1470-490

സ്ക്കൂൾ ക്ലാസ് ഓ​ൺലൈനിൽ; ആദ്യ ആഴ്ച പരീക്ഷണം

സംസ്​ഥാന സിലബസിൽ പഠിക്കുന്ന ഒന്ന്​ മുതൽ പ്ലസ്​ടു വരെയുള്ള വിദ്യാർഥികൾക്ക്​ തിങ്കളാഴ്​ച മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈനായി ക്ലാസുകൾ നടക്കും. ക്ലാസുകളുടെ വിഷയം തിരിച്ചുള്ള ടൈംടേബിള്‍ ആയി. ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് സംപ്രേക്ഷണം ചെയ്യുന്നത്.

⭕തിങ്കളാഴ്​ചത്തെ ടൈംടേബിൾ:

പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലീഷ്​, 9.00ന് ജിയോഗ്രഫി, 9.30ന് മാത്തമാറ്റിക്​സ്​, 10ന് കെമിസ്ട്രി,
പത്താം ക്ലാസ്​: 11.00 മണിക്ക്​ ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12.00ന്​ ജീവശാസ്ത്രം.
പ്രൈമറി വിഭാഗത്തില്‍ ഒന്നാം ക്ലാസിന് 10.30ന് പൊതുവിഷയം. രണ്ടാം ക്ലാസിന് 12.30ന് പൊതുവിഷയം. മൂന്നാം ക്ലാസിന് ഒരു മണിക്ക്​ മലയാളം. നാലാം ക്ലാസിന് 1.30ന് ഇംഗ്ലീഷ്​.
അ‍ഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം – ഉച്ചക്ക്​ യഥാക്രമം 2.00, 2.30, 3.00.
ഒമ്പതാം ക്ലാസിന് 4.30ന് ഇംഗ്ലീഷ്​. അഞ്ച്​ മണിക്ക്​ ഗണിതശാസ്ത്രം.
പന്ത്രണ്ടാം ക്ലാസിലുള്ള നാല്​ വിഷയങ്ങളും രാത്രി ഏഴ്​ മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേക്ഷണം ശനിയാഴ്ചയാകും.
കൈറ്റ് വിക്ടേഴ്സ് ചാനല്‍ കേബിള്‍ ശൃംഖലകളില്‍ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലില്‍ 411, ഡെന്‍ നെറ്റ്‍വര്‍ക്കില്‍ 639, കേരള വിഷനില്‍ 42, ഡിജി മീഡിയയില്‍ 149, സിറ്റി ചാനലില്‍ 116 എന്നീ നമ്പറുകളിലാണ് ചാനല്‍ ലഭിക്കുക. വീഡിയോകോണ്‍ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642ാം നമ്പറില്‍ ചാനല്‍ ലഭിക്കും. മറ്റു ഡി.ടി.എച്ച്. ഓപ്പറേറ്റര്‍മാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയില്‍ കൈറ്റ് വിക്ടേഴ്സ് ഉള്‍പ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

ഇതിനു​പുറമെ www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhannel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvictersല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

ആദ്യ ആഴ്ച പരീക്ഷണ സംപ്രേക്ഷണമായതിനാല്‍ ജൂണ്‍ ഒന്നിലെ ക്ലാസുകള്‍ അതേക്രമത്തില്‍ ജൂണ്‍ എട്ടിന്​ പുനഃസംപ്രേക്ഷണം ചെയ്യും. വീട്ടില്‍ ടി.വിയോ സ്മാര്‍ട്ട് ഫോണോ ഇൻറര്‍നെറ്റോ ഇല്ലാത്ത ഒരു കുട്ടിക്കുപോലും ക്ലാസുകള്‍ കാണാന്‍ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.
ആദ്യ ആഴ്ച തന്നെ ആവശ്യകതക്കനുസരിച്ച് കൈറ്റ് സ്കൂളുകളി‍ല്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‍ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാന്‍ അനുവാദം നല്‍കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

സംപ്രേക്ഷണ സമയത്തോ, ആദ്യ ദിവസങ്ങളിലോ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവര്‍ക്കായി പിന്നീട് ഡൗണ്‍ലോഡ് ചെയ്ത ഉള്ളടക്കം ഓഫ്‍ലൈനായി കാണിക്കുന്നതുള്‍പ്പെടെ വിവിധങ്ങളായ‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.

ലൈവ് ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ

🔹സംസ്ഥാന സിലബസിൽ ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ്​ ഒാൺലൈൻ പഠനം
ക്ലാസുകളുടെ സംപ്രേക്ഷണം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി രാവിലെ 8.30 മുതൽ വൈകീട്ട് 5.30വരെൃ

🔹 facebook.com/victers educhannel വഴിയും തത്സമയം ക്ലാസ് ലഭ്യമാകും.

🔹പ്ലസ്ടു രണ്ട്​ മണിക്കൂർ, പത്താം ക്ലാസ്​ ഒന്നര മണിക്കൂർ, ഹൈസ്കൂൾ ഒരു മണിക്കൂർ, പ്രൈമറി ക്ലാസുകൾക്ക് അര മണിക്കൂർ എന്നിങ്ങനെയാണ് സമയം.

🔹തിങ്കൾ മുതൽ വെള്ളി വരെയാണ്​ ലൈവ് ക്ലാസുകൾ.

🔹 ശനി, ഞായർ ദിവസങ്ങളിൽ പുനഃസംപ്രേക്ഷണമുണ്ടാകും.

🔹കൈറ്റ് പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ചായിരിക്കും ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുക.

🔹സംപ്രേക്ഷണ സമയത്ത് ക്ലാസ് കാണാൻ കഴിഞ്ഞില്ലെങ്കിൽ പുനഃസംപ്രേക്ഷണ സമയത്തോ വെബ്സൈറ്റിലൂടെയോ (victers.kite.kerala.gov.in) യൂട്യൂബ് ചാനലിലൂടെയോ (youtube.com/itsvicters) കാണാം.

🔹ഒാൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് പ്രധാനാധ്യാപകരും ക്ലാസ് ടീച്ചറും ചേർന്ന് സൗകര്യം ഒരുക്കണം.
കോളജുകളിലും പഠനം ഒാൺലൈനിൽ

🔹 ക്ലാസുകൾ രാവിലെ 8.30 മുതൽ 1.30 വരെ.

🔹കോളജുകൾ തെരഞ്ഞെടുക്കുന്ന ഒാൺലൈൻ പ്ലാറ്റ്ഫോമിലായിരിക്കും ക്ലാസ്.

🔹ക്ലാസിൽ ഹാജരാകുന്നവരുടെ ഹാജർ രേഖപ്പെടുത്തും.

🔹 കോളജ് സ്ഥിതിചെയ്യുന്ന ജില്ലയിലെ അധ്യാപകർ കോളജിൽ ഹാജരാകണം. മറ്റുള്ളവർ വീട്ടിലിരുന്ന് ക്ലാസെടുക്കണം.

🔹ഒാൺലൈൻ ക്ലാസിന് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098