1470-490

മത നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

94 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മൂന്നു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്ന് രോഗം ബാധിച്ചവരില്‍ 47 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 37 പേര്‍. സമ്പര്‍ക്കം 7. മഹാരാഷ്ട്രയില്‍നിന്ന് വന്ന 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട് 8, ഡെല്‍ഹി 3, ഗുജറാത്ത് 2, രാജസ്ഥാന്‍ 1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍.

39 പേര്‍ ഇന്ന് കോവിഡ് മുക്തരായി. പാലക്കാട് 13, മലപ്പുറം 8, കണ്ണൂര്‍ 7, കോഴിക്കോട് 5, തൃശൂര്‍, വയനാട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട ഒന്നുവീതം എന്നിങ്ങനെയാണ് എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്.  

പത്തനംതിട്ട 14, കാസര്‍കോട് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ 8, മലപ്പുറം 8, പാലക്കാട് 7, കണ്ണൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം 5, തൃശൂര്‍ 4, എറണാകുളം 2, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായത്.

ചെന്നെയില്‍നിന്ന് നാട്ടിലെത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍ (73), അബുദാബിയില്‍നിന്ന് തിരിച്ചെത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്നാസ് (27), കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി സേവ്യര്‍ (65) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. ഇവര്‍ക്ക് മൂന്നുപേര്‍ക്കും കോവിഡ് ബാധയുണ്ടായിരുന്നുവെന്ന് പരിശോധനാ ഫലത്തില്‍ ഉറപ്പിച്ചിട്ടുണ്ട്. ഷബ്നാസ് രക്താര്‍ബുദ ചികിത്സയിലായിരുന്നു. കൊല്ലം സ്വദേശി സേവ്യര്‍ മരണമടഞ്ഞശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. അതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടുതവണ പരിശോധിച്ച് കോവിഡ് സ്ഥിരീകരിച്ചത്. ഈ മൂന്നുപേരുടെയും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 14 ആയി.

ഇന്ന് 3787 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 1588 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില്‍ 884 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,70,065 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,68,578 പേര്‍ വീടുകളിലും 1487 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 76,383 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 72,139 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ഇതുവരെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 18,146 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15,264 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ആകെ 99,962 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 124 ആയി. കണ്ണൂര്‍ 4, കൊല്ലം 3, പാലക്കാട് 2 എന്നിങ്ങനെയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍ വന്നത്.

മതനേതാക്കളുമായി ചര്‍ച്ച

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികളെല്ലാം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണല്ലോ. രാഷ്ട്രീയ-സാമൂഹ്യപരിപാടികളുടെ ഭാഗമായുള്ള ഒത്തുചേരലുകളും ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനാ ചടങ്ങളുകളും ഇതുമായി ബന്ധപ്പെട്ട ഉത്സവങ്ങളുമെല്ലാം ഇതില്‍പെടും. രോഗവ്യാപനം തടയുന്നതിന് വലിയ ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ലോക്ക്ഡൗണില്‍ നിന്ന് രാജ്യം ഘട്ടംഘട്ടമായി പുറത്തുകടക്കുകയാണ്. അധികകാലം ഈ നിലയില്‍ തുടരാന്‍ നമുക്ക് കഴിയില്ല. ഉല്‍പാദനമേഖലകളും സേവനമേഖലകളുമെല്ലാം നിശ്ചലമാക്കി സമൂഹത്തിന് അധികകാലം മുന്നോട്ടുപോകാനാവില്ല.

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണ്. ആരാധനാ കേന്ദ്രങ്ങള്‍ തുറക്കാമെന്ന് പറഞ്ഞപ്പോഴും വലിയ ആള്‍ക്കൂട്ടം ഒരു പരിപാടിക്കും ഈ ഘട്ടത്തില്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരുന്നമുറയ്ക്ക് നിയന്ത്രണവിധേയമായി കേരളത്തില്‍ ആരാധനാലയങ്ങള്‍ എങ്ങനെ തുറക്കാമെന്നതിനെക്കുറിച്ച് അഭിപ്രായമാരായാന്‍ ഇന്ന് വിവിധ വിഭാഗം മതമേധാവികളുമായും മത സംഘടനാ നേതാക്കളുമായും മതസ്ഥാപന ഭാരവാഹികളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി. ആരാധനാലയങ്ങളില്‍ സാധാരണനില പുനഃസ്ഥാപിച്ചാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകാമെന്നും അത് ഇന്നത്തെ സാഹചര്യത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സര്‍ക്കാരിന്‍റെ നിലപാടിനോട് എല്ലാവരും പൂര്‍ണമായി യോജിച്ചു.

ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം തുടങ്ങിയ മൂന്നു വിഭാഗങ്ങളുമായും വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്. ആരാധനാലയത്തില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാമെന്ന് തന്നെയാണ് പങ്കെടുത്ത മതനേതാക്കളുടെ അഭിപ്രായം. ആരാധനാലയങ്ങളില്‍ വരുന്നവരില്‍ സാധാരണനിലയില്‍ ധാരാളം മുതിര്‍ന്ന പൗരډാരും മറ്റു രോഗങ്ങള്‍ ഉള്ളവരും കുട്ടികളും കാണും. റിവേഴ്സ് ക്വാറന്‍റൈനില്‍ കഴിയണമെന്ന് ആരോഗ്യവിഭാഗം നിര്‍ദേശിക്കുന്ന ഇവര്‍ ആരാധനാലയങ്ങളില്‍ വരുന്നത് അപകടമാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

ഇവരെ കോവിഡ് രോഗം പെട്ടെന്ന് പിടികൂടാനിടയുണ്ട്. മാത്രമല്ല, രോഗം പിടിപെട്ടാല്‍ ഇവരെ സുഖപ്പെടുത്തുന്നതിനും പ്രയാസമുണ്ട്. പ്രായമായവരിലും മറ്റു രോഗമുള്ളവരിലും മരണനിരക്ക് കൂടുതലാണെന്ന പ്രശ്നം നാം ഗൗരവമായി കാണേണ്ടതുണ്ട്. അതിനാല്‍ ഈ വിഭാഗമാളുകളുടെ കാര്യത്തില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനോട് മതനേതാക്കള്‍ പൊതുവെ യോജിപ്പാണ് അറിയിച്ചത്.

നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിശദാംശം കേന്ദ്രസര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നശേഷമേ തീരുമാനിക്കാന്‍ കഴിയൂ. ആരാധനാലയങ്ങള്‍ വഴി രോഗവ്യാപനമുണ്ടാകുന്നതു ഒഴിവാക്കാന്‍ ഉതകുന്ന ഒട്ടേറെ പ്രായോഗിക നിര്‍ദേശങ്ങള്‍ ഇന്നത്തെ ചര്‍ച്ചയില്‍ മതനേതാക്കള്‍ മുമ്പോട്ടുവെച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്രമാര്‍ഗനിര്‍ദേശം വന്ന ശേഷം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കും.

ആരാധനാലയങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കുന്ന ചില പ്രസ്താവനകള്‍ അടുത്ത ദിവസങ്ങളില്‍ കാണുകയുണ്ടായി. കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള പ്രസ്താവനകളാണ് അതെന്ന് കരുതുന്നില്ല. ആരാധനാലയങ്ങള്‍ രാജ്യവ്യാപകമായി അടച്ചിടാന്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനിച്ചത്. ആരാധനാലയങ്ങള്‍ മാത്രമല്ല, വിദ്യാലയങ്ങളും പരിശീലന കേന്ദ്രങ്ങളും അടഞ്ഞുകിടക്കുയാണ്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പരിപാടികള്‍ക്കും വിലക്കുണ്ട്. ഇളവുകളുടെ ഭാഗമായി ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ സാഹചര്യത്തിലാണ് ഇന്ന് മതമേധാവികളുമായും മതപണ്ഡിതډാരുമായും ചര്‍ച്ച നടത്തിയത്.

ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്നത് വിശ്വാസികള്‍ക്ക് വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് സര്‍ക്കാരിന് അറിയാം. എന്നാല്‍ സമൂഹത്തിന്‍റെ ആരോഗ്യസുരക്ഷയ്ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് എല്ലാ മതവിഭാഗങ്ങളും പൂര്‍ണമായി സഹകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വലിയ അഭിപ്രായ ഐക്യമാണ് സര്‍ക്കാരും മതമേധാവികളും മതപണ്ഡിതډാരും തമ്മിലുള്ളത്.

