ഇടിയഞ്ചിറ വളയം കെട്ടിന്റെ മുളകൾ നീക്കം ചെയ്യൽ ആരംഭിച്ചു

കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇടിയഞ്ചിറ റെഗുലേറ്ററിന് സമീപമുള്ള താൽക്കാലിക വളയം കെട്ടിന്റെ മുളകൾ നീക്കം ചെയ്യൽ ആരംഭിച്ചു. വെങ്കിടങ്ങ്, മുല്ലശ്ശേരി, എളവള്ളി പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വളയംകെട്ട് നീക്കം ചെയ്ത് തുടങ്ങിയത്. ആദ്യഘട്ടത്തിൽ കെ എൽ ഡി സി കനാലിൽ വളയം ബണ്ടിന്റെ നിർമ്മാണത്തിന് വേണ്ടി അടിച്ചു താഴ്ത്തിയ മുളംകുറ്റികളാണ് നീക്കം ചെയ്ത് തുടങ്ങിയത്. മഴ ശക്തമാകുന്നതോടെ ബണ്ട് പൂർണ്ണമായും പൊളിച്ചുനീക്കും. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ആറ് പേർ ചേർന്ന് നാല് ദിവസം കൊണ്ട് മുളംകുറ്റികൾ നീക്കം ചെയ്യുന്നതിനാണ് തീരുമാനം. കൂടുതൽ ജാഗ്രതയോടെ സുരക്ഷാ മുന്നൊരുക്ക നടപടികൾ സ്വീകരിക്കുന്നതിനാണ് വളയം കെട്ടിന്റെ മുളകൾ നീക്കം ചെയ്യുന്നതിന് തീരുമാനമായത്. മുളംകുറ്റികൾ നീക്കം ചെയ്യുന്നതോടെ മഴ ശക്തി പ്രാപിക്കുന്ന മുറയ്ക്ക് ബണ്ട് എളുപ്പം പൊളിച്ച് നീക്കാനാകും.

Comments are closed.