1470-490

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

57 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് ചികിത്സയിലായിരുന്ന സുലേഖ (56) ആണ് ഇന്നലെ മരണമടഞ്ഞു. ഹൃദ്‌രോഗിയായിരുന്നു. ഗൾഫിൽനിന്ന് വന്നതായിരുന്നു. ഇതോടെ സംസ്ഥാനത്ത് മരണം പത്ത് ആയി.

ഇന്ന് പോസിറ്റീവായതിൽ 55 പേരും പുറത്തുനിന്നു വന്നവരാണ്. ഇന്ന് 18 പേർക്ക് പരിശോധനാ ഫലം നെഗറ്റീവായി. കാസർകോട് 14, മലപ്പുറം 14, തൃശൂർ 9, കൊല്ലം 5, പത്തനംതിട്ട 4, തിരുവനന്തപുരം 3, എറണാകുളം 3, ആലപ്പുഴ 2, പാലക്കാട് 2, ഇടുക്കി ഒന്ന് പരിശോധനാ ഫലം പോസിറ്റീവായത്.

ഇന്ന് പോസിറ്റീവായതിൽ 27 പേർ വിദേശത്തുനിന്നു വന്നവരാണ്. 28 പേർ അന്യസംസ്ഥാനങ്ങളിൽനിന്ന് വന്നത്. ഒരാൾ എയർ ഇന്ത്യാ സ്റ്റാഫും ഒരാൾ ഹെൽത്ത് വർക്കറുമാണ്.

മലപ്പുറം 7, തിരുവനന്തപുരം, കോട്ടയം 3 വീതം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ഒന്നുവീതം എന്നിങ്ങനെയാണ് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായത്.

ഇതുവരെ 1326 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതിൽ 708 പേർ ഇപ്പോൾ ചികിത്സയിലാണ്. 1,39,661 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1,38,397 പേർ വീടുകളിലോ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലോ ആണ്. 1246 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 174 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 68,979 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 65,273 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.
ഇതുവരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ട 13470 സാമ്പിളുകൾ ശേഖരിച്ചതിൽ 13037 നെഗറ്റീവായിട്ടുണ്ട്. ആകെ 121 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. ഇന്ന് പുതുതായി പാലക്കാട്, കണ്ണൂർ ജില്ലകളിൽ 5 ഹോട്ട്‌സ്‌പോട്ട്.

ഇന്ന് 9 കേരളീയരാണ് വിദേശ രാജ്യങ്ങളിൽ കോവിഡ് 19 ബാധിച്ച് മരണമടഞ്ഞത്. ഇതുവരെ 210 പേരാണ് മരണമടഞ്ഞത്. ഈ സംഖ്യ അനുദിനം വർധിക്കുകയാണ്. രാജ്യത്തിന്റെ മറ്റു വിവിധ സംസ്ഥാനങ്ങളിലും കേരളീയർ മരണമടയുന്നു. ഇങ്ങനെ ജീവൻ നഷ്ടപ്പെട്ട കേരളീയരുടെ മൃതദേഹം പോലും ബന്ധുക്കൾക്ക് കാണാൻ കഴിയാത്ത അവസ്ഥയാണ്. അക്ഷരാർത്ഥത്തിൽ ദുരിതകാലമാണ് നാം പിന്നിടുന്നത്. പ്രിയ സഹോദരങ്ങളുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.

പുറത്തുനിന്ന് ആളുകൾ എത്തുമ്പോൾ സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ നാം മുൻകൂട്ടി കണ്ടിരുന്നു. മെയ് നാലിനുശേഷം ഉണ്ടായ പുതിയ കേസുകളിൽ 90 ശതമാനവും പുറത്തുനിന്ന് വന്നതാണ്. മെയ് 4നു മുമ്പ് അത് 67 ശതമാനമായിരുന്നു. മെയ് 29 മുതൽ ദിവസം ശരാശരി 3000 ടെസ്റ്റുകൾ നടത്തുന്നുണ്ട്.

കണ്ടെയ്ൻമെൻറ് മേഖലകളിൽ 24 മണിക്കൂറും കർഫ്യൂവിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മെഡിക്കൽ ആവശ്യങ്ങൾ, കുടുംബാംഗങ്ങളുടെ മരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മാത്രമേ യാത്ര അനുവദിക്കൂ. ഇതിനായി അടുത്ത പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങണം.

അയൽ സംസ്ഥാനങ്ങളിൽനിന്ന് ദിവസവും കേരളത്തിലെത്തി ജോലി ചെയ്തു മടങ്ങുന്ന തൊഴിലാളികൾക്ക് 15 ദിവസത്തെ കാലാവധിയുള്ള താൽകാലിക പാസ് നൽകും. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്നാണ് പാസ് നൽകുന്നത്.

