1470-490

കുതിരാൻ തുരങ്കം ഉടൻ തുറക്കും

കുതിരാൻ തുരങ്കപാത ജനപ്രതിനിധികൾ സന്ദർശിച്ചു
നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായ കുതിരാനിലെ ഒരു തുരങ്കപാത ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ സന്ദർശിച്ച് പുരോഗതി വിലയിരുത്തി. കാലവർഷക്കാലത്ത് കുരുക്കില്ലാതെ കുതിരാൻ തുരങ്കപാത സഞ്ചാര യോഗ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ പറഞ്ഞു. ഫയർ ആൻഡ് സേഫ്റ്റിയുടെ അംഗീകാരം ലഭിക്കാനുണ്ട്. മരങ്ങൾ വന്നുവീഴാതിരിക്കാനുള്ള സുരക്ഷിതത്വ സംവിധാനം ഉണ്ടാക്കാൻ വേണ്ട നിർദേശം നൽകിയതായും ചീഫ് വിപ്പ് അറിയിച്ചു.
ഒന്നോ രണ്ടോ ദിവസത്തെ പ്രവർത്തനം കൊണ്ട് കുതിരാനിലെ ഒരു തുരങ്കപാത പ്രവർത്തന യോഗ്യമാക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. തുരങ്ക പാതയിലേക്ക് വീഴാൻ സാധ്യതയുള്ള ഏതാനും മരങ്ങൾ മുറിച്ചുനീക്കാൻ അനുമതി നൽകി. ലോക്ഡൗൺ കാലയവളവിൽ ഗതാഗതം ഇല്ലാത്തത് കണക്കിലെടുത്ത് പാതയിലെ മരങ്ങൾ മുറിക്കുന്ന പ്രവൃത്തി തടസ്സമില്ലാതെ ചെയ്യാനായി.
ജില്ലയിലെ ഏറെക്കാലത്തെ വലിയ പദ്ധതിയായ പഴയ കുതിരാൻ ദേശീയപാതയിലൂടെ പവർഗ്രിഡ് കോർപറേഷന്റെ ഭൂമിക്കടിയിലൂടെയുള്ള വൈദ്യുതി കേബിളിടൽ പ്രവൃത്തി ലോക് ഡൗൺ കാലയളവിൽ ഏതാണ്ട് പൂർത്തിയായതായി കളക്ടർ അറിയിച്ചു. 1800 കോടി രൂപ മുതൽമുടക്കുള്ള ഈ പദ്ധതി നാല് വടക്കൻ ജില്ലകളിലെ വോൾട്ടേജ് ക്ഷാമം പൂർണമായി പരിഹരിക്കാൻ കഴിയുന്നതാണെന്നും കളക്ടർ പറഞ്ഞു.
പൂർത്തിയായ തുരങ്കപാത ഉടൻ തുറന്നുകൊടുക്കാനാവശ്യമായ പ്രവൃത്തികളുടെ പുരോഗതി നിരന്തരമായി നേരിട്ട് വിലയിരുത്തുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689