നല്ല ഒത്തൊരുമയോടെ നിയന്ത്രണങ്ങള്‍ സ്വീകരിച്ചുകൊണ്ട് ലോക്ക്ഡൗണ്‍ കാലത്ത് നാം പ്രവര്‍ത്തിച്ചു. അതിന് ബന്ധപ്പെട്ടവരോട് സര്‍ക്കാര്‍ നന്ദി പറയുന്നു. തുടര്‍ന്നും അവരുടെ നിസ്സീമമായ സഹകരണം ഉണ്ടാവണമെന്നാണ് അഭ്യര്‍ത്ഥന. ആരാധനാലയങ്ങള്‍ പൂര്‍ണ്ണമായി അടച്ചിടേണ്ട സാഹചര്യം വന്നപ്പോഴും മതനേതാക്കളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിരുന്നു. ഓരോ ഘട്ടത്തിലും അവരെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്തുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

കൊട്ടിയൂര്‍ ഉത്സവം ഈ മാസം നടക്കുകയാണ്. അതിന്‍റെ ചടങ്ങുകള്‍ ആരംഭിച്ചു കഴിഞ്ഞു. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കി ചടങ്ങുകള്‍ മാത്രം നടത്താമെന്നാണ് ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുള്ളത്.

കാലത്ത് ക്രിസ്ത്യന്‍ മതനേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ ക്ലിമീസ് ബാവ, ബിഷപ്പ് ജോസഫ് കരിയില്‍, ലത്തീന്‍ അതിരൂപതയുടെ പ്രതിനിധി ഡോ. സി. ജോസഫ്, ബസേലിയോസ് മാര്‍ പൗലോസ്, ബസേലിയോസ് തോമസ് ബാവ, റവ. ഡോ. ജോസഫ് മാര്‍ മെത്രാപ്പൊലീത്ത, ധര്‍മരാജ് റസാലം, ഇന്ത്യന്‍ പെന്തക്കോസ്റ്റല്‍ ചര്‍ച്ച് ജനറല്‍ സെക്രട്ടറി സാം വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

മുസ്ലിം നേതാക്കളുമായുള്ള ചര്‍ച്ചയില്‍ പ്രൊഫ. ആലിക്കുട്ടി മുസലിയാര്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, ടി.പി. അബ്ദുള്ളക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മുസലിയാര്‍, ഷെയ്ക്ക് മുഹമ്മദ് കാരക്കുന്ന്, ആരിഫ് ഹാജി, ഡോ. ഫസല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉച്ചയ്ക്ക് ശേഷം ഹിന്ദു മത-സാമുദായിക നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ സ്വാമി സാന്ദ്രാനന്ദ, പുന്നല ശ്രീകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍. വാസു, കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം. വി. മോഹനന്‍, മലബാര്‍ ദേവസ്വം പ്രസിഡന്‍റ് ഒ.കെ. വാസു, ഗുരുവായൂര്‍ ദേവസ്വം പ്രസിഡന്‍റ് അഡ്വ. കെ.പി. മോഹന്‍ദാസ്, കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്‍റ് പ്രദീപ് മേനോന്‍, കഴക്കോട് രാധാകൃഷ്ണപോറ്റി (തന്ത്രി മണ്ഡലം), പാലക്കുടി ഉണ്ണികൃഷ്ണന്‍ (തന്ത്രി സമാജം) തുടങ്ങിയവര്‍ പങ്കെടുത്തു.

പരിസ്ഥിതി ദിനം

നാളെ ലോക പരിസ്ഥിതി ദിനമാണ്. ജൈവവൈവിദ്ധ്യത്തിന്‍റെ സംരക്ഷണമാണ് ഇപ്രാവശ്യത്തെ പരിസ്ഥിതി ദിന സന്ദേശം. ജൈവ വൈവിദ്ധ്യ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിനു അനിവാര്യമാണ്. മനുഷ്യര്‍ നടത്തുന്ന അനിയന്ത്രിതമായ ചൂഷണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. അതിന്‍റെ ഫലമായി ആഗോള താപനവും, സമുദ്ര മലിനീകരണവും, മരുഭൂമിവല്‍ക്കരണവും, കൊടും വരള്‍ച്ചകളും, കാലാവസ്ഥ വ്യതിയാനങ്ങളും ഉള്‍പ്പെടെയുള്ള വലിയ വെല്ലുവിളികളാണ് ഈ കാലത്ത് മനുഷ്യര്‍ നേരിടുന്നത്.