മാസ്‌ക് ധരിക്കാത്ത 3075 സംഭവങ്ങൾ സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറെയ്ൻ ലംഘിച്ച 7 പേർക്കെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തു.

ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച് നിർദേശം

മാർച്ച് അവസാനം രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ഡൗണിൽ നിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കാനുള്ള മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ ചില കാര്യങ്ങളിൽ നിയന്ത്രണങ്ങൾ നിലവിലുള്ള രീതിയിൽ തുടരാനോ കർക്കശമാക്കാനോ സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും രോഗവ്യാപാനത്തിന്റെ സ്ഥിതി വിലയിരുത്തിയാണ് ഇത്തരത്തിൽ മാറ്റം വരുത്തേണ്ടത്.

കേന്ദ്രമാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പരിശോധിക്കുകയുണ്ടായി. ഇതിൽ ചില കാര്യങ്ങളിൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കും.

കേസുകൾ വർദ്ധിച്ചുവരുന്ന സാഹര്യത്തിൽ കൂട്ടം കൂടുന്നത് തുടർന്നും അനുവദിക്കാൻ കഴിയില്ല. രോഗവ്യാപനം തടയാൻ അത് ആവശ്യമാണ്. കേരളത്തിൽ സംഘം ചേരുന്നവരിൽ സാംസ്‌കാരിക പ്രസ്ഥാനത്തിലും യുവജന സംഘടനകൾ ഒഴികെയുള്ള രാഷ്ട്രീയ സംഘടനകളിലും കൂടുതലും പ്രായാധിക്യമുള്ളവരാണ്. സംഘം ചേരൽ അനുവദിച്ചാൽ റിവേഴ്‌സ് ക്വാറന്റൈൻ പരാജയപ്പെടും. ഇവർ വീടുകളിൽ നിന്നും പുറത്തു വന്നാൽ മരണ സാധ്യതയുള്ളവരുടെ എണ്ണം വർദ്ധിക്കും. ആൾകൂട്ട സാധ്യതയുള്ള ഒരു സംഘം ചേരലുകളും നിലവിലുള്ള സാഹചര്യത്തിൽ അനുവദിക്കുന്നത് അപകടകരമാകും.

ഗുരുവായൂർ ക്ഷേത്രത്തിൽ 50 പേർ എന്ന പരിധിവെച്ച് വിവാഹച്ചടങ്ങുകൾ അനുവദിക്കാമെന്നാണ് കാണുന്നത്. കല്യാണ മണ്ഡപങ്ങളിലും മറ്റു ഹാളുകളിലും 50 പേർ എന്ന നിലയിൽ വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകും.

വിദ്യാലയങ്ങൾ സാധാരണപോലെ തുറക്കുന്നത് ജൂലൈയിലോ അതിനു ശേഷമോ മതിയെന്നാണ് സർക്കാർ കരുതുന്നത്. ഇക്കാര്യവും കേന്ദ്രസർക്കാരുമായി ചർച്ച ചെയ്യും. എട്ടാം തീയതിക്കുശേഷം അനുവദിക്കേണ്ട ഇളവുകളുടെ കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം കേന്ദ്ര ഗവൺമെന്റിനെ അറിയിക്കും.

കണ്ടെയ്ൻമെന്റ് സോണിൽ പൂർണ ലോക്ഡൗണായിരിക്കും. ജൂൺ 30 വരെ ഇന്നത്തെ നിലയിൽ അത് തുടരും.

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നതിന് വരുന്നതിന് സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും പാസ് എടുക്കുകയും വേണം. രജിസ്റ്റർ ചെയ്യാതെ ആളുകൾ വന്നാൽ അത് വലിയ പ്രത്യാഘാതമുണ്ടാക്കും.

അന്തർജില്ലാ ബസ് സർവ്വീസ് പരിമിതമായ തോതിൽ അനുവദിക്കാം. തൊട്ടടുത്ത രണ്ടു ജില്ലകൾക്കിടയിൽ ബസ് സർവീസ് അനുവദിക്കാമെന്നാണ് കാണുന്നത്. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. ബസ് യാത്രയിൽ മാസ്‌ക് ധരിക്കണം. വാതിലിനരികിൽ സാനിറ്റൈസർ ഉണ്ടാകണം. സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം.

കാറിൽ ഡ്രൈവർക്കു പുറമെ മൂന്നുപേർക്ക് യാത്ര ചെയ്യാം. ഓട്ടോയിൽ രണ്ട് യാത്രക്കാരെ അനുവദിക്കും.

സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സ്റ്റുഡിയോക്കകത്തും ഇൻഡോർ ലൊക്കേഷനിലും ആകാം. എന്നാൽ, 50 പേരിലധികം പാടില്ല. ചാനലുകളുടെ ഇൻഡോർ ഷൂട്ടിങ്ങിൽ പരമാവധി ആളുകളുടെ എണ്ണം 25.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി ജില്ലകളിൽ നിത്യേന ജോലിക്ക് വന്ന് തിരിച്ചുപോകുന്നവരുണ്ട്. അവർക്ക് പ്രത്യേക പാസ് അനുവദിക്കും. പൊതുമരാമത്ത് ജോലികൾക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് 10 ദിവസത്തേക്കുള്ള പാസ് നൽകും.

കേരളത്തിന്റെ നേട്ടം

കേരളത്തിലെ കോവിഡ് 19 മഹാമാരിയെക്കുറിച്ച് പരിശോധിക്കുമ്പോൾ പ്രഥമ പരിഗണനയിൽ വരേണ്ടത് നമ്മൾ ഇവിടെ സ്വീകരിച്ച പ്രതിരോധ മാർഗത്തിന്റെ പ്രത്യേകതകളാണ്. മിക്ക പാശ്ചാത്യരാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, പൊതു ആരോഗ്യ സംവിധാനത്തിനു ഊന്നൽ നൽകുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി. ഇതിന് ട്രെയ്‌സ്, ക്വാറന്റൈൻ, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്നീ 5 ഘടകങ്ങളാണുള്ളത്. രോഗം രൂക്ഷമായി പടർന്നു പിടിച്ച മിക്കയിടങ്ങളിലും ട്രെയ്‌സ്, ക്വാറന്റൈൻ എന്ന ആദ്യത്തെ രണ്ടു ഘട്ടങ്ങൾ ഒഴിവാക്കുകയുണ്ടായി. അവർ ടെസ്റ്റിങ്ങിലും ട്രീറ്റ്‌മെന്റിലും മാത്രമാണ് ഊന്നൽ നൽകിയത്. അതിന്റെ ഭാഗമായി രോഗം പടരുന്ന സാഹചര്യം ഫലപ്രദമായി തടയാൻ സാധിച്ചില്ല.

രോഗവ്യാപനം വലിയ തോതിൽ തടഞ്ഞുനിർത്താൻ കേരളത്തിനു സാധിച്ചത് ഈ തരത്തിലുള്ള ഇടപെടൽ കൊണ്ടാണ്. കേരളത്തിന്റെ എറ്റവും വലിയ ശക്തി വികേന്ദ്രീകൃതമായ പൊതുജനാരോഗ്യ സംവിധാനം തന്നെയാണ്.

കോവിഡ് 19 രോഗത്തിന്റെ കേരളത്തിലെ ബേസിക് റീപ്രൊഡക്റ്റീവ് നമ്പർ പരിശോധിച്ചാൽ നമ്മുടെ പ്രവർത്തനങ്ങളുടെ മികവു മനസ്സിലാക്കാൻ സാധിക്കും. ഒരു രോഗിയിൽ നിന്നും എത്ര ആളുകളിലേയ്ക്ക് രോഗം പകരുന്നു എന്നതാണ് ബേസിക് റീപ്രൊഡക്റ്റീവ് നമ്പർ. കൊറോണയുടെ കാര്യത്തിൽ 3 ആണ് ലോകതലത്തിൽ ശരാശരി ബേസിക് റീപ്രൊഡക്റ്റീവ് നമ്പർ. അതായത് ഒരാളിൽ നിന്നും മൂന്നുപേരിലേയ്ക്ക് കോവിഡ് 19 പകരുന്നു എന്ന് കണക്കാക്കപ്പെടുന്നു.

കേരളത്തിൽ ആദ്യത്തെ മൂന്നു കേസുകൾ വുഹാനിൽ നിന്നും എത്തിയപ്പോൾ അവരിൽ നിന്നും ഒരാളിലേയ്ക്ക് പോലും രോഗം പടരാതെ നോക്കാൻ നമുക്ക് സാധിച്ചു. ഇന്ത്യയിൽ കൊറോണ വൈറസ് പടരാൻ സാധ്യതയുണ്ടെന്ന് ജനുവരി 18നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. 19നു തന്നെ സംസ്ഥാന സർക്കാർ അതു സംബന്ധിച്ച് ഓർഡർ ഇറക്കി. 21നുതന്നെ സ്‌ക്രീനിങ്ങിന്റെയും ടെസ്റ്റിങ്ങിന്റെയും മാനദണ്ഡങ്ങൾ തീരുമാനിച്ചു. 26ന് കേരളത്തിൽ ആദ്യ കേസ് രേഖപ്പെടുത്തി. ആ സമയത്തു തന്നെ നാം രോഗവ്യാപനം തടയാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.

