1470-490

മലപ്പുറത്ത് രോഗം റിപ്പോർട്ട് ചെയ്തില്ല

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പുതിയ രോഗബാധിതരില്ല

729 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍; ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,576 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്നലെ (മെയ് 30) ആര്‍ക്കും പുതുതായി കോവിഡ് – 19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം. മെഹറലി അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ 729 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 12,576 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 202 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 198 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. 10,948 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,426 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ചികിത്സയിലുള്ളത് 57 പേര്‍

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 57 പേരാണ് നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഓരോ രോഗികളും ഒരു പൂനെ സ്വദേശിനിയും ഉള്‍പ്പെടും. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 97 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 31 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. ഏഴ് പേര്‍ രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടരുകയാണ്. ജില്ലയില്‍ ഇതുവരെ 3,684 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 378 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ജില്ലയില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി തുടരുന്നു

• ഇന്നലെ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ – 214
• നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്ന് 2,194 ദ്രുത കര്‍മ്മ സംഘങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്നു
• മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നലെ വിദഗ്ധ സംഘത്തിന്റെ സേവനം ലഭ്യമാക്കിയത് – 775 പേര്‍
• കൗണ്‍സലിങ് നല്‍കിയത് – 21
• നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പാലിയേറ്റീവ് നഴ്സുമാര്‍ ഇന്നലെ കണ്ടെത്തിയ മുതിര്‍ന്ന പൗരന്മാര്‍ – 299
• നിരീക്ഷണത്തിലുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്ടാക്ട് ട്രെയ്‌സിംഗ് വിഭാഗം ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.

കോവിഡ് 19; മലപ്പുറം ജില്ലയില്‍ മൂന്ന് പേര്‍ കൂടി രോഗമുക്തരായി

ജില്ലയില്‍ ചികിത്സയിലുള്ള ഒരു പാലക്കാട് സ്വദേശിക്കും രോഗം ഭേദമായി

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ കൂടി രോഗമുക്തരായി. തിരൂര്‍ ബി.പി. അങ്ങാടി സ്വദേശികളായ ദമ്പതികളുടെ മകന്‍ മൂന്ന് വയസുകാരന്‍, ഇരിമ്പിളിയം മങ്കേരി സ്വദേശി 36 കാരന്‍, കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 23 കാരന്‍ എന്നിവരാണ് വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായതെന്ന് ജില്ലാ കലക്ടറുടെ ചുമതയിലുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവരെക്കൂടാതെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പാലക്കാട് നെല്ലായ സ്വദേശിയായ 39 കാരനും രോഗമുക്തനായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ തിരൂര്‍ ബി.പി. അങ്ങാടി സ്വദേശി ഗര്‍ഭിണിയായ 27 കാരിയുടെ മകനാണ് ഇന്നലെ രോഗമുക്തനായ മൂന്ന് വയസുകാരന്‍. കുഞ്ഞിന്റെ മാതാവും രോഗബാധിതയായിരുന്നു. വിദഗ്ധ ചികിത്സക്കു ശേഷം രോഗം ഭേദമായ ഇവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇരിമ്പിളിയം മങ്കേരി സ്വദേശി മെയ് 12 ന് മാലി ദ്വീപില്‍ നിന്ന് എത്തിയതായിരുന്നു. മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ചു. കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി മെയ് 12 ന് സിംഗപ്പൂരില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തിയതായിരുന്നു. മെയ് 23 നാണ് രോഗബാധ സ്ഥിരീകരിച്ച് ഇായാള്‍ ഐസൊലേഷനിലായത്. പാലക്കാട് നെല്ലായ സ്വദേശി മെയ് 13 നാണ് കുവൈത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ എത്തിയത്. പാലക്കാട് ജില്ലയിലേക്ക് പോകാതെ മലപ്പുറത്ത് പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നതിനിടെ മെയ് 23 ന് രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായി. ഇന്നലെ രോഗമുക്തരായവരെല്ലാം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവില്‍ തുടര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127