1470-490

കേരളത്തിൻ്റെ ശാസ്ത്രീയ ഇടപെടലാണ് ലോക ശ്രദ്ധയാകർഷിക്കുന്നത്

കോവിഡ് 19: കേരളത്തിൻ്റെ ശാസ്ത്രീയ ഇടപെടലാണ് ലോക ശ്രദ്ധയാകർഷിക്കുന്നതിന് കാരണമായതെന്ന്  ആരോഗ്യ മന്ത്രി കെ കെ ഷൈലജ
കുന്നംകുളം: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തിൻ്റെ ശാസ്ത്രീയമായ ഇടപെടലാണ് ലോക ശ്രദ്ധയാകർഷിച്ചതെന്നും ഇനിയും ആരോഗ്യ രംഗത്ത് അതീവ ശ്രദ്ധ പതിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ പറഞ്ഞു. കുന്നംകുളം നഗരസഭയിലെ പോർക്കളേങ്ങാട്  കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം ഇനിയും കൂടുമെന്നതിൽ സംശയമില്ല. എന്നാൽ അതിനെ അതീവ ജാഗ്രതയിൽ തന്നെ ഇടപെട്ട് നിയന്ത്രിക്കും.  ഇനിയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണ്. പഞ്ചായത്തു തലത്തിൽ വാർഡുകളിൽ തന്നെ ജാഗ്രതാ സമിതി രൂപീകരിച്ച് കൂടുതൽ പരിശോധന കർശനമാക്കും. കൂടുതൽ വൈറസ് ബാധയുള്ള സ്ഥലങ്ങളിൽ നിന്നാണ് ആളുകൾ എത്തുന്നത്. അതിനാൽ ഹോം ക്വാറൻറയിൻ ഇനിയും  കാര്യക്ഷമമാക്കേണ്ടതുണ്ട്. ആരോഗ്യ രംഗത്ത് കഴിഞ്ഞ നാലു വർഷത്തെ മാറ്റം കേരളത്തിനു ഏറെ ഗുണം ചെയ്തു. അറനൂറിലേറെ പി എച്ച് സി കളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. അവിടേക്ക് ആവശ്യശ്യമുള്ള സ്റ്റാഫുകളെ നിയമിക്കാനും സർക്കാരിനു സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു,കോവിഡുമായി ഇണങ്ങിച്ചേർന്നു മുന്നോട്ടു പോകാനുള്ള കരുതൽ നമുക്ക് ഉണ്ടാവണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കോവിഡ് പ്രതിരോധത്തിൽ ജാഗ്രത കുറയുന്ന ഒരു സമീപനം വന്നു ചേർന്നിട്ടുണ്ടെന്നും എന്നാൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും മന്ത്രി  എ സി മൊയ്തീൻ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലെത്തുന്ന പ്രവാസികളെ ഉൾപ്പെടുത്തി ചെറുകിട സംരംഭങ്ങൾ ആരംഭിക്കും. സംസ്ഥാനത്ത് പരിസ്ഥിതി ദിനത്തിൽ 1 കോടി ഫല വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുമെന്നും മൊയ്തീൻ  പറഞ്ഞു.ചടങ്ങിൽ രമ്യ ഹരിദാസ് എം പി മുഖ്യാതിഥിയായി. കുന്നംകുളം നഗരസഭ ചെയർ പേഴ്സൻ സീതാ രവീന്ദ്രൻ, വൈസ് ചെയർമാൻ പി എം സുരേഷ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർ, ഡി പി എം ടി വി സതീശൻ, കുന്നംകുളം താലൂക്ക് ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠൻ, ഡോ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ വീഡിയോ കോൺഫറൻസിങ് വഴി ജില്ലാ കളക്ടർ എസ് ഷാനവാസ്, രത്തൻ ഖേൽഖർ, ഡി എം ഒ ഡോ. കെ ജെ റീന, ജയശ്രീ പട്ടേൽ തുടങ്ങിയവരും പങ്കെടുത്തു. മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ പ്രവാസിയായ പനങ്ങാട്ട് അയപ്പൻ ചടങ്ങിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിക്കു കൈമാറി.കുന്നംകുളം നഗര ആരോഗ്യ കേന്ദ്രത്തിൽ ദിവസവും ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ ഒ പി യുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 3 വരെ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉണ്ടാവും. അത്യാധുനിക രീതിയ ലുള്ള ലാബ് സൗകര്യവും കുത്തിവെയ്പ്പിനുള്ള സൗകര്യവും ഇവിടെ ദിവസവും ഉണ്ട്. വ്യാഴാഴ്ചകളിൽ ജീവിത ശൈലി നിർണയവും ശനിയാഴ്ചകളിൽ വയോമിത്ര പരിചരണവും ഉണ്ടാകും.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069