പിന്നിട് അടുത്ത ഘട്ടങ്ങളിൽ കേരളത്തിലെ ആക്റ്റീവ് കോവിഡ്-19 കേസുകളിൽ 75 ശതമാനം പുറത്തുനിന്നു വന്ന കേസുകളും, 25 ശതമാനം സമ്പർക്കം മൂലമുണ്ടായതുമാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ രോഗത്തിന്റെ ബേസിക് റീപ്രൊഡക്റ്റീവ് നമ്പർ 0.45 ആക്കി നിലനിർത്താൻ സാധിച്ചു. ലോക ശരാശരി 3 ആണെന്നോർക്കണം. ലോകത്തു വളരെ കുറച്ചു രാജ്യങ്ങൾക്കേ ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളൂ.  

മറിച്ചായിരുന്നു അവസ്ഥ എങ്കിൽ എന്തു സംഭവിക്കുമായിരുന്നു എന്നു നോക്കാം. കോവിഡ് 19ന്റെ സീരിയൽ ഇന്റർവൽ ശരാശരി 5 ദിവസമാണ്. അതായത് രോഗം ബാധിച്ചു കഴിഞ്ഞാൽ മറ്റൊരാളിലേയ്ക്ക് പകർത്താൻ വേണ്ട സമയം. കേരളത്തിലെ ബേസിക് റീപ്രൊഡക്റ്റീവ് നമ്പർ 3 ആണെന്നു സങ്കൽപിച്ചാൽ നിലവിലുള്ള 670 ആക്റ്റീവ് കേസുകൾ രണ്ടാഴ്ച കൊണ്ടു ഏതാണ്ട് 25,000 ആകേണ്ടതാണ്. ശരാശരി മരണ നിരക്ക് 1 ശതമാനമെടുത്താൽ തന്നെ മരണ സംഖ്യ 250 കവിയുകയും ചെയ്യും.

എന്നാൽ കേരളത്തിലിതല്ല സംഭവിച്ചതെന്ന് നമ്മളെല്ലാം കണ്ടതാണ്. അതിനു കാരണം, ഈ രോഗവ്യാപനം തടയാൻ വേണ്ട ട്രെയ്‌സിങ്ങും ക്വാറന്റൈനും നമുക്ക് ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചതാണ്. ഒരു വലിയ വിപത്തിനെ ഇങ്ങനെയാണ് ഇത്രയും നാൾ നമ്മൾ തടഞ്ഞുനിർത്തിയത്. അതുകൊണ്ടുതന്നെ ഹോം ക്വാറന്റൈനും കോണ്ടാക്റ്റ് ട്രെയ്‌സിങ്ങും കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോയേ തീരൂ.

സമൂഹവ്യാപനം ഇതുവരെ ഉണ്ടായില്ല

എപ്പിഡെമോളജിക്കൽ ലിേങ്കജ് അഥവാ കേസുകളുടെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്ത കുറെ കേസുകൾ ഒരേ സ്ഥലത്ത് കണ്ടെത്തുമ്പോഴാണ് സമൂഹവ്യാപനം ഉണ്ടായെന്ന് കണക്കാക്കുന്നത്. കേരളത്തിൽ ഇത്തരം പത്തുമുപ്പത് കേസുകൾ കണ്ടെത്തിയില്ലേ എന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. അത് സമൂഹവ്യാപനത്തിന്റെ ലക്ഷണമല്ലേയെന്ന് സ്വാഭാവികമായും ഉന്നയിക്കപ്പെട്ടേക്കാം.

ഉത്ഭവമറിയാത്ത ഈ 30 കേസുകളും സമൂഹവ്യാപനമല്ല. എത്രയൊക്കെ ശ്രമിച്ചാലും ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം രണ്ടാഴ്ച്ചക്കാലത്ത് അയാളുമായി ബന്ധപ്പെട്ട എല്ലാ മനുഷ്യരേയും പൂർണമായും ഓർത്തെടുക്കാൻ സാധിച്ചെന്നു വരില്ല. അതുകൊണ്ട് റൂട്ട് മാപ്പിൽ കുറച്ചു പേരെങ്കിലും ലിങ്ക് ചെയ്യപ്പെടാതെ പോയേക്കാം. അത്തരത്തിൽ ഒരാൾക്ക് പുതുതായി രോഗം ബാധിച്ചാൽ എപ്പിഡെമോളജിക്കൽ ലിങ്ക് ഇല്ലെന്നു തന്നെ പറയേണ്ടി വരും. എന്നാൽ അതു സമൂഹവ്യാപനത്തിന്റെ ലക്ഷണമായി ഉറപ്പിക്കാനും സാധിക്കില്ല.

