1470-490

വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സർക്കാരിൻ്റെ അനാസ്ഥ

വിദ്യാർത്ഥിനിയുടെ ആത്മഹത്യ;
സർക്കാരിൻ്റെ അനാസ്ഥ -പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

കുട്ടിയുടെ കുടുംബത്തിന് അടിയന്തരമായി സാമ്പത്തിക സഹായം നൽകണം

വളാഞ്ചേരി:ജൂൺ ഒന്നിന് തന്നെ അധ്യയന വർഷം ആരംഭിച്ചു എന്ന് വരുത്തി തീർക്കാനുള്ള സർക്കാരിൻ്റെ പിടിവാശിയുടെ ആദ്യ ഇരയാണ്
ഇന്നലെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി.
ഗവൺമെൻ്റ് യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്.
സംസ്ഥാനത്ത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താൻ ആവശ്യമായ സംവിധാനങ്ങളില്ലാത്തവരാണ്.
ജില്ലയിലെ മാത്രം കണക്കെടുത്താൽ 62000 ലധികം വരുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് ഉപയോഗപ്പെടുത്താൻ സൗകര്യങ്ങളോ ശേഷിയോ ഇല്ലാത്തവരാണ് എന്നതാണ് വസ്തുത. ഓരോ സ്കൂളിലെയും എത്ര കുട്ടികൾക്ക് ഓൺ ലൈൻ പoനത്തിന് സൗകര്യങ്ങളില്ല എന്ന് കണ്ടെത്തി സൗകര്യങ്ങൾ ഒരുക്കാൻ സർക്കാറും വിദ്യാഭ്യാസ വകുപ്പും വിവിധ വകുപ്പുകളുമായി യോജിച്ച് മുന്നൊരുക്കങ്ങൾ നടത്താത്തത് ഗുരുതരമായ വീഴ്ചയാണ്. പ്രത്യേക സാഹചര്യത്തിൽ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് ഓൺലൈൻ സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം നടത്തുന്നതിന് ജനപ്രതിനിധികളുടെ യോഗം ചേരുകയോ കൂടിയാലോചനകൾ നടത്തുകയോ ചെയ്യാത്തത് വിദ്യാഭ്യാസ രംഗത്തെ പാകപ്പിഴവുകൾക്ക് കാരണമായിട്ടുണ്ട്.
ലഭ്യമായ കണക്കുകൾ വെച്ച്
ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെങ്കിൽ കോവിഡ് 19 ൻ്റെ പശ്ചാതലത്തിൽ ആരോഗ്യ വകുപ്പിൻ്റെ നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് തന്നെ ലാപ്പ് ടോപ്പ്/ ടി.വി / സ്മാർട്ട് ഫോൺ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കാൻ ശേഷിയില്ലാത്ത വിദ്യാർത്ഥികൾക്ക്
സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങൾ തന്നെ തുടങ്ങാമായിരുന്നു.
സർക്കാരിൻ്റെ തികഞ്ഞ അനാസ്ഥയും അനാവശ്യമായ ധൃതിയും കാരണമാണ് ഓൺലൈൻ പoനത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതിൻ്റെ പേരിൽ ഒരു ബാലികയുടെ ജീവൻ നഷ്ടപ്പെടുത്തിയത്.ഈ ദുരവസ്ഥ ക്ക് കാരണമായ സർക്കാർ മാപ്പ് പറയണം.
സംസ്ഥാനത്ത് ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ വിദ്യാഭ്യാസ ഡയറക്ടർക്കും മറ്റു ഉദ്യോഗസ്ഥർക്കും അടിയന്തര നിർദ്ദേശം നൽകണം.
ഇതിനായി ജില്ലകളിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടേയും ഏകോപനം ഉണ്ടാക്കണം.
ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്തതിനാൽ മാനസിക സംഘർഷം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് നൽകണം.
ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ കുടുംബത്തിന് അടിയന്തിരമായി സാമ്പത്തിക സഹായം അനുവദിക്കണം തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069