ഈ പ്രതിസന്ധികളെ മറികടക്കാന്‍ ദീര്‍ഘവീക്ഷണത്തോടേയുള്ള ഇടപെടലുകള്‍ അനിവാര്യമാണ്. പരിസ്ഥിതി സൗഹൃദത്തില്‍ ഊന്നുന്ന വികസന നയങ്ങളാണ് നമുക്ക് വേണ്ടത്. പ്രകടനപത്രികയില്‍ വിശദമാക്കിയതനുസരിച്ച്, കഴിഞ്ഞ നാലു വര്‍ഷവും ഈ ആശയം മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.

കേരളത്തിന്‍റെ ജലസമൃദ്ധി വീണ്ടെടുക്കുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുക, വനവല്‍ക്കരണം ഊര്‍ജിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഹരിത കേരളം മിഷന്‍ നടപ്പിലാക്കി. മിഷന്‍റെ നേതൃത്വത്തില്‍ 2016-17 വര്‍ഷം 86 ലക്ഷം വൃക്ഷത്തൈകള്‍ കേരളത്തില്‍ നടുകയുണ്ടായി.

2017-18ല്‍ ഒരു കോടി, 2018-19ല്‍ രണ്ടു കോടി, 2019-20ല്‍ മൂന്നു കോടി എന്നിങ്ങനെ വൃക്ഷത്തൈകള്‍ നട്ടു. എന്നാല്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലെ പ്രളയം തൈകളുടെ നിലനില്‍പ്പിനെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് വൃക്ഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ സ്ഥായിയാക്കുന്നതിനും കൃത്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമായി പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്.

ലോകത്തെ പിടിച്ചുകുലുക്കിയ പല മഹാമാരികളും മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകര്‍ന്നവയാണ്. സാര്‍സ്, മെഴ്സ് തുടങ്ങി ഈയടുത്ത് സംഭവിച്ച നിപ ഉള്‍പ്പെടെയുള്ള പല രോഗങ്ങളും മൃഗങ്ങളില്‍ നിന്നാണ് മനുഷ്യരിലേയ്ക്ക് പകര്‍ന്നത്. പരിസ്ഥിതി നാശവും, കാലാവസ്ഥാ വ്യതിയാനവും ഒക്കെയാണ് ഇങ്ങനെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് രോഗാണുക്കള്‍ എത്തുന്നതിനു കാരണമായി പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം രോഗങ്ങളെ തടയണമെങ്കില്‍ മനുഷ്യന്‍ അവന്‍റെ ആരോഗ്യം മാത്രം ശ്രദ്ധിച്ചാല്‍ പോരാ, അവന്‍ ജീവിക്കുന്ന പ്രകൃതിയുടേയും അതിലെ മറ്റു ജീവജാലങ്ങളുടേയും ആരോഗ്യം കൂടെ സംരക്ഷിക്കേണ്ടതായി വരും. ഏകലോകം ഏകാരോഗ്യം (One World One Health)  എന്ന ആശയത്തെ മുന്‍ നിര്‍ത്തിയാകണം ഇനിയുള്ള നമ്മുടെ പരിസ്ഥിതി ഇടപെടലുകള്‍.

ആ വിശാല ലക്ഷ്യം പടി പടിയായി നമ്മള്‍ കൈവരിക്കേണ്ടതാണ്. ഈ വര്‍ഷം ഒരുകോടി 9 ലക്ഷം വൃക്ഷത്തൈകള്‍ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ജൂണ്‍ അഞ്ചിന് 81 ലക്ഷം തൈകള്‍ നടും. ജൂലൈ 1 മുതല്‍  27 വരെയുള്ള ദിവസങ്ങളില്‍ 28 ലക്ഷം തൈകള്‍ നടും. ‘ഭൂമിക്ക് കുടചൂടാന്‍ ഒരുകോടി മരങ്ങള്‍’ എന്ന ശീര്‍ഷകത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിന്‍റെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന കൃഷി രീതികളിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പു വരുതാനായി ആവിഷ്കരിച്ച പദ്ധതിയാണ് സുഭിക്ഷ കേരളം. ഈ പദ്ധതിക്കായി അടുത്ത ഒരുവര്‍ഷം 3680 കോടി രൂപയാണ് ചെലവിടുക. പ്രകൃതി വിഭവങ്ങള്‍ വിവേകപൂര്‍വം വിനിയോഗിച്ചും അവയുടെ തുല്യവിതരണം ഉറപ്പാക്കിയും മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. അതിനായി ഈ പരിസ്ഥിതി ദിനാചരണം നമുക്ക് കൂടുതല്‍ ഊര്‍ജം പകരട്ടെ.

