1470-490

ലോക പരിസ്ഥിതി ദിനം: ഒന്‍പത് ലക്ഷം തൈകള്‍ നാളെ നടും

ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ.കോളജില്‍

ലോകപരിസ്ഥിതി ദിനമായ ഇന്ന്(ജൂണ്‍ അഞ്ച്) ജില്ലയില്‍ ഒന്‍പത് ലക്ഷം വൃക്ഷതൈകള്‍ നടും. സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും പ്രത്യേകം തയ്യാറാക്കി വിതരണം ചെയ്ത 9,14,790 വൃക്ഷതൈകളാണ് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ നട്ടുപിടിപ്പിക്കുക. സാമൂഹ്യ വനവല്‍ക്കരണ വിഭാഗം വിവിധ ഗ്രാമപഞ്ചായത്തുകളിലൂടെ 3,68,000 തൈകളും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഗ്രാമപഞ്ചായത്തുകള്‍, കൃഷിഭവന്‍ എന്നിവിടങ്ങളിലൂടെ 5,46,790 വൃക്ഷതൈകളുമാണ് വിതരണം ചെയ്തിട്ടുള്ളത്. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. കോളജില്‍ രാവിലെ 10ന് ഫലവൃക്ഷത്തൈകള്‍ നട്ട് പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും. മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജമീല ടീച്ചര്‍ അധ്യക്ഷയാവും. സാമൂഹ്യവനവത്ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 100 വൃക്ഷത്തൈകള്‍ കോളജ് അങ്കണത്തില്‍ നടും.

മെയ് 28 മുതലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയും കൃഷിഭവനുകളിലുടെയും വൃക്ഷത്തൈകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. ഹരിതം കേരളം പദ്ധതിയുടെ ഭാഗമായി 4,40,000 തൈകളാണ് സാമൂഹ്യവനവത്ക്കരണ വിഭാഗം ഇത്തവണ പരിസ്ഥിതി ദിനത്തിന് വിതരണം ചെയ്യാന്‍ തയ്യാറാക്കിയത്. അതില്‍ 81 ശതമാനവും പഞ്ചായത്തുകളിലൂടെ വിവിധ സന്നദ്ധസംഘടനകള്‍ക്കും വ്യക്തികള്‍ക്കും വീടുകള്‍ക്കും നല്‍കി. ബാക്കിയുള്ള തൈകള്‍ വനമഹോത്സവത്തിന്റെ ഭാഗമായി ആദിവാസി കോളനികള്‍, വനസംരക്ഷണ സമിതി/ ഇക്കോഡെവലപ്പ്മെന്റ് കമ്മിറ്റികള്‍ എന്നിവയുടെ പരിധിയില്‍ വരുന്ന വനമേഖലകളിലും വനപ്രദേശങ്ങളുടെ പുനസ്ഥാപനത്തിനുമായി സാമൂഹ്യ വനവത്ക്കരണ വിഭാഗം വിതരണം ചെയ്യും.

സംസ്ഥാനമൊട്ടാകെ ഒരു കോടി വൃക്ഷത്തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് 13,74,648 ഫല വൃക്ഷത്തൈകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ജില്ലയില്‍ വൃക്ഷത്തൈ വിതരണം ചെയ്യുന്നത്. ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്ത പ്ലാവ്, മാവ്, പാഷന്‍ ഫ്രൂട്ട്, പനീര്‍ ചാമ്പ, സപ്പോട്ട, നാരകം, മുരിങ്ങ, കറിവേപ്പ്, വാളന്‍പുളി, കുടംപുളി, നേന്ത്രവാഴ, ഞാലിപ്പൂവന്‍ കന്നുകള്‍ തുടങ്ങിയ ഫലവൃക്ഷത്തൈകളാണ് പരിസ്ഥിതി ദിനമായ ഇന്ന് നടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 7,33,510 തൈകളും വിതരണം ചെയ്യും. കൃഷി വകുപ്പിന്റെ ഫാമുകള്‍, വി.എഫ്.പി.സി.കെ, കേരള സര്‍വകലാശാല, അഗ്രോ സര്‍വീസ് സെന്ററുകള്‍, കാര്‍ഷിക കര്‍മ്മ സേനകള്‍, എം.എന്‍.ആര്‍.ഇ.ജി.എസ് എന്നിവയിലൂടെയാണ് തൈകള്‍ ഉത്പാദിപ്പിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996