1470-490

ഓഖി കടലെടുത്ത സ്വപ്നങ്ങൾക്ക് പുനർജനി

ഓഖി കടലെടുത്ത സ്വപ്നങ്ങൾക്ക് പുനർജനി;
പൂർത്തിയാക്കിയത് 18 വീടുകൾ

ആർത്തലയ്ക്കുന്ന കടലും തീരവും ജീവിതത്തിന്റെ ഭാഗമായവരുടെ സ്വപ്നം അടച്ചുറപ്പുള്ള ഒരു കൂരയായിരുന്നു. ഓഖി ദുരന്തത്തിൽ സ്ഥലവും വീടും നഷ്ടപ്പെട്ടവരുടെ ഈ സ്വപ്നത്തിനാണ് സംസ്ഥാന സർക്കാർ മിഴിവേകിയത്. വീട് നഷ്ടപ്പെട്ട 18 കുടുംബങ്ങൾക്കാണ് സർക്കാരിന്റെ പദ്ധതിയിലൂടെ വീട് പുനർനിർമിക്കാൻ വഴി തെളിഞ്ഞത്. ജില്ലയിൽ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലായി പദ്ധതിയിൽ ഉൾപ്പെട്ട 16 വീടുകളുടെയും പണി പൂർത്തീകരിച്ചു. മൂന്ന് സെന്റിൽ രണ്ട് കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും രണ്ട് ശുചിമുറികളും പൂമുഖവും ചേർന്ന 650 ചതുരശ്ര അടിയുള്ള വീടാണ് സർക്കാർ ഇവർക്ക് നൽകിയത്. പത്ത് ലക്ഷം രൂപയാണ് പദ്ധതിത്തുക. കടലിനോട് ചേർന്ന് കിടന്നിരുന്ന ഇവരിൽ പലരുടെയും വീടുകൾക്ക് ആദ്യമേ തന്നെ കെട്ടുറപ്പ് കുറവായിരുന്നു. ഓഖിയിൽ വീടുകൾ പൂർണമായും തകർന്നു. ‘സംസ്ഥാന സർക്കാറിന്റെ ധനസഹായം ഇല്ലായിരുന്നെങ്കിൽ ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കില്ലായിരുന്നുവെന്ന്’ ജൂൺ അഞ്ചിന് പുതിയ വീട്ടിലേക്ക് താമസം മാറുന്ന കാരേക്കാട്ട് അബ്ദു റഹ്മാൻ-ഫാത്തിമ ദമ്പതികൾ പറയുന്നു.

സംസ്ഥാനത്തെ 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരത്തുനിന്ന് മാറ്റിപ്പാർപ്പിക്കുന്ന ‘പുനർഗേഹം’ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഓഖിയിൽ വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയ്ക്ക് സർക്കാർ രൂപം നൽകിയത്. സംസ്ഥാനത്ത് ആദ്യമായി പദ്ധതി പ്രാവർത്തികമാക്കുന്ന ജില്ലയും തൃശൂരാണ്. ജില്ലയിൽ തീരദേശ പ്രശ്നങ്ങൾ രൂക്ഷമായ കയ്പമംഗലത്ത് തന്നെ പദ്ധതി നടപ്പാക്കണമെന്ന ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആവശ്യമാണ് ഇതുവഴി അംഗീകരിക്കപ്പെട്ടത്. മണ്ഡലത്തിലെ 408 കുടുംബങ്ങൾക്കും ആദ്യഘട്ടത്തിൽ തന്നെ വീട് ലഭിക്കും. വേലിയേറ്റമേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2,450 കോടിയുടെ പദ്ധതി മൂന്നുഘട്ടമായി 2022 -ഓടെ പൂർത്തിയാക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും 1,052 കോടി ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽനിന്നും കണ്ടെത്തും.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879