1470-490

ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ ചേർത്ത് പിടിച്ച് വധൂവരന്മാർ

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: വരണമാല്യമേന്തേണ്ട കൈകളിൽ പ്രകൃതിയുടെ വരദാനമായ വൃക്ഷത്തൈ ചേർത്ത് പിടിച്ച് ലോക പരിസ്ഥിതി ദിനത്തിൽ അവർ നവ ദാമ്പത്യത്തിന്റെ നറുമലർ ചൂടി. കതിർമണ്ഡപത്തിലെ ആർഭാടങ്ങളും കല്യാണ വീട്ടിലെ ആളാരവങ്ങളുമില്ലാതെ ഉറ്റവരെ മാത്രം സാക്ഷി നിർത്തി പ്രകൃതിയുടെ സ്വഛതയിൽ അവർ ഇരുവരും പരസ്പരം കൈവിരലുകൾ കോർത്തു.കൊയിലാണ്ടി പയറ്റുവളപ്പിൽ കേളോത്ത് മനോഹരന്റേയും അനിലയുടെയും മകൾ അമ്മുവിന്റെയും, മുചുകുന്ന് പഴയ തെരുവത്ത് പുഷ്പജൻ – ശാരദ ദമ്പതികളുടെ മകൻ അശ്വിന്റേയും വിവാഹമാണ് പരിസ്ഥിതി ദിനത്തിൽ പ്രകൃതി സ്നേഹം വിളംബരം ചെയ്യുന്ന മാതൃകാ മംഗല്യമായത്. താലികെട്ട് ചടങ്ങിന് ശേഷം ദമ്പതികൾ തൊട്ടടുത്തുള്ള കൊയിലാണ്ടി കോതമംഗലം സൗത്ത് എൽ.പി. സ്കൂൾ അങ്കണത്തിൽ എത്തി വൃക്ഷത്തൈകൾ നട്ടത് ചടങ്ങിൽ സംബന്ധിച്ച ബന്ധുമിത്രാദികൾക്ക് പുതുമയായി. പുതു ജീവിതത്തിലേക്ക് വലതുകാൽ വെച്ച് കയറുമ്പോഴും ‘വധുവും വരനും കാണിച്ച സാമൂഹിക പ്രതിബദ്ധതയെ സ്കൂൾ അദ്ധ്യാപകർ അഭിനന്ദിച്ചു. രക്ഷിതാക്കൾക്ക് പുറമെ വാർഡ് കൗൺസിലർ ഷീബ സതീശൻ, സ്കൂൾ പ്രധാന അധ്യാപിക ബീന, പി.ടി.എ.പ്രസിഡണ്ട് വിജി സന്തോഷ് എന്നിവർ മംഗളകർമ്മത്തിന് സാക്ഷ്യം വഹിക്കാനെത്തി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689