1470-490

ക്ഷേത്ര ദർശനത്തിന് തണുപ്പൻ പ്രതികരണം

ക്ഷേത്ര ദർശനത്തിന് തണുപ്പൻ പ്രതികരണം;
ആദ്യ ദിനത്തിൽ ദർശനം നടത്തിയത് 88 പേർമാത്രം

ഗുരുവായൂർ: ലോക്ഡൗണിന് ശേഷം ഗുരുവായൂർ ക്ഷേത്ര ഗോപുരം ഭക്തർക്ക് ദർശനത്തിനായി തുറന്നപ്പോൾ ഭക്തജന സാന്നിധ്യം കുറവ്. 88 പേരാണ് ആദ്യ ദിനത്തിൽ ക്ഷേത്രദർശനം നടത്തിയത്. രാവിലെ 9.30 മുതലായിരുന്നു ഭക്തരെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിപ്പിച്ച് തുടങ്ങിയത്. ആദ്യ രണ്ട് മണിക്കൂറിൽ 75 ഓളം ഭക്തർ ദർശനം നടത്തി. പിന്നീടുള്ള രണ്ട് മണിക്കൂറിൽ 13 ഭക്തരാണ് ദർശനത്തിനായി എത്തിയത്.
ദർശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്തവരിൽ 300 പേർക്കാണ് ദർശനത്തിനുള്ള ടോക്കൺ അനുവദിച്ചിരുന്നത്. തൃശൂർ വെള്ളാനിക്കര സ്വദേശി സദാനന്ദനാണ് ആദ്യം ദർശനത്തിനായി ക്ഷേത്രത്തിലേയ്ക്ക് പ്രവേശിച്ചത്. രാവിലെ 9ന് ശേഷം ദർശനത്തിനായുള്ള ടോക്കണുമായി വരുന്നവർക്ക് മാത്രമേ കിഴക്കേനടയിലെ സത്രം ഗേറ്റിൽ നിന്നും ക്ഷേത്ര പരിസരത്തേയ്ക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളു. സത്രം ഗേറ്റിൽ സുരക്ഷാ ജീവനക്കാരൻ ടോക്കൺ പരിശോധിച്ച ശേഷമാണ് ഭക്തരെ ക്ഷേത്രത്തിന് സമീപത്തേയ്ക്ക് കടത്തിവിട്ടിരുന്നത്. കിഴക്കേ നടയിൽ കല്യാണ മണ്ഡപത്തിന് സമീപത്തുള്ള കൗണ്ടറിൽ ടോക്കൺ കാണിച്ച് ഉദ്യോഗസ്ഥർ പരിശോധിച്ച് ആരോഗ്യ വിഭാഗത്തിന്റെ തെർമൽ സ്‌കാനർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കും ശേഷമാണ് ക്യൂ കോംപ്ലക്‌സിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിച്ചിരുന്നത്.
കിഴക്കേനടയിലെ സത്രം ഗേറ്റ് മുതൽ ദർശനം കഴിഞ്ഞ് പുറത്തിറങ്ങുന്നതുവരെയുള്ള ഭാഗങ്ങളിൽ ദർശനത്തിനെത്തുന്നവർക്ക് നിൽക്കുന്നതിനായുള്ള സ്ഥാനം വൃത്തം വരച്ച് അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. 25 ഓളം പേരെ മാത്രമാണ് ഒരേ സമയം ക്യൂ കോംപ്ലക്‌സിൽ പ്രവേശിപ്പിച്ചിരുന്നത്. ഇവർ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിച്ചു കഴിഞ്ഞ ശേഷം ക്യൂ കോംപ്ലക്‌സും പരിസരവും അണുവിമുക്തമാക്കിയ ശേഷമാണ് അടുത്ത ഭക്തരെ പ്രവേശിപ്പിച്ചത്.
ക്ഷേത്രത്തിലേയ്ക്ക് പ്രവേശിച്ച് ദർശനം നടത്തിയ ഭക്തരെ ക്ഷേത്രത്തിന് വടക്കു ഭാഗത്തെ ഭഗവതി ക്ഷേത്രം വഴിയാണ് പുറത്തേയ്ക്ക് അയച്ചിരുന്നത്. ആദ്യദിനത്തിൽ ക്ഷേത്രത്തിൽ ദർശനം നടത്തിയവരിൽ ഏറെയും തൃശൂർ, പാലക്കാട്, എറണാക്കുളം ജില്ലകളിൽ നിന്നുള്ളവരായിരുന്നു. ദേവസ്വം ചെയർമാൻ അഡ്വ.കെബി.മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ രാവിലെ തന്നെ ക്ഷേത്ര സന്നിധിയിലെത്തി ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253