1470-490

ചാലക്കുടി പുഴയുടെ പ്രളയഭൂപടം തയാറായി

ചാലക്കുടിപുഴയുടെ പ്രളയഭൂപടവുമായി
കേരള കാർഷിക സർവ്വകലാശാല
കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടിപുഴയുടെ പ്രളയഭൂപടം തയ്യാറാക്കി കേരള കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാദമി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
2018 ലെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി നദീതടത്തിന്റെ പ്രളയഭൂപടമാണ് കാർഷിക സർവകലാശാല ആദ്യമായി തയ്യാറാക്കിയത്. ചാലക്കുടി നദീതടത്തിൽ ഉൾപ്പെടുന്ന ആറ് ബ്ലോക്കുകളിലെ 28 ഗ്രാമപഞ്ചായത്തുകളുടെയും പ്രളയഭൂപടങ്ങൾ ഇപ്രകാരം തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ ചാലക്കുടി നദീതടത്തിൽ ഉൾപ്പെടുന്ന കൊടുങ്ങല്ലൂർ, ചാലക്കുടി മുനിസിപ്പാലിറ്റികളുടെയും പ്രളയ ഭൂപടങ്ങൾ തയ്യാറാക്കിയത്. ഏറ്റവും രൂക്ഷമായി പ്രളയമുണ്ടായത് മാള, വെള്ളാങ്ങല്ലൂർ, പാറക്കടവ് എന്നീ ബ്ലോക്കുകളിലാണ്. വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ പൂമംഗലം ഗ്രാമ പഞ്ചായത്തിലും, മാള ബ്ലോക്കിലെ കുഴൂർ ഗ്രാമപഞ്ചായത്തിലും അന്നമനട, പൊയ്യ, എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും പ്രളയം സാരമായി ബാധിച്ചു.
ഐഎസ് ആർ ഒ – എൻ ആർ എസ് സിയുടെ വിവിധ ഉപഗ്രഹവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും ആധികാരികമായാണ് ഈ ഭൂപടങ്ങൾ തയ്യാറാക്കിയത്. 2018 ഓഗസ്റ്റ് 9 മുതൽ 28 വരെ ദിവസങ്ങളിലെ ഉപഗ്രഹവിവരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.
സ്വാഭാവികമായ നീർച്ചാലുകൾ തുണ്ടുതുണ്ടുകളായതും തണ്ണീർത്തടങ്ങളുടെ പരിവർത്തനവും മറ്റും പ്രളയത്തിന് കാരണമായിട്ടുണ്ടാകാം എന്ന് സർവ്വകലാശാല പഠനം വിലയിരുത്തുന്നു. രൂക്ഷമായ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളെ കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ വിശദ പഠന വിധേയമാക്കുകയും ഭാവിയിലെ വെള്ളപ്പൊക്കം ലഘൂകരിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. കൂടാതെ മറ്റു പ്രധാന നദീതടങ്ങളായ ചാലിയാർ, ഭാരതപ്പുഴ, പെരിയാർ, പമ്പ, അച്ചൻകോവിൽ തുടങ്ങിയവയുടെയും പ്രളയഭൂപടം തയ്യാറാക്കുവാനും സർവകലാശാല ഉദ്ദേശിക്കുന്നുണ്ടെന്ന് കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ ആർ ചന്ദ്രബാബു പറഞ്ഞു.

കോവിഡ് കാലത്തെ ആരോഗ്യം :
ആയുഷ് മിഠായി പരിശീലനം ആദ്യഘട്ടം വിജയം
കോവിഡ് കാലത്തെ ആരോഗ്യ വിചാരത്തിനായി ഭാരതീയ ചികിത്സാ വകുപ്പ് ആരംഭിച്ച ഓൺലൈൻ പരിശീലനം ആയുഷ് മിഠായിയുടെ ആദ്യഘട്ടം പൂർത്തിയായി. വാട്സ്ആപ്പ് വഴി ഡോക്ടർമാരും സംഘവും നൽകിയ പരിശീലനത്തിന് ജില്ലയിൽ മികച്ച പ്രതികരണം. 64 പേർ ആദ്യഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കി.
ഓരോ ബാച്ചിനും ഏഴു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് നൽകുന്നത്. ഓൺലൈനായി ആദ്യ ഘട്ടം പൂർത്തിയായവർക്ക് 14 ദിവസത്തെ മോണിറ്ററിങ് ഏർപ്പെടുത്തും. ഓൺലൈൻ പരിശീലനത്തിലൂടെ ശാരീരികവും മാനസികവുമായി ഓരോരുത്തർക്കും ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തുന്നതിനായാണ് മോണിറ്ററിങ് നടത്തുക. പ്രമേഹ പരിചരണവുമായി ബന്ധപ്പെട്ടാണ് ഓൺലൈൻ പരിശീലനം. ഇതിനായി ഒരു ദിവസം അഞ്ചു സെഷനുകൾ ഉണ്ടാകും. രാവിലെ ഏഴു മണിയ്ക്ക് യോഗ, പത്തുമണിക്ക് പ്രമേഹ രോഗികൾ പാലിക്കേണ്ട ഭക്ഷണക്രമങ്ങൾ, പന്ത്രണ്ടു മണിയ്ക്ക് ഡയറ്റ്, ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് പ്രമേഹം എങ്ങനെ തടയാം എന്നത് സംബന്ധിച്ചും വൈകുന്നേരം അഞ്ചു മണിയ്ക്ക് മനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമായാണ് ക്ലാസ്. ജീവിത ശൈലി രോഗങ്ങൾക്കായി നാഷ്ണൽ ആയുഷ് മിഷന്റെ സഹകരണത്തോടെയാണ് ഓൺലൈൻ പരിശീലനം പുരോഗമിക്കുന്നത്. രണ്ടാമത്തെ ബാച്ചിലേക്കുള്ള ഓൺലൈൻ പരിശീലനത്തിനായി 30 പേർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253