1470-490

വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജിനെതിരെ രക്ഷിതാക്കൾ

മലപ്പുറം: വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളജില്‍ നിന്നും 13 വിദ്യാര്‍ഥികളെ പുറത്താക്കി. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങി രക്ഷിതാക്കള്‍. ആര്‍ട്‌സിന്റെ ഭാഗമായുള്ള കോല്‍ക്കളി പരിശീലനത്തിന് കോളജിന്റെ ഗേറ്റ് ചാടി കടന്നു എന്ന നിസ്സാര സംഭവത്തിന്റെ പേരിലാണ് വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാവുന്ന തരത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ നടപടിയെടുത്തതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

ലോക്ക് ഡൗണിന് മുന്‍പ് ഫെബ്രുവരിയിലാണ് ആദ്യമായി വിദ്യാര്‍ഥികള്‍ക്കെതിരേ പ്രിന്‍സിപ്പല്‍ നടപടിയെടുത്തത്.

സംഭവത്തെ കുറിച്ച് രക്ഷിതാക്കള്‍ പറയുന്നത് ഇങ്ങനെ: ശിവരാത്രി ദിനത്തില്‍ കോളജ് അവധി ആയതിനാല്‍ കോല്‍ക്കളി പരിശീലനത്തിന് കോളജില്‍ എത്തുമെന്ന് വിദ്യാര്‍ഥികള്‍ അധ്യാപകനെ അറിയിച്ചിരുന്നു. കോളജ് പ്യൂണിന്റെ കയ്യില്‍ കോളജ് ഗേറ്റിന്റെ താക്കോല്‍ ഉണ്ടാകുമെന്നും അത് വാങ്ങി കോളജില്‍ പരിശീലനം നടത്താനും അധ്യാപകന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വിദ്യാര്‍ഥികള്‍ എത്തിയപ്പോള്‍ പ്യൂണ്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഉച്ചവരെ കോളജിന് പുറത്ത് കാത്ത് നിന്ന വിദ്യാര്‍ഥികള്‍ ഉച്ചക്ക് ശേഷം കോളജ് ഗേറ്റ് ചാടി അകത്തു കടന്ന് കോല്‍കളി പരിശീലനം നടത്തി മടങ്ങിപ്പോയി. ഈ സംഭവത്തിന്റെ പേരിലാണ് വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്തത്.

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 15 വരേ 20 ദിവസം കോളജില്‍ നിന്നും സസ്‌പെന്റ് ചെയ്തു എന്ന അറിയിപ്പാണ് രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. ഇതോടെ സംഭവത്തില്‍ ക്ഷമ ചോദിക്കാമെന്നും വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും അഭ്യര്‍ത്ഥിച്ച് രക്ഷിതാക്കള്‍ കോളജ് അധികൃതരെ ബന്ധപ്പെട്ടു. മാര്‍ച്ച് അഞ്ചിന് മാനേജ്‌മെന്റ് യോഗം വിളിച്ചിട്ടുണ്ടെന്നും അതിന് ശേഷം തീരുമാനം അറിയിക്കാമെന്നും കോളജ് അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു. എന്നാല്‍, പിന്നീട് തീരുമാനം ഒന്നും അറിയിച്ചില്ലെന്നും മാര്‍ച്ച് 16ന് വിദ്യാര്‍ഥികളെ കോളജില്‍ നിന്നും പുറത്താക്കിയുള്ള നോട്ടിസാണ് ലഭിച്ചതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ലോക്ക് ഡൗണും മറ്റു നിയന്ത്രണങ്ങളും കാരണം കോളജുമായി ബന്ധപ്പെടാന്‍ പിന്നീട് സാധിച്ചില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലെ കണ്ട് സംസാരിക്കാന്‍ കോളജില്‍ എത്തിയിരുന്നു. എന്നാല്‍, സംസാരിക്കാന്‍ തയ്യാറാവാതെ പ്രിന്‍സിപ്പല്‍ പുറത്താക്കുകയായിരുന്നു വെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടായ തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും നിസ്സാര സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കിയിരിക്കുകയാണ്. ഇതിനെതിരേ കോളജ് അധികൃതര്‍ക്കും പ്രിന്‍സിപ്പല്‍ക്കും എതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253