1470-490

പ്രവേശനോത്സവമില്ലാതെ ‘ഫസ്റ്റ് ബെൽ’ മുഴങ്ങി

തൃശൂർ ജില്ലയിൽ അധ്യയന വർഷം ആരംഭിച്ചു

പ്രവേശനോത്സവത്തിന്റെ ആരവവും മിഠായി വിതരണത്തിന്റെ മധുരവുമില്ലാതെ ജില്ലയിൽ ഫസ്റ്റ് ബെൽ മുഴങ്ങി. എല്ലാ വീടുകളിലും ഓൺലൈനായി വിദ്യാർത്ഥികൾ ടി.വിയ്ക്ക് മുന്നിൽ പഠനത്തിനായി അണിനിരന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കാൻ സാധിക്കാതെ വന്നതോടെ, തിങ്കളാഴ്ച രാവിലെ 8.30 മുതൽ വിക്ടേഴ്‌സ് ചാനലിലൂടെ ഓൺലൈനായി പഠനം ആരംഭിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥിന്റെ നിർദ്ദേശം അനുസരിച്ച്, ഒല്ലൂക്കര, ഇരിങ്ങാലക്കുട, അന്തിക്കാട് എന്നീ ബ്ലോക്ക്പഞ്ചായത്ത് ഓഫീസുകളിൽ ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികൾക്ക് പങ്കെടുക്കുവാനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകി. ഇന്റർനെറ്റ് സൗകര്യമില്ലാത്ത കുട്ടികൾക്ക് അതത് ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിൽ ഫ്രീ വൈഫൈ സംവിധാനം ഒരുക്കിയിരുന്നു. എൽ സി ഡി പ്രോജക്ടറോട് കൂടിയ ഓൺലൈൻ ക്ലാസ് റൂമുകളും മിക്ക പഞ്ചായത്തുകളും ഒരുക്കി നൽകി. വായനശാലകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, പി ടി ഐ എന്നിവരുടെ സഹകരണത്തോടെ ടിവിയും കേബിൾ കണക്ഷനും ഇല്ലാത്ത വീടുകളിൽ അവ എത്തിച്ചു നൽകിയിരുന്നു.ഓരോ ക്ലാസുകൾക്കും മുൻകൂട്ടി പ്രസിദ്ധീകരിച്ച ടൈംടേബിൾ പ്രകാരം നിശ്ചിത സമയം ക്രമീകരിച്ചായിരുന്നു ക്ലാസുകൾ. ക്ലാസ്സുകളുടെ പുനഃസംപ്രേഷണം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. വിക്ടേഴ്‌സ് ചാനലിന്റെ വെബ്സൈറ്റിലൂടെയും യുട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയും ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കോളേജുകളിലും തിങ്കളാഴ്ച മുതൽ തന്നെ ക്ലാസുകൾ ആരംഭിച്ചു. സ്വകാര്യ സ്‌കൂളുകളും ക്ലാസുകൾ തിങ്കളാഴ്ച മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. പല സ്‌കൂളുകളും ഫേസ്ബുക്ക് ലൈവ് വഴി പ്രവേശനോത്സവം നടത്തി. സ്വകാര്യ സ്‌കൂളുകൾ പഠനത്തിനായി ഗൂഗിൾ മീറ്റ്, സൂം പോലുള്ള ആപ്ലിക്കേഷനുകളെയാണ് ആശ്രയിച്ചിരിക്കുന്നത്.ജില്ലയിൽ എല്ലാ കേബിൾ ശൃംഖലകളിലും കൈറ്റ് വിക്ടേഴ്സ് ചാനൽ ലഭ്യമാക്കിയതായി കേബിൾ ടി വി ഓപ്പറേറ്റർമാർ അറിയിച്ചു. ഏഷ്യാനെറ്റ് ഡിജിറ്റലിൽ 411, ഡെൻ നെറ്റ്വർക്കിൽ 639, കേരള വിഷനിൽ 42, ഡിജി മീഡിയയിൽ 149, സിറ്റി ചാനലിൽ 116 എന്നീ നമ്പറുകളിലായാണ് ചാനൽ ലഭ്യമാക്കിയത്. ഇത് കൂടാതെ വീഡിയോകോൺ ഡി ടു എച്ചിലും ഡിഷ് ടി.വി.യിലും 642-ാം നമ്പറിൽ ചാനൽ ദൃശ്യമാണ്. കേരളവിഷൻ, ഏഷ്യാനെറ്റ് എന്നിവയുടെ ഡി ടി എച്ചിലും ചാനൽ ലഭ്യമാണ്.ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമായതിനാൽ ജൂൺ ഒന്നിലെ ക്ലാസുകൾ അതേക്രമത്തിൽ ജൂൺ 8-ന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും. ഒന്നു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകൾക്ക് രാവിലെ എട്ടര മുതൽ അഞ്ച് വരെയാണ് ക്ലാസുകൾ. പ്ലസ്ടുവിന് രണ്ടു മണിക്കൂറും പത്താം ക്ലാസിന് ഒന്നര മണിക്കൂറും ഹൈസ്‌കൂളിന് ഒരു മണിക്കൂറും എൽപി വിഭാഗത്തിന് അരമണിക്കൂറുമാണ് സമയം നിശ്ചയിച്ചിരിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879