1470-490

കൊടുങ്ങല്ലൂർ താലൂക്കാശുപത്രി കോവിഡ് ആശുപത്രിയാക്കുന്നു


കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്നു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. രണ്ടുമൂന്നു ദിവസത്തിനകം കോവിഡ് ആശുപത്രി പ്രവർത്തനസജ്ജമാകുമെന്ന് നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ പറഞ്ഞു. താലൂക്ക് ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള വാർഡുകളാണ് കോവിഡ് രോഗികളെ ചികിത്സിക്കാൻ സജ്ജമാക്കിയിരിക്കുന്നത്. 70 പേരെ ഒരേസമയം ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി കോട്ടപ്പുറം മെഡികെയർ ആശുപത്രിയിലേക്ക് മാറ്റും. ഗൈനക്കോളജി, ഐ പി, കിടത്തി ചികിത്സ, പ്രസവ വിഭാഗം എന്നിവ മെഡികെയറിലായിരുക്കും പ്രവർത്തിക്കുക. ജനറൽ ഒ പി, ഡയാലിസിസ് എന്നിവ താലൂക്കാശുപത്രിയിൽ തുടരും. പോസ്റ്റ്‌മോർട്ടം ചെയ്യുന്ന സ്ഥലത്തേക്കുള്ള പ്രവേശന കവാടവും കോവിഡ് സെന്ററിലേക്കുള്ള പ്രവേശന കവാടവും പടിഞ്ഞാറ് ഭാഗത്ത് കൂടെയാക്കും. ഈ ഭാഗത്തേക്കുള്ള പ്രവേശനം അടച്ചുകെട്ടും.യോഗത്തിൽ വി ആർ സുനിൽകുമാർ എംഎൽഎ, കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ടിവി റോഷ്, ഡോ പി എ സെയ്ത് മുഹമ്മദ്, ഡോ നാസർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996