1470-490

യശോദയുടെയും കണ്ണന്റെയും വേഷ പകർച്ചയോടെ ചുവടുകൾ വെച്ച് ഐശ്വര്യലക്ഷ്മി

യശോദയുടെയും കണ്ണന്റെയും വേഷ പകർച്ചയോടെ ചുവടുകൾ വെച്ച വിദ്യാർത്ഥിനിയുടെ നൃത്തം സമൂഹ മാധ്യമങ്ങളിൽ  വൈറലായി. ഐശ്വര്യലക്ഷ്മി എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നൃത്തമാണ് സമൂഹ മാധമ്യങ്ങൾ ഏറ്റെടുത്തത്. കൂനംമൂച്ചിയിൽ താമസിക്കുന്ന നമ്പഴിക്കാട് വെള്ളാമാക്കൽ ഷാജി – സിജി ദമ്പതികളുടെ മകളാണ് ചൂണ്ടൽ ഡിപോൾ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരാം വിദ്യാർത്ഥിനിയായ ഐശ്വര്യലക്ഷ്മി നാലാം വയസ്സ് മുതൽ നൃത്തം അഭ്യസിച്ച് വരികയാണ്. സ്കൂൾ കലോത്സവങ്ങളിൽ നിറ സാന്നിധ്യമായ ഐശ്വര്യലക്ഷ്മി ഭരതനാട്യം, മോഹനിയാട്ടം, കുച്ചുപ്പുടി, കേരള നടനം, നാടോടിനൃത്തം എന്നിവയിൽ തന്റെ കഴിവ് തെളിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. കൂനംമൂച്ചിയിൽ നൃത്തവിദ്യാലയം നടത്തുന്ന മാതാവ് സിജിയുടെ പരിശീലനത്തിനൊപ്പം അമ്മമ്മ അംബികയുടെ പ്രോത്സാഹനവുമാണ് നൃത്ത രംഗത്ത് ഐശ്വര്യലക്ഷ്മിക്ക് കരുത്തേകുന്നത്. മാട് മേയ്ക്കും കണ്ണേ എന്ന ഗാനത്തിനൊപ്പമാണ് യശോദയുടെയും, കണ്ണന്റെയും വേഷവിധാനത്തോടെ ഐശ്വര്യലക്ഷ്മി ചുവടുകൾ വെച്ചത്. സ്വന്തമായി ചിട്ടപ്പെടുത്തിയ ചുവടുകളോടെയുള്ള നൃത്തം ക്യാമറയിൽ പകർത്തിയത് സമീപവാസിയായ ഷിബു ക്ലിക്ക് ആർട്സും, എഡിറ്റിങ്ങ് നിർവ്വഹിച്ചത് രച്ചു രഞ്ജിത്തുമാണ്. ബ്യൂട്ടിഷൻ കൂടിയായ അമ്മ സിജിയുടെ മേക്കപ്പ് കൂടിയായതോടെ ഐശ്വര്യലക്ഷ്മി, യശോദയും, കണ്ണനുമായി മാറുകയായിരുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണിലായതോടെയാണ് ഐശ്വര്യലക്ഷ്മി, നൃത്തത്തിൽ പുതിയ പരീക്ഷണങ്ങൾക്കിറങ്ങിയത്. മാതാവിനും, മാതൃസഹോദരിക്കുമൊപ്പം ആരോഗ്യ പ്രവർത്തക്ക് ആദരമർപ്പിച്ചുള്ള ഐശ്വര്യയുടെ നൃത്തവും വൈറലായിരുന്നു. ഐശ്വര്യലക്ഷമിയുടെ സഹോദരൻ അഭിനന്ദും കലാ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ്. നൃത്ത രംഗത്തും, ചെണ്ടവാദ്യരംഗത്ത് ഇതിനകം കഴിവ് തെളിച്ച കലാകാരനാണ് അഭിനന്ദ്. ഐശ്വര്യലക്ഷ്മിയുടെ നൃത്തത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതു വരെ കണ്ടത് അറുപതിനായിരത്തിനടുത്ത് ആളുകളാണ്. 7000 ത്തോളം ലൈക്കും, ആയിരത്തിനടുത്ത് ഷെയറും ഈ വീഡിയോയ്ക്ക് ലഭിച്ചത് കേവലം നാല് ദിവസം കൊണ്ടാണ്.നൃത്തത്തിന് പുറമെ വയലിനിലും തന്റെ കലാസപര്യ തുടരുന്ന ഐശ്വര്യലക്ഷ്മി, കല രംഗത്തെ പുത്തൻ പ്രതീക്ഷയാണ്.

Comments are closed.