അപ്പോൾ അടുത്തപടിയായി അവിടെ അത്തരം സംഭവങ്ങൾ കൂടുതലായി ഉണ്ടോയെന്ന് പരിശോധിക്കുകയും അവിടെ കൂടുതൽ പേരിൽ ടെസ്റ്റ് നടത്തിനോക്കുകയും ചെയ്യും. ഇത്തരം കേസുകളുടെ അതായത് എപ്പിഡെമോളജിക്കൽ ലിങ്ക് ഇല്ലാത്ത, എവിടുന്ന് കിട്ടിയെന്ന് അറിയാത്ത കേസുകളുടെ ഒരു ക്ലസ്റ്റർ അഥവാ കൂട്ടം കേരളത്തിൽ ഒരു പ്രത്യേക സ്ഥലത്തും ഉണ്ടായിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അതൊന്നും സമൂഹവ്യാപനത്തിൽപ്പെടുത്താനാകില്ല.

ഈ ഒറ്റപ്പെട്ട മുപ്പതോളം കേസുകളിലും കഴിഞ്ഞ 14 ദിവസം അവർ ബന്ധപ്പെട്ടവരിൽ രോഗിയോ രോഗിയുടെ പ്രൈമറി കോൺടാക്റ്റിൽ ഉള്ളവരോ ഉണ്ടോയെന്ന് അറിയാത്തതുകൊണ്ടുതന്നെ അവർ സെക്കൻഡറി കോൺടാക്റ്റായി മാറുകയാണ് ചെയ്യുന്നത്. അല്ലാതെ അവർ സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ല. ഇത് കോവിഡ് 19ന്റെ മാത്രം പ്രത്യേകതയാണ്. മറ്റ് ചില പകർച്ചാവ്യാധികളിൽ ഇങ്ങനെയല്ല. ഒരു കേസുണ്ടായാൽത്തന്നെ സമൂഹവ്യാപനമായി കണക്കാക്കാറുണ്ട്.

മഴക്കാലം തുടങ്ങുന്നതിനാൽ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം പൂർണതോതിൽ പുനഃരാരംഭിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി തയ്യാറാക്കും. സ്വകാര്യ മേഖലയെ ഫലപ്രദമായി ഉപയോഗിക്കും. കോവിഡ് ഇതര രോഗങ്ങളുടെ ചികിത്സ ഉറപ്പാക്കും. മെഡിക്കൽ കോളേജുകളിൽ രോഗികൾ കൂടുതലായി എത്തി തുടങ്ങിയിട്ടുണ്ട്, മെഡിക്കൽ കോളേജ്, ഹെൽത്ത് സർവീസസിന്റെ കീഴിലുള്ള ആശുപത്രികളിൽ ചികിത്സ കഴിയുന്നതും പഴയ തരത്തിൽ പുനസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പലതലങ്ങളിലായി നടക്കുകയാണ്.

പുതുതായി രോഗവുമായി എത്തുന്നവർ, നേരത്തെ രോഗമുള്ളവരുടെ പുനഃപരിശോധന അടിയന്തര ചികിത്സ ആവശ്യമുള്ളവർ, ഡയാലിസ്, ആഞ്ചിയോപ്ലാസ്റ്റി തുടങ്ങിയ മാറ്റിവച്ച ചികിത്സകൾ തുടങ്ങി പരിചരണം ആവശ്യമുള്ള പല വിഭാഗത്തിൽ പെട്ടവരുണ്ട്. ടെലിമെഡിസിൻ പദ്ധതി കുറവുകൾ പരിഹരിച്ച് കൂടുതൽ വ്യാപിപ്പിക്കും. ഫോൺ/നെറ്റ് കൺസൾട്ടേഷൻ റിസർവേഷൻ കൂടുതൽ ആരോഗ്യ സ്ഥാപനങ്ങളിൽ ആരംഭിക്കും. സ്വകാര്യ മേഖലയുമായി ചേർന്ന് താഴെതട്ടിൽ മൊബൈൽ ക്ലിനിക്കുകൾ സ്ഥാപിക്കും. സർക്കാർ സ്വകാര്യ മേഖലകളിലെ ചികിത്സാ കൂടുതലായി ലഭ്യമാക്കുന്നതിനുള്ള വിശദമായ കർമ്മ പരിപാടിയും നിർദ്ദേശങ്ങളും തയ്യാറാക്കേണ്ടതാണ്.

