1470-490

സൗകര്യങ്ങളില്ല, രക്ഷിതാക്കൾ പ്രക്ഷോഭത്തിലേക്ക്

സൗകര്യങ്ങളില്ല, കൊടക്കൽ
ബി ഇ എം യു പി സ്കൂളിലെ രക്ഷിതാക്കൾ പ്രക്ഷോഭത്തിലേക്ക്

177 വർഷം പഴക്കമുള്ള പ്രദേശത്തെ വിദ്യാലയം ആയ കൊടക്കൽ ബി ഇ എം യു പി സ്കൂളിനോട് മാനേജ്മെന്റ് കാണിക്കുന്ന അനാസ്ഥക്കെതിരെ രക്ഷിതാക്കൾ പ്രക്ഷോഭത്തിലേക്ക്. ഏകദേശം 850 ഓളം കുട്ടികൾ പഠിക്കുകയും മുപ്പതോളം അധ്യാപകർ സേവനം ചെയ്യുകയും ചെയ്യുന്ന ഈ വിദ്യാലയത്തിന്റെ അവസ്ഥ വളരെ ശോചനീയവും പരിതാപകരവുമാണ്. ഇതിന് ഒരു പരിഹാരം കാണാനായി വർഷങ്ങളായി മാറിമാറി വരുന്ന പി ടി എ കമ്മറ്റികൾ നിരന്തരം ശ്രമങ്ങൾ നടത്തിവരുന്നു എങ്കിലും മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും യാതൊരു അനുകൂലമായ സമീപനവും ഉണ്ടായിട്ടില്ല. പലപ്പോഴും കണ്ണിൽ പൊടിയിടുന്ന വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളെയും രക്ഷിതാക്കളേയും കബളിപ്പിക്കുകയാണ്. അശാസ്ത്രീയമായ മൂത്രപ്പുര, ചിതൽ പിടിച്ചു വീഴാനായി നിൽക്കുന്ന മേൽക്കൂരകൾ, മാളങ്ങളുള്ള പൊട്ടിപ്പൊളിഞ്ഞ തറകൾ, ഇടച്ചുമരുകൾ ഇല്ലാത്ത ക്ളാസ് മുറികൾ, നാശത്തിലേക്ക് നീങ്ങുന്ന ബെഞ്ചുകൾ തുടങ്ങിയ കാര്യങ്ങൾ കാരണം അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിൽ ആണ് പഠനം മുന്നോട്ടു പോകുന്നത്.പലപ്പോഴും നായകളുടെ വിഹാരകേന്ദ്രമാണ് ക്ളാസ് മുറികൾ. മാത്രമല്ല ചില അധ്യാപകർ ശരിയാം വിധം പഠിപ്പിക്കാനും തയ്യാറാകുന്നില്ല. പ്യൂണിൻറെ സേവനവും ഇവിടെ ഇല്ല. നാളെയുടെ വാഗ്ദാനങ്ങൾ ആയ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങൾ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. ഇത് സംബന്ധിച്ച് വിളിച്ചു കൂട്ടുന്ന യോഗത്തിൽ പങ്കെടുത്തു കാര്യങ്ങൾ അവതരിപ്പിക്കാൻ പോലും സ്കൂൾ അധികൃതർ തയാറാവുന്നില്ലെന്ന് മാത്രമല്ല രക്ഷാകർതൃ സമിതിയോട് നല്ല രീതിയിൽ പ്രതികരിക്കാൻ പോലും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല.
ആയതിനാൽ ഈ നിലപാടിനെതിരെ അതി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തങ്ങൾ നിർബന്ധിതരായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു . കഴിഞ്ഞ ദിവസം പി ടി എ നേതൃത്വത്തിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽ ഇത് സംബന്ധിച്ച് ഏകദേശ ധാരണ ആയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയും ഭാവിയും കണക്കിലെടുക്കാത്ത മാനേജ്മെന്റിന്റെ നിലപാടിനെതിരെ ആദ്യഘട്ട സമരമെന്ന രീതിയിൽ ജൂൺ ഒന്ന് തിങ്കളാഴ്ച രാവിലെ 10ന് സ്കൂൾ ഓഫീസ് ഉപരോധം സംഘടിപ്പിക്കുമെന്ന് രക്ഷിതാക്കൾ അറിയിച്ചു . ഇനിയും അധികൃതർ കണ്ണുകൾ തുറന്നില്ലെങ്കിൽ തുടർച്ചയായി വിവിധ സമര പരിപാടികളുമായി രക്ഷിതാക്കളും നാട്ടുകാരും പി ടി എ യുടെ നേതൃത്വത്തിൽ മുന്നോട്ടു പോകുമെന്നും അവർ പറഞ്ഞു .

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689