1470-490

ഗുരുവായൂരിലെ വിവാഹങ്ങള്‍ക്ക് ഫോട്ടോയെടുക്കാനുള്ള അവകാശം…

ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് ഫോട്ടോയെടുക്കാനുള്ള അവകാശം ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം കുത്തകയായി നല്‍കുന്ന നടപടിയില്‍ നിന്ന് ദേവസ്വവും ഭരണകൂടവും പിന്‍മാറണമെന്ന് ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ സാങ്കേതിക സംവിധാനങ്ങളൊരുക്കി കടബാധ്യതയായി നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ കൊവിഡ് കാലത്ത് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. അതിനിടയില്‍ അപൂര്‍വ്വമായി ലഭിക്കുന്ന വരുമാനമാണ് ലളിതമായി നടക്കുന്ന ഈ വിവാഹങ്ങളും മറ്റു ചടങ്ങുകളും. ക്ഷേത്രത്തില്‍ വരുന്ന വിവാഹപാര്‍ട്ടിക്കാര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫര്‍മാരുടെ സേവനം സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഇത് മൂലം ഫോട്ടോഗ്രാഫിയുടെ അനുബന്ധ മേഖലയായ ആല്‍ബം നിര്‍മ്മാണത്തിലൂടെയുള്ള വരുമാനവും നഷ്ടമാവുന്നു. ദിനം പ്രതി 600ഓളം പേര്‍ ദര്‍ശനം നടത്തുകയും വിവാഹങ്ങള്‍ നടക്കുകയും ചെയ്യുന്ന ഇവിടെ വിവാഹപാര്‍ട്ടിക്കാരുടെ കൂടെവരുന്ന രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ മാത്രം കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന വാദത്തിലെ ശാസ്ത്രീയത മനസിലാകുന്നില്ലെന്നും എല്ലാവര്‍ക്കും തൊഴില്‍ വിഹിതം ലഭിക്കും വിധം ക്രമീകരണം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ഭാരവാഹികള്‍ പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഗിരീഷ് പട്ടാമ്പി, ജനറല്‍ സെക്രട്ടറി അജീഷ് കെ എ, ജില്ലാ സെക്രട്ടറി കെ കെ മധുസൂദനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098