വിദേശത്ത് നിന്നും കൂടുതൽ പേർ എത്തി തുടങ്ങിയതോടെ കോവിഡ് മരണനിരക്കിൽ വർധനയുണ്ടായിട്ടുണ്ട് മെയ് 4ന് 3 പേരാണ് മരണപ്പെട്ടിരുന്നതെങ്കിൽ ഇപ്പോഴത് 10 ആയി വർധിച്ചിട്ടുണ്ട്.  ഇതിൽ അമിതമായ ആശങ്കപ്പെടേണ്ടതില്ല. പ്രായാധിക്യമുള്ളവർക്കും ഗുരുതരമായ രോഗമുള്ളവർക്കും വിദേശത്ത്  നിന്നും വരുന്നതിൽ മുൻഗണന നൽകിയിട്ടുണ്ട്. ഇവർ രോഗബാധിതരായി എത്തുന്നത് കൊണ്ടാണ് മരണനിരക്ക് വർധിക്കുന്നത്. ഇവരുടെ എണ്ണം കുറയുന്നതോടെ മരണ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ  സംരക്ഷണ സമ്പർക്ക് വിലക്ക് (റിവേഴ്‌സ്  ക്വാറന്റൈൻ) കൂടുതൽ ശക്തമാക്കും.

മറവു ചെയ്യൽ

കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞവരെ മറവു ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ വിഭാഗം ഡയറക്ടറേറ്റ് പെരുമാറ്റ ചട്ടം പുറപ്പെടുവിച്ചിട്ടുണ്ട്. നീപ്പാ മൂലം മരണമടഞ്ഞവരെ മറവു ചെയ്യുന്നതിൽ നിന്നും കൂടുതൽ ലഘൂകരിച്ച്‌പെരുമാറ്റ ചട്ടമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.  ഇത് കേരളത്തിലും നടപ്പാക്കും.

ചില ട്രെയിനുകൾ സർവീസ് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിനകത്ത് ട്രെയിൻ യാത്ര ആകാമെന്നാണ് കാണുന്നത്.

റിട്ടേൺ ടിക്കറ്റോടെ അത്യാവശ്യത്തിനു വരുന്നവർക്ക് (വിമാനങ്ങളിലടക്കം) ക്വാറന്റൈൻ നിർബന്ധമാക്കില്ല. ഒരാഴ്ചയ്ക്കകം തിരിച്ചുപോകുന്നു എന്ന് ഉറപ്പാക്കണം. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം.

തിങ്കളാഴ്ച കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് പുറപ്പെട്ടത് കോഴിക്കോട്ടുനിന്നാണ്. കണ്ണൂരിൽനിന്ന് ടിക്കറ്റ് റിസർവ് ചെയ്തവരുടെ യാത്ര ഇതുകാരണം മുടങ്ങി. കണ്ണൂരിൽ നിന്ന് ട്രെയിൻ ആരംഭിക്കുന്ന കാര്യം റെയിൽവെയുടെ ശ്രദ്ധയിൽപ്പെടുത്തും.

ഗൾഫ് രാജ്യങ്ങളിൽനിന്ന് ചാർട്ടഡ് വിമാനങ്ങളിൽ ആളുകളെ എത്തിക്കുന്നുണ്ട്. ചിലർ അതിന് അധികം പണം വാങ്ങുന്നു എന്ന പരാതി ഉയർന്നിട്ടുണ്ട്. അങ്ങനെ ആളെ കൊണ്ടുവരുമ്പോൾ രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കണം. കേന്ദ്രം നിശ്ചയിച്ചതിൽ അധികം പണം വാങ്ങരുത്. മുൻഗണനാ വിഭാഗങ്ങൾക്ക് അവസരം നൽകണം.

അതിഥി തൊഴിലാളികൾക്കിടയിൽ പ്രകോപനപരമായ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയാണ്. അവർ നാട്ടിലേക്ക്  പോകുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തടസ്സവുമില്ല. സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാൻ സഹായങ്ങൾ തുടർന്നുമുണ്ടാകും.

ശനിയാഴ്ചയും ഞായറാഴ്ചയും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. അതിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു. മാലിന്യനിർമാർജനം ഉറപ്പുവരുത്തുന്നതിന് തുടർന്നും സജീവശ്രദ്ധ ഉണ്ടാകണം.

ഓൺലൈൻ ക്ലാസുകൾ

കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തു കൊണ്ടിരിക്കുന്ന ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രതിസന്ധികളെ അവസരമാക്കുക, അത് ഫലപ്രദമായി നടപ്പിലാക്കുക എന്ന സർക്കാരിന്റെ കാഴ്ചപ്പാട് വിദ്യാഭ്യാസ മേഖലയിൽ പ്രാവർത്തികമാവുകയാണ്.

സാധാരണ വർഷത്തേതു പോലെ ജൂൺ ഒന്നിനു തന്നെ നമ്മുടെ അധ്യയന വർഷം ആരംഭിക്കാൻ കഴിഞ്ഞു. കുട്ടികളുടെ കയ്യും പിടിച്ച് രക്ഷിതാക്കൾ സ്‌കൂളിലെത്തുന്ന പതിവ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഉണ്ടായില്ല. പകരം ഓൺലൈനായി ക്ലാസുകൾ കൈകാര്യം ചെയ്യുന്ന പുതു രീതിയിലായിരുന്നു അധ്യയന വർഷാരംഭം. നിശ്ചിത സമയത്ത് ഓരോ ക്ലാസിലെ കുട്ടികൾക്കും ടൈംടേബിൾ അനുസരിച്ച് വിക്ടേർസ് ചാനലിലൂടെ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുന്നതാണ് രീതി. വിക്ടേർസിന്റെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലിലും ഈ ക്ലാസുകൾ നൽകുന്നുണ്ട്.

