1470-490

താങ്കള്‍ ബെവ്ക്യൂവിലാണ്‌ വീണ്ടും ശ്രമിക്കുക…

അജയ് മേനോന്‍

“ടാ മണ്ടകണേശാ നീയാ സിമ്മിന്റെ പെട്ടി എബട്യാ വെച്ചിക്കണെ, കസ്റ്റമറ് വന്ന് നിക്കാന്തൊടങ്ങീട്ട് മണിക്കൂറ് രണ്ടായി , പണ്ടാറം”
“മൊയ്ലാളീ അത് ചേച്ചി ന്നലെ വന്ന് നല്ല നമ്പറ് നോക്കണംന്ന് പറഞ്ഞ് വീട്ടികൊണ്ടോയീലേ”
“ഹൂ പണ്ടാരടങ്ങാനായിറ്റ് അവള്ട ഒരു നമ്പർ രാത്രി മുഴോനും ഫോണും കുത്തിപ്പിടിച്ച് ഇരിപ്പാ , ഇപ്പ ഞാനീയാളോട് എന്താ പറയാ , പോടാ പോയി അത് എട്ത്ത്ട്ട് ബാ, ഇപ്പത്തന്നെ”
കുഞ്ഞൂഞ്ഞ് അത് കേട്ട്, ഇതിനു ഞാനെന്ത് പെഴച്ചപ്പനേന്നും പിറുപിറുത്തോണ്ട് മൊയ്ലാളീടെ വീട്ടിലേക്ക് വെച്ച് പിടിച്ചു.
“സാര്‍ ഒരഞ്ചു മിനിട്ട്,സിമ്മ് ഇപ്പ ത്തരാം “ മൊയ്ലാളി തലചൊറിഞ്ഞു.
“ഒരുപാട് നിക്കാമ്പറ്റില്ല, നിക്ക് ഏഴു മണിക്ക് മുമ്പ് കിട്ടണം, ന്താ പറ്റ്വൊ”
സമയ് ആറര പി എം. അഞ്ച് മണിക്ക് കടകള്‍ അടച്ചില്ലങ്കി കോവിഡന്‍ കയറി വരും. ഇല്ലങ്കി പോലീസ് വരും. രണ്ടായാലും പണികിട്ടും. പിന്നെ ഇതിലേ ചുറ്റിനടക്കണ പോലീസിന് അല്ലറ ചില്ലറ റീച്ചാര്ജ്ജ് കൊടുക്കണോണ്ട് പിടിച്ചു നില്ക്കുലന്നു. പക്ഷെ പുതിയ എസ് ഐ ഏമാന്‍ കണിശക്കാരനാ. കൂമ്പിനിട്ട് ഇടിച്ചുകളയും. ഇത്തവണ എസ് ഐ സെലക്ഷന്‍ കിട്ടി വന്ന ചെറുപ്പക്കാരനാ. സത്യ സന്ധന്‍. കുഞ്ഞുകുട്ടി കെട്ടിയവള്‍ പരാധീനം നഹി ഹൈ. അതോണ്ട് സംതിംഗ് നടക്കൂല മ്യോനെ.
“തരാം സര്‍, ഇപ്പ ശരിയാക്കിത്തരാം” മൊയ്ലാളി വിദൂരത്ത് കണ്ണും നട്ട് നനച്ച് പനിച്ച് ഇരിപ്പായി.
അതിനിടയില്‍ കസ്റ്റമര്‍ അപ്പുറത്ത് വച്ചിരുന്ന സാനിട്ടൈസര്‍ ഒന്ന് രണ്ടു തവണ പീച്ചി നോക്കി. ഗ്യാസ് മാത്രം വരുന്നു.
“ഹേയ് ഇതൊക്കെ നിറച്ച് വക്കരുതോ? കസ്റ്റമേര്സിനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നു” അയാള്‍ അത് ടപ്പേന്ന് താഴെ വച്ചു. ആ പ്രകമ്പനത്തില്‍ കുപ്പിയില്‍ നിന്ന് അവസാനത്തെ ഡ്റോപ്പ് കസ്റ്റമറുടെ മുഖകമലത്തിലേക്ക് ആഞ്ഞു തെറിച്ചു. കസ്റ്റമറ് കഷടത്തോടെ അത് കൈകൊണ്ട് തുടച്ചു . അല്പ്പം വായിലേക്കും വീണു. ആഹാ, മറന്നുപോയ മനോഹരമായ ആ രുചി. കസ്റ്റമര്‍ ആനന്ദ തുന്ദിലനായി. സാനിട്ടൈസറില്‍ ആല്ക്കഹോൾ ഉണ്ടത്രെ. അതോണ്ട് അത് ക്ഷേത്രത്തീ കേറ്റൂല്ലാന്ന് ഉത്തരേന്ത്യന്‍ സങ്കി പൂജാരി പറഞ്ഞ വാര്ത്ത കാലത്താണ് വായിച്ചത്. ഏതായാലും കസ്റ്റമര്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ സിമ്മിനായി അക്ഷമനായി കാത്ത് നില്പ്പായി. സിമ്മ് കിട്ടീട്ട് വേണം..ക്യൂ ബുക്ക് ചെയ്യണം… ക്യൂവിൽ കരേറണം ..കസ്റ്റമര്‍ സ്വപ്നങ്ങളില്‍ മുഴുകി.

