവൈദ്യുത നിലയവുമായുള്ള ദീര്‍ഘകാല കരാറാണ് കെ എസ് ഇ ബിയെ ബാദ്ധ്യതയിലാക്കുന്ന പ്രധാന ഘടകം. അതേപോലെ മറ്റൊരു ബാദ്ധ്യതയാകുന്ന പദ്ധതിക്കു വേണ്ടിയാണ് പതിവില്ലാത്ത തരത്തില്‍ ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി കെ എസ് ഇ ബിയും സർക്കാരും മുന്നോട്ട് പോകുന്നത്. കെ എസ് ഇ ബിയുടെ ദുര്‍വാശി അവസാനിപ്പിക്കണമെന്നാണ് ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയടക്കം പരിസ്ഥിതി സ്‌നേഹികളും പൊതു ജനം ഒന്നാകെയും ആവശ്യപ്പെടുന്നത്. പദ്ധതി നടപ്പാകില്ലെന്ന ഉറച്ച വിശ്വാസമാണ് തങ്ങൾക്കുള്ളതെന്ന് ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയുടെ എസ് പി രവി പ്രതികരിക്കുന്നത്.

Comments are closed.