വീട്ടിൽ ടിവിയോ സ്മാർട്ട് ഫോണോ, ഇന്റർനെറ്റോ ഒന്നുമില്ലാത്ത കുട്ടികൾക്കും ക്ലാസുകൾ കാണാനുള്ള അവസരം ഒരുക്കുന്നുണ്ട്.

ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യം ലഭിക്കാത്ത കുട്ടികൾക്കായി ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ടെലിവിഷൻ ഇല്ലാത്ത വീടുകളിലെ കുട്ടികൾക്കായുള്ള അയൽപക്ക പഠനകേന്ദ്രങ്ങൾ കെഎസ്എഫ്ഇ സ്‌പോൺസർ ചെയ്യും. ഇവിടങ്ങളിൽ ടെലിവിഷനുകൾ വാങ്ങുന്നതിനുള്ള ചെലവിന്റെ 75 ശതമാനം കെഎസ്എഫ്ഇ സബ്‌സിഡിയായി നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നൽകിയതിൽ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. അങ്ങനെ ഈ പഠനകേന്ദ്രങ്ങളെല്ലാം കെഎസ്എഫ്ഇ സ്‌പോൺസർ ചെയ്യും. ടെലിവിഷന്റെ 25% ചെലവും കേന്ദ്രം ഒരുക്കുന്നതിനുള്ള മറ്റു ചെലവുകളും തദ്ദേശഭരണ സ്ഥാപനങ്ങളോ സ്‌പോൺസർമാരെയോ കണ്ടെത്തണം. കുടുംബശ്രീ വഴി ലാപ്‌ടോപ്പുകൾ വാങ്ങുന്നതിനുള്ള ഒരു സ്‌കീം കെഎസ്എഫ്ഇ രൂപം നൽകുന്നുണ്ട്. കെഎസ്എഫ്ഇയുടെ മൈക്രോ ചിട്ടിയിൽ ചേരുന്ന കുടുംബശ്രീ സിഡിഎസുകളിലാണ് ഈ സ്‌കീം നടപ്പാക്കുക.

ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‌ടോപ്പുകൾ, 7000 പ്രോജക്ടറുകൾ, 4545 ടെലിവിഷനുകൾ തുടങ്ങിയവ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാനുള്ള അനുവാദം നൽകിയിട്ടുണ്ട്.

സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾ ഉണ്ടെങ്കിൽ രക്ഷിതാക്കളും കുട്ടികളും ആശങ്കപ്പെടേണ്ട കാര്യമില്ല. ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമാണ് നടത്തുന്നത്. ജൂൺ ഒന്നിലെ ക്ലാസുകൾ അതേ ക്രമത്തിൽ ജൂൺ എട്ടിന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.

ഉന്നത വിദ്യാഭ്യാസ മേഖലയിലും സമാനമായി ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായിട്ടുണ്ട്. അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ ടൈംടേബിളുകൾ തയ്യാറാക്കി  അധ്യാപകർ ഓൺലൈനിൽ കൂടി ക്‌ളാസ്സുകൾ കൈകാര്യം ചെയ്യുന്ന രീതിയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നത്. സാങ്കേതിക സംവിധനങ്ങളുടെയും ഇന്റർനെറ്റിന്റെയും ലഭ്യതയെ അടിസ്ഥാനമാക്കി ലൈവ് ക്ലാസ്സുകൾ നൽകും.

ഓൺലൈൻ ക്ലാസ്സുകൾക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് ക്ലാസ്സുകൾ ലഭ്യമാക്കാൻ വേണ്ട ക്രമീകരണങ്ങൾ കോളേജുകളിലോ അടുത്തുള്ള മറ്റു സ്ഥാപനങ്ങളിലോ ഒരുക്കാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. എസ്എസ്എൽസിക്ക് 99.92 ശതമാനം കുട്ടികളും ഹയർസെക്കൻഡറിയിൽ 98.53 ശതമാനവും വൊക്കേഷണൽ ഹയർസെക്കന്ററിയിൽ 98.92 ശതമാനവും പരീക്ഷയെഴുതി. ലോക്ക്ഡൗൺ ഘട്ടത്തിൽ കുറ്റമറ്റ നിലയിൽ പരീക്ഷ നടത്തിയ എല്ലാവരെയും കുട്ടികളെയും അഭിനന്ദിക്കുന്നു.