കൈറ്റ് വിക്ടേഴ്സ്

കൈറ്റ് വിക്ടേഴ്സ് ചാനല്‍ നേരത്തെതന്നെ ഏഷ്യാനെറ്റ് ഡിജിറ്റല്‍, കേരള വിഷന്‍, ഡെന്‍ നെറ്റ്വര്‍ക്ക്, ഡിജി മീഡിയ, സിറ്റി ചാനല്‍ തുടങ്ങിയ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാക്കിയത് നമ്മുടെ കുട്ടികള്‍ക്ക് വളരെ പ്രയോജനപ്രദമായിരുന്നു. ഇതിന് സഹകരിച്ച എല്ലാ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും നന്ദി പറയുന്നു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ കുട്ടികളിലേക്കുമെത്താനായി കൈറ്റ് വിക്ടേഴ്സ് ചാനല്‍ ഡിടിഎച്ച് ശൃംഖലയിലും ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് കേന്ദ്ര മാനവശേഷി വകുപ്പിന് കത്ത് നല്‍കിയിരുന്നു. കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രിക്കും കത്തയച്ചിരുന്നു. ഇതിനനുകൂലമായ പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാല്‍, തുടര്‍ച്ചയായി പൊതുവിദ്യാഭ്യാസ വകുപ്പും കൈറ്റും അതുപോലെ അവരുടെ വരിക്കാരുമെല്ലാം ആവശ്യപ്പെട്ടതനുസരിച്ച് ഇപ്പോള്‍ ഡിടിഎച്ച് ശൃംഖലകളില്‍ കൈറ്റ് വിക്ടേഴ്സ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തോടൊപ്പം നിന്ന ഡിഷ് ടിവി, ഡി2എച്ച്, സണ്‍ ഡയറക്ട്, ടാറ്റാ സ്കൈ, എയര്‍ടെല്‍ എന്നീ ഡിടിഎച്ച് സേവന ദാതാക്കളോടും സംസ്ഥാന സര്‍ക്കാരിന്‍റെ നന്ദി അറിയിക്കുന്നു.

കേരള വിഷന്‍ ഡിജിറ്റല്‍ ടിവിയില്‍ രണ്ട് ചാനലുകളിലായി വിക്ടേഴ്സ് സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. പിന്നോക്കാവസ്ഥയുള്ള കേബിള്‍ ടിവി കണക്ഷനില്ലാത്ത വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് സൗജന്യ കേബിള്‍ കണക്ഷന്‍ നല്‍കാന്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് നന്ദി അറിയിക്കുന്നു.

ഓണ്‍ലൈന്‍ പഠനത്തിനായി സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്കായി വിവിധ സംഘടനകളും സ്ഥാപനങ്ങളും സൗകര്യങ്ങള്‍ ഒരുക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ പരിധിയിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കി സഹകരണ വകുപ്പ് ഉത്തരവായിട്ടുണ്ട്. കെഎസ്ടിഎ ആദ്യഘട്ടത്തില്‍ 2500 ടെലിവിഷനുകളും കേരള എന്‍ജിഒ യൂണിയന്‍ 50 ലക്ഷം രൂപയുടെ ടെലിവിഷനുകളുമാണ് വാങ്ങി നല്‍കുന്നത്.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് 50 ലക്ഷം രൂപ ടെലിവിഷന്‍ വാങ്ങുന്നതിനായി അനുവദിച്ചു. കേരള ഗസ്റ്റഡ് ഓഫീസേഴ്സ് അസോസിയേഷനും അപ്പോളോ ടയേഴ്സ് ലിമിറ്റഡും 100 വീതം ടെലിവിഷനുകള്‍ വാങ്ങിനല്‍കുമെന്ന് അറിയിച്ചു.

2000 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമാക്കുമെന്ന് വ്യവസായ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ആന ചരിഞ്ഞ സംഭവം പൊലീസും വനംവകുപ്പും സംയുക്തമായി അന്വേഷിക്കും. കുറ്റക്കാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ പൊലീസ് മേധാവിയും ജില്ലാ ഫോറസ്റ്റ് ഓഫീസറും ഇന്ന് സംഭവസ്ഥലം സന്ദര്‍ശിച്ചു.

