1470-490

രാഘവൻ പടിയിറങ്ങുന്നത് പ്രകൃതിക്ക് കാവലാളായ്

വിവാഹ വീട്ടിലെ നവവധുവിന് രാഘവൻ വൃക്ഷത്തൈ സമ്മാനിക്കുന്നു

കൊയിലാണ്ടി: ഇരുപത്തിയെട്ട് വർഷത്തെ സേവനം പൂർത്തിയാക്കി നടുവണ്ണൂർ ഗവ: ആയുർവേദ ആശുപത്രിയിലെ സീനിയർ ഫാർമസിസ്റ്റ് സി.രാഘവൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. കവി, പ്രഭാഷകൻ, പ്രകൃതി സ്നേഹി, മോട്ടിവേറ്റർ എന്നീ നിലകളിലെല്ലാം സ്വതസിദ്ധമായ കൈയ്യൊപ്പ് ചാർത്തിയ രാഘവൻ ആരോഗ്യ പൂർണമായ ജീവിതത്തിന് സസ്യസമൃദ്ധമായ ചുറ്റുപാടുകൾ കൂടി അനിവാര്യമാണെന്ന സന്ദേശം പകർന്നു നൽകിയാണ് പടിയിറങ്ങുന്നത്. രാഘവന്റെ ഔദ്യോഗിക ജീവിതം.ഉള്ള്യേരിയിൽ ഫാർമസിസ്റ്റായിരിക്കെ ഡിസ്പൻസറിയിലേക്കാവശ്യമായ സാധനസാമഗ്രികൾ ജനകീയമായി സംഘടിപ്പിക്കുന്നതിലും മെഡിക്കൽ ഓഫീസർ ഡോ:കെ.സത്യപാലിനോടൊപ്പം ഔഷധ നിർമാണ പരിപാടി സംഘടിപ്പിക്കുന്നതിലും സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട് ഈ പ്രകൃതി സ്നേഹി. നൊച്ചാട് ഗവ: ആയുർവേദ ആശുപത്രിയിൽ കുടുംബശ്രീ അംഗങ്ങളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോടെ രാഘവന്റെ നേതൃത്വത്തിൽ നടത്തിയ 40 ദിവസം നീണ്ടു നിന്ന ജനകീയ ഔഷധ നിർമാണ പദ്ധതിയും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നരക്കോട് ഡിസ്പൻസറിക്കായി പുലപ്രകുന്നിൽ പുതുതായി നിർമ്മിച്ച കെട്ടിടം, അരിക്കുളം ആയുർവേദ ഡിസ്പെൻസറി, നടുവണ്ണൂർ ഗവ: ആയുർവേദ ഡിസ്പെൻസറി എന്നിവിടങ്ങളിൽ വെച്ചുപിടിപ്പിച്ച ഔഷധ – ഫലവൃക്ഷത്തൈകൾ ഇദ്ദേഹത്തിന്റെ പരിസ്ഥിതി പ്രവർത്തന തല്പരതയുടെ ദൃഷ്ടാന്തമാണ്. രാഘവന്റെ നേതൃത്വത്തിൽ ആയുർവേദ ഫാർമസിസ്റ്റ് അസോസിയേഷൻ തുടക്കം കുറിച്ച ” ഒരു തൈ നടുമ്പോൾ ” സസ്യവ്യാപന പദ്ധതി വേറിട്ട പ്രവർത്തനമായി മാറി. ഒട്ടേറെ വിദ്യാലയങ്ങളിൽ സംഘടിപ്പിച്ച ഔഷധസസ്യ അങ്ങാടി മരുന്ന് പ്രദർശനത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പി.ടി.എ, കുടുംബശ്രീ, ആശാ വർക്കർമാർ എന്നിവർക്കായി നടത്തിയ “ചെടിയ റിവ്” മത്സരങ്ങളും എടുത്തു പറയേണ്ടവ തന്നെ. കഴിഞ്ഞ മൂന്ന് വർഷമായി വിവാഹം, ഗൃഹപ്രവേശം, ജന്മദിനം എന്നീ ചടങ്ങുകൾ നടക്കുമ്പോൾ വീടുകളിൽ വൃക്ഷത്തൈ സമ്മാനമായി നൽകിയും രാഘവൻ നാടിന്റെ ചർച്ചാ വിഷയമായി. മരണപ്പെട്ട പ്രിയപ്പെട്ടവരുടെ ഓർമയ്ക്കായി “ഓർമ്മ മരം’ നടാൻ തൈകൾ സൗജന്യമായി നൽകി വരുന്നു. സർവ്വീസിൽ നിന്നും വിരമിക്കുമ്പോൾ ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിന് 50,000 രൂപ സംഭാവന നൽകി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം പകരാനും ഈ ജീവകാരുണ്യ പ്രവർത്തകന് കഴിഞ്ഞു. അരിക്കുളം ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റായ ഭാര്യ സുവർണ ഭട്ട്, ആയുർവേദ മെഡിക്കൽ അവസാന വർഷ വിദ്യാർത്ഥിയായ മകൻ സൂര്യനാരായണൻ എന്നിവരുടെ പൂർണ്ണ പിൻതുണയോടെ മണ്ണിനെ ഹരിതാഭമാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ബഹുമുഖ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച രാഘവന് അരിക്കുളം സൗഹൃദ സംഘം മെയ് 31 ന് നൽകാൻ തീരുമാനിച്ചിരുന്ന വൃക്ഷമിത്ര പുരസ്കാര സമർപ്പണ ചടങ്ങ് കൊറോണ വ്യാപന പശ്ചാത്തലത്തിൽ മാറ്റി വെച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് നടുവണ്ണൂർ ഗവ: ആശുപത്രി ജീവനക്കാർ കഴിഞ്ഞ ദിവസം രാഘവന് യാത്രയയപ്പ് നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996