“സാറെന്താ ആദ്യായിട്ടാണോ മൊബൈല്‍ ഉപയോഗിക്കണെ? “
“അല്ലെടോ, എന്റെബ മൊബൈല്‍ മോന്‍ എടുത്തോണ്ട് പോയി. അവനു ഓണ്‍ ലൈന്‍ ക്ലാസ് അല്യോ “ ഇതിപ്പോ എന്റെ പഴേ മൊബൈലാ. നോക്കിയ. ഇതേല്‍ ബെവ്ക്യു കിട്ടൂല , പിന്നെ എസ് എം എസ് ചെയ്യാലോ , അതാ ഒരു ”
മൊയ്ലാളിക്ക് കാര്യം പിടികിട്ടി.

എന്തായാലും മൊയ്ലാളി ജാള്യ വദനനായി അങ്ങനെ നില്ക്കു മ്പോ അതാ മറ്റൊരു കസ്റ്റമര്‍ ഓടിക്കിതച്ച് കടയുടെ മുന്നില്‍ സഡണ്‍ ബ്രേക്കിട്ടു നിന്നു.

“എടോ താന്‍ എനിക്ക് എന്ത് മൊബൈലാടൊ തരാന്‍ കൊട്ത്തത്? ഇതില്‍ നമ്മള്‍ ഞെക്കി നോക്കിയപ്പോള്‍ നൊ കണക്ഷന്‍ ന്ന് വരാന്‍ കൊട്ക്കണു”