കോട്ടയം കൊലപാതകം

കോട്ടയം താഴത്തങ്ങാടിയില്‍ ഷീബയെന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രണ്ട് ദിവസത്തിനകം പിടികൂടാനായത് കേരള പൊലീസിന് നേട്ടമാണ്. മോഷണം പോയ സ്വര്‍ണ്ണവും വാഹനവും വീണ്ടെടുത്തിട്ടുണ്ട്.

കട ആക്രമണം

വടകര തൂണേരിയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ച ആളുടെ ഫിഷ് സ്റ്റാളിന്‍റെ തട്ടിയും ഷട്ടറും കഴിഞ്ഞരാത്രി ആരോ തകര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സംഭവം നാദാപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയാണ്. സമീപത്തുനിന്നുളള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നു.

മാസ്ക്

മാസ്ക് ധരിക്കാത്ത 2928 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച 28 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ദുരിതാശ്വാസം

സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ 1,25,55,150 രൂപ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ആറ് ലക്ഷം രൂപ

കേരള സംസ്ഥാന ഹാന്‍ഡ്ലൂം വീവേര്‍സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി 5 ലക്ഷം

വാഴക്കുളം ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ

വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍  5 ലക്ഷം രൂപ

തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ്  എംപ്ലോയീസ് സഹകരണ സംഘം 5 ലക്ഷം രൂപ

ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് 3 ലക്ഷം രൂപ

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് തിരുവനന്തപുരം റൂറല്‍ 2,33,263 രൂപ

കുസാറ്റിലെ മുന്‍കാല എസ്എഫ്ഐ പ്രവര്‍ത്തകരുടെ കൂട്ടായ്മ, ഹൃദയപക്ഷം  5 ലക്ഷം രൂപ

കല്ലുമല അഗ്രിക്കള്‍ച്ചറല്‍ കോഓപറേറ്റിവ് ബാങ്ക് 4,73,218 രൂപ

കെഎസ്എസ്പിയു ചാലക്കുടി ബ്ലോക്ക് പരിധിയിലെ പ്രധാന പ്രവര്‍ത്തകര്‍ 3,29,602 രൂപ

കെഎസ്ആര്‍ടിസിഎം പാനല്‍ ജീവനക്കാര്‍ 2,15,000 രൂപ

ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച്, കുമ്പനാട് 2 ലക്ഷം രൂപ

പുരോഗമന കലാസാഹിത്യ സംഘം  തിരുവനന്തപുരം ജില്ലാ കമ്മിറ്റി 2,80,000 രൂപ

ജില്ലാ സഹകരണ ബാങ്കുകളിലെ റിട്ടയര്‍ ചെയ്ത ജീവനക്കാരുടെ ഫെഡറേഷന്‍ 2,80,000 രൂപ

ചേര്‍ത്തല സൗത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രണ്ടു ലക്ഷം രൂപ

വീനസ് അപ്പാര്‍ട്ട്മെന്‍റ് ഓര്‍ണേഴ്സ് അസോസിയേഷന്‍, തിരുവനന്തപുരം 2,27,000 രൂപ

കേരള സപ്ലൈകോ സപ്ലയേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 1,53,501 രൂപ

എഐവൈഎഫ് ആലപ്പുഴ മണ്ഡലം കമ്മിറ്റി 1,55,388 രൂപ

എന്‍എഫ്പിഇആര്‍എംഎസ് എംപ്ലോയീസ് തിരുവനന്തപുരം ബ്രാഞ്ച് 1,23,700 രൂപ

എഐവൈഎഫ് ശൂരനാട് മണ്ഡലം കമ്മിറ്റി 1,00,112 രൂപ

ഫാറൂഖ് കോളേജ് എസ്എസ് ഹോസ്റ്റലിലെ 1984-1990 ബാച്ച് കൂട്ടായ്മ 2,00,100 രൂപ

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എച്ച് ഒ സിയിലെ താല്‍കാലിക ജീവനക്കാര്‍ 1 ലക്ഷം രൂപ

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സഹകരണ സംഘം വിഹിതവും ഭരണസമിതിയുടെയും ജീവനക്കാരുടെയും സംഭാവനയും ചേര്‍ത്ത് 1,25,000 രൂപ

ആറന്‍മുള വിദ്യാധിരാജ ശ്രീ വിജയാനന്ദ ആശ്രമം 50,000 രൂപ

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879