1470-490

കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

കെ.പത്മകുമാർ കൊയിലാണ്ടി

കിണർ നിർമ്മാണത്തിനിടെ
മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു ; നാല് പേരെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ അരങ്ങാടത്ത് മാടാക്കര റോഡരികിലുളള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കിണര്‍ കുഴിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു തൊഴിലാളി മരിച്ചു.മണ്ണിനടിയില്‍പ്പെട്ട നാല് പേരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.കൊയിലാണ്ടി കോതമംഗലം തെക്കെ കോമത്തുകര വല്ലത്ത് മീത്തല്‍ നാരായണന്‍(62)ആണ് മരിച്ചത്. കൂടെ പണിയെടുത്തിരുന്ന കോമത്തുകര സ്വദേശികളായ മാരാംവീട്ടില്‍ അശോകന്‍(53),കിഴക്കെ പുത്തന്‍വളപ്പില്‍ സുരേന്ദ്രന്‍(57),നരിക്കുനിതാഴ സുഭാഷ്(36),കിഴക്കെ പുത്തന്‍ വളപ്പില്‍ ശശി(62)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച കാലത്ത് 10 മണിയോടെയായിരുന്നു അപകടം.കൊയിലാണ്ടി ചീനക്കാരകത്ത് ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള മാവുള്ളി പുറത്തുട്ട് പറമ്പില്‍ കിണര്‍ കുഴിക്കുന്നതിനിടയിലായിരുന്നു അപകടം.കിണര്‍ കുഴിച്ചശേഷം ചെങ്കല്ലു കൊണ്ട് പടവുകള്‍ കെട്ടി ഉയര്‍ത്തുന്നനതിനിടയില്‍ മുകളില്‍ നിന്ന് മണ്ണ് ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. നാരായണനടക്കം അഞ്ചു പേരായിരുന്നു ജോലിക്കുണ്ടായിരുന്നത്. രണ്ട് പേര്‍ കിണറിനടിയിലും ബാക്കിയിലുളളവര്‍ മുകളിലും നിന്ന് പണിയെടുക്കുന്നതിനിടയില്‍ ഒരു ഭാഗം ഇടിയുകയായിരുന്നു.പൂഴി മണ്ണാണ് ഇടിഞ്ഞു വീണത്. ഇതോടെ മുകളില്‍ നിന്നവരും കിണറിലേക്ക് വീണു.മണ്ണിനടിയില്‍ അകപ്പെട്ട അശോകനെ പെട്ടെന്ന് തന്നെ രക്ഷിക്കാന്‍ കഴിഞ്ഞു.മരിച്ച നാരാണന്‍ പൂര്‍ണ്ണമായും മണ്ണിനടിയിൽപ്പെട്ടു. ഫയര്‍ഫോഴ്‌സും നാട്ടുകാരും മൂന്ന് മണിക്കൂറോളം അദ്ധ്വാനിച്ചാണ് കിണറിനുളളില്‍ പൂര്‍ണ്ണമായി മണ്ണിനടിയില്‍ അകപ്പെട്ട നാരായണനെ പുറത്തെടുത്തത്. മണ്ണ് മാന്തി യന്ത്രമുപയോഗിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം.
ദുരന്തമുണ്ടായ സ്ഥലം കെ.ദാസന്‍ എം.എല്‍.എ,കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍,ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂമുളളി കരുണാകരന്‍,ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവു, ആര്‍.ഡി.ഒ വി.പി.അബ്ദുള്‍ റഹിമാന്‍,തഹസിദാര്‍ കെ.ഗോകുല്‍ദാസ് എന്നിവര്‍ സന്ദര്‍ശിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് റീജണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ്, ജില്ലാ ഫയര്‍ ഓഫിസര്‍ മൂസ്സ വടക്കേതില്‍,കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്‍, അസി.ഓഫീസര്‍ കെ.സതീശന്‍,കോഴിക്കോട് യൂണിറ്റ് ഓഫീസര്‍ മുരളീധരന്‍,കൊയിലാണ്ടി സി.ഐ കെ.സി.സുഭാഷ്,എസ്.ഐ.കെ.രാജേഷ്,എന്നിവര്‍ നേതൃത്വം നല്‍കി.
മരിച്ച നാരായണന്റെ ഭാര്യ ഗീത. മക്കള്‍ നിഖില്‍(ആര്‍മി),നിധീഷ്.സഹോദരങ്ങള്‍: ദാമോദരന്‍,ബാലന്‍,വല്‍സല,ഗീത,പരേതരായ ലീല,ശ്രീധരന്‍.സഞ്ചയനം: ബുധനാഴ്ച.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879