1470-490

മദ്യശാലകൾ പൂട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ പൂട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കോൺഗ്രസ് നേതാവ് വിഎം സുധീരന്റെ കത്ത്. മദ്യശാലകൾ തുറന്നതിന് പിന്നാലെ സംസ്ഥാനത്ത് അക്രമസംഭവങ്ങൾ വർധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അടിയന്തരമായി മദ്യശാലകൾ അടയ്ക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടത്.

മദ്യവിൽപന ആരംഭിച്ചതോടെ അത്യന്തം ആപൽക്കരവും അരക്ഷിതവുമായ അവസ്ഥയാണുണ്ടായത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മാത്രം മദ്യലഹരിയിൽ നാല് കൊലപാതകങ്ങൾ നടന്നു. മദ്യലഭ്യതയ്ക്ക് കളമൊരുക്കിയ സർക്കാർ തന്നെയാണ് ഈ കൊലപാതങ്ങളുടെ ഉത്തരവാദിയെന്നും സുധീരൻ കത്തിൽ ആരോപിച്ചു. മദ്യലഹരിയിൽപ്പെട്ട് നിരവധി അക്രമങ്ങളും വാഹനാപകടങ്ങളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കോവിഡ് സമൂഹവ്യാപനത്തിന്റെ വക്കിലെത്തിനിൽക്കുകയും രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുകയും ചെയ്യുന്ന അതിഗുരുതരമായ സാഹചര്യത്തിലാണ് സർക്കാർ ജനതാൽപര്യത്തിനും നാടിന്റെ നന്മയ്ക്കും വിരുദ്ധമായി മദ്യവില്പന നടത്തുന്നത്. ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചും സാമൂഹ്യഅകലം പാലിക്കാതെ തോന്നുംപടി മദ്യവിതരണം നടത്തി കേരളത്തെ അപകടാവസ്ഥയിലേയ്ക്ക് എത്തിക്കുന്നതിന് കളമൊരുക്കിയത് സർക്കാരാണെന്നും സുധീരൻ ആരോപിച്ചു.

മദ്യശാലകൾ അടച്ചിട്ടകാലത്ത് തികച്ചും സമാധാനപരമായിരുന്ന സാമൂഹികഅന്തരീക്ഷം തകർത്ത് കേരളത്തെ അരാജകമായ അവസ്ഥയിലേയ്ക്ക് എത്തിച്ച സർക്കാർ ഇനിയെങ്കിലും തെറ്റ് തിരുത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലുള്ള തീരുമാനം വൈകിയാൽ എല്ലാ പ്രത്യാഘാതങ്ങൾക്കും ജനങ്ങളുടെയും നിയമത്തിന്റെയും മുന്നിൽ പ്രതിക്കൂട്ടിലാകുന്നത് സർക്കാരായിരിക്കുമെന്നും വിഎം സുധീരൻ കൂട്ടിച്ചേർത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253