വായ്പാ പദ്ധതികൾ

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ 650 കോടി രൂപയുടെ വായ്പാ പദ്ധതികൾ  നടപ്പിലാക്കും.

ലോക്ഡൗണിനെ തുടർന്ന് വരുമാനമില്ലാതായ സംരംഭകർക്ക് സംരംഭങ്ങൾ പുനരാരംഭിക്കുന്നതിന് പരമാവധി 5 ലക്ഷം രൂപ വരെ 6 ശതമാനം വാർഷിക പലിശ നിരക്കിൽ പ്രവർത്തന മൂലധനവായ്പ അനുവദിക്കും.

‘സുഭിക്ഷ കേരളം’- പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി ഒബിസി വിഭാഗത്തിൽപ്പെട്ട വ്യക്തിഗത വനിതാ സംരംഭകർക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മത്സ്യം വളർത്തൽ, പശു/ആടുവളർത്തൽ, പോൾട്രിഫാം, എന്നിവ ആരംഭിക്കുന്നതിന് പരമാവധി 2 ലക്ഷം രൂപ വരെ 5 ശതമാനം വാർഷിക പലിശ നിരക്കിൽ വ്യക്തിഗത വായ്പ ലഭ്യമാക്കും.

മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധി യോജന എന്നീ പദ്ധതികൾ പ്രകാരം അനുവദിക്കുന്ന വായ്പ 2 കോടി രൂപയിൽ നിന്നും 3 കോടി രൂപയായി വർദ്ധിപ്പിക്കും. 3 മുതൽ 4 ശതമാനം വരെ വാർഷിക പലിശ നിരക്കിലാണ് സിഡിഎസ്സുകൾക്ക് ഈ വായ്പ അനുവദിക്കുന്നത്.
 
തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിവരുന്ന ഒബിസി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദേശ പ്രവാസികളുടെ പുനരധിവാസത്തിനായി കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് റീട്ടേൺ. 6 മുതൽ 8 ശതമാനം വരെ പലിശ നിരക്കിൽ 20 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന ഈ പദ്ധതിയിൽ രേഖകൾ സമർപ്പിച്ച് 15 ദിവസത്തിനകം വായ്പ അനുവദിക്കും. പരമാവധി 3 ലക്ഷം രൂപ മൂലധന സബ്‌സിഡിയും (15 ശതമാനം) തിരിച്ചടവിന്റെ ആദ്യ 4 വർഷം 3 ശതമാനം പലിശ സബ്‌സിഡിയും നോർക്ക ലഭ്യമാക്കും.

ഈ പദ്ധതി പ്രകാരം പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും സംരംഭങ്ങൾ ആരംഭിക്കുന്നതിന് 20 ലക്ഷം രൂപ വായ്പയെടുക്കുന്ന പ്രവാസിക്ക് വായ്പാ ഗഡുക്കൾ കൃത്യമായി തിരിച്ചടക്കുകയുമാണെങ്കിൽ വായ്പാ കാലാവധിയായ 5 വർഷത്തിനകം മുതലും പലിശയുമടക്കം തിരിച്ചടക്കേണ്ടത് മുതലിനേക്കാളും കുറഞ്ഞ തുകയായ 18.5 ലക്ഷം രൂപ മാത്രമാണ്.

ദുരിതാശ്വാസ നിധി

സാഹിത്യകാരൻ കോവിലന്റെ ഓർമ്മ ദിവസമാണ് നാളെ, അദ്ദേഹത്തിന്റെ സ്മരണാർത്ഥം കോവിലൻ ട്രസ്റ്റിന്റെ വകയായ 1 ലക്ഷം രൂപ മകൾ കൈമാറി.

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡ് 50 ലക്ഷം രൂപ.

ജോയ്ന്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ 18 ലക്ഷം രൂപ. സംഘടനയുടെ സുവർണജൂബിലി സമാപന സമ്മേളനത്തിനടക്കം മാറ്റിവെച്ച തുകയാണ് കൈമാറിയത്.

വെമ്പായം ഗ്രാമപഞ്ചായത്ത് 10 ലക്ഷം രൂപ

കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ 10 ലക്ഷം രൂപ

പോസ്റ്റൽ ടെലികോം ബിഎസ്എൻഎൽ എംപ്ലോയീസ് സഹകരണ സംഘം 7,36,790 രൂപ

എസ്എഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റി വൺ റുപ്പി റവലൂഷൻ ക്യാംപെയ്‌നിലൂടെ സമാഹരിച്ച 5,00,724 രൂപ

തിരുപുറം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ വിഹിതം 2,64,129 രൂപ

ആയൂർവേദ പ്രമോഷൻ സൊസൈറ്റി 2 ലക്ഷം രൂപ

എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് 1,35,081.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069