കമ്മത്ത് തന്റെ ചൈന മേഡ് ഫോണ്‍ പൊക്കിപ്പിടിച്ചും കൊണ്ട് കലിതുള്ളൂകയാണു.
“അങ്ങനെ വരാന്‍ വഴിയില്ലല്ലോ സാര്‍, ഫോണ്‍ തരൂ, നോക്കട്ടെ” മൊയ്ലാളി ഭവ്യവാനായി.
കമ്മത്ത് ഫോണ്‍ ഒരു നികൃഷ്ടജന്തുവെന്നപോലെ കൈമാറി.
“ഇതിന്റെണ പാസ്വേറ്ഡ് എന്താ സാര്‍”
“ ഒന്ന് രണ്ട് മൂന്ന് നാല്‍ അഞ്ച്”
“ഒരു വല്ലാത്ത പാസ്വേര്ഡ് ആണല്ലോ സാര്‍ ഇത് ആര്ക്കും എളുപ്പം ഹാക്ക് ചെയ്യാലോ”
“അതെന്താണെടോ., പിന്നെ നമ്മള്ക്ക് അഞ്ചു വരെയേ എണ്ണാന്‍ അറിയാന്‍ കൊടുക്കൂ. അതാണെടോ”
കമ്മത്ത് സ്വല്പ്പം നാണ്കത്തോടെ നിന്ന് തന്റെ അജ്ഞത വെളിവാക്കി.
മൊയ്ലാളി ചിരിച്ചും കൊണ്ട് ആപ്പുകള്‍ തുറന്നു നോക്കി. എല്ലാം ഓപ്പന്‍ ആകുന്നുണ്ട്.,
“ഇതെല്ലാം ഓപ്പനാകുന്നുണ്ടല്ലോ സാര്‍”
“എന്ത് ഒപ്പനാകാന്‍ കൊടുക്കണേടോ, താന്‍ ആ വട്ടത്തിനുള്ളില്‍ കോല്‍ ഉള്ള ആപ്പ് ഒന്ന് തൊറക്കാന്‍ കൊടുക്കെടൊ”
വട്ടത്തിനുള്ളില്‍ കോലോ? മൊയ്ലാളി അന്തവും കുന്തവും വിട്ടു നിന്നു.
“ അതേടോ, ആ ഫോണ്‍ തുറക്കുമ്പോ ആദ്യം കാണണ ആപ്പാണെടോ”
കമ്മത്ത് അക്ഷമനായി കുക്ഷിയില്‍ ചൊറിഞ്ഞും കൊണ്ട് നിന്നു.
മൊയ്ലാളി വീണ്ടും നോക്കി. അപ്പോഴാണു കുഞ്ഞൂഞ്ഞ് ഒരു പ്ലാസ്റ്റിക്ക് പെട്ടിയുമായി വന്നത്.
ആദ്യ കസ്റ്റമര്ക്ക് ആശ്വാസ് ആയി.
‘എന്നെ പെട്ടെന്ന് വിടണം , ഞാനല്ലേ ആദ്യം വന്നത്” അയാള്‍ മൊഴിഞ്ഞു.
അതാണുനല്ലത്. അല്ലെങ്കി അങ്ങേര്ക്ക് നാളത്തെ ക്യൂവും കിട്ടൂല. ഏഴുമണിക്ക് ക്യൂ ബുക്കിംഗ് അന്ത്യം സംഭവാമി .
സിമ്മിന്റെ പെട്ടി നീട്ടി മൊയ്ലാളി ചിരിച്ചു.
കമ്മത്തിന്റെ‍ ഫോണ്‍ വീണ്ടും കയ്യിലെടുത്ത് മൊയ്ലാളി നോക്കി.
അപ്പോഴാണു കാര്യം മനസ്സിന്റ അന്തറില്‍ ആയത്. അത് നുമ്മടെ ബെവ്ക്യൂ അപ്പല്ലേ. മൊയ്ലാളി അത് ഞെക്കി.
കണക്ഷന്‍ എററ്.
വീണ്ടും വീണ്ടും ഞെക്കി. സംഭവ് നഹി.
“കമ്മത്തിനു ക്യു ബുക്ക് ചെയ്യാന്‍ പറ്റൂല്ലല്ലോ, കഷ്ട് ഹൈ.
“താന്‍ തന്റെ ഫോണ്‍ വച്ചോ, നമ്മള്ക്ക്ഹ നമ്മടെ കാസ് കിട്ട്യാ മതി”
കമ്മത്ത് ക്ഷുഭിതനായി.
“അല്പ്പം കഴിഞ്ഞ് നോക്കിയാമതി സാറ്. ഇത് ആപ്പിന്റെ കൊഴപ്പാ, ഫോണിന്റെ അല്ല” മൊയ്ലാളി ഉവാച.
“അല്ല എന്തായാലും രണ്ടു മാസായില്ലെ ക്ഷമിച്ചിരിക്കുന്നു , ഇനി ഒരു ദിവസം കൂടി ക്ഷമി സാറെ”
“തനിക്ക് അത് പറകാന്‍ കൊട്ക്കാം, കഴിഞ്ഞ റണ്ടൂ മാസമായി നമ്മള്ടെ ഭാര്യ രുക്ക്മിണീ ലാര്ജ്ജ് കിട്ടാന്‍ കൊട്ക്കാതെ നുമ്മള്ടെ മുതുകത്ത് വീക്കു വച്ച് കൊടുക്കുന്നു. റണ്ട് ലാര്ജ്ജ്ക കൊടുത്താല്‍ പിന്നെ നുമ്മടെ റുക്ക്മിണിക്ക് നമ്മളോട് സ്നേകം കൊട്ക്കും തിര്മൽ ദേബാ”
മൊയ്ലാളി കണ്ണും തള്ളി നില്ക്കു മ്പോ മറ്റേ കസ്റ്റമറ് സിമ്മും എടുത്ത് കാസ് കൊട്ക്കാതെ സ്ഥലം വിട്ടിരുന്നു.

അജയ് മേനോന്‍.വൈകിട്ട് മൂന്നുമണി . 6/6/20 തൃശ്ശൂര്‍.ഫോട്ടോ ബൈ സൈനുദ്ദ്ദീൻ

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879