1470-490

ഇറിഗേഷൻ വകുപ്പിന്റെ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക്

ചൂണ്ടൽ പഞ്ചായത്തിൽ നടക്കുന്ന ഇറിഗേഷൻ വകുപ്പിന്റെ നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക്. ഏകദേശം ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് ചൂണ്ടൽ പഞ്ചായത്തിൽ ഇറിഗേഷൻ വകുപ്പ് നടത്തിവരുന്നത്. ചൂണ്ടൽ മണിയിൽ ചിറ, പുഞ്ചാക്ക്, പട്ടിക്കര കായൽ, പാറന്നൂർ പള്ളിത്തോട്, ചൂണ്ടക്കാരൻ തോട് എന്നിവടങ്ങളിലാണ് നിർമ്മാണ പ്രവർത്തികൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്നത്.പാട ശേഖരങ്ങളിലെ കൃഷിക്ക് ഉപയോഗിക്കുന്നതിനായുള്ള വെള്ളമെത്തിക്കുന്നതോടുകളുടെ ഷട്ടർ മാറ്റി പുതിയ ഷട്ടർ സ്ഥാപിക്കുന്ന പ്രവർത്തികളാണ് ഭൂരിഭാഗം പ്രദേശങ്ങളിലും പുരോഗമിക്കുന്നത്. പ്രളയാനന്തര നിർമ്മാണ പ്രവർത്തികൾക്കുള്ള ഫണ്ടിൽ നിന്നും  അനുവദിച്ച തുക ചിലവഴിച്ചാണ് ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നത്. കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതോടുകളിൽ സ്ഥാപിച്ച ഷട്ടറുകൾ കാലപഴക്കത്താൽ വെള്ളം തടഞ്ഞ് നിറുത്തുന്നതിന് വലിയ ബുദ്ധിമുട്ടാണ് കർഷകർ അനുഭവിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ പാടശേഖരങ്ങളിലെ കർഷകരുടെ നീണ്ട ക്കാലത്തെ ആവശ്യമെന്ന നിലയിൽ പഞ്ചായത്ത് പരിധിയിലെ ഷട്ടറുകൾ മാറ്റി സ്ഥാപിക്കുന്നതിന് ചൂണ്ടൽ പഞ്ചായത്ത് ഭരണ സമിതി മുന്നോട്ട് വന്നത്. കാർഷിക മേഖലയ്ക്ക് ഏറെ ഗുണകരമാകുന്ന പ്രവർത്തികൾ നേരിൽ കണ്ട് വിലയിരുത്തുന്നതിനായി മുരളി പെരുനെല്ലി എം.എൽ.എ.നിർമ്മാണം അവസാനഘട്ടത്തിലെത്തിയ മണിയിൽ ചിറ സന്ദർശിച്ചു. പഴയ മരം കൊണ്ടുള്ള ഷട്ടറുകൾക്ക് പകരം ഫൈബർ ഷട്ടറാണ് ഇവിടെ സ്ഥാപിക്കുക എന്ന് ഉദ്ദ്യോഗസ്ഥർ വിശദീകരച്ചു. ഇതുവഴി കൂടുതൽ കാര്യക്ഷമമായി ജലസംഭരണം നടത്താൻ കഴിയുമെന്നാണ് കരുതുന്നത്. ഷട്ടറുകളുടെ നിർമ്മാണത്തിനൊപ്പം കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും മണ്ണ് വന്ന് നിറഞ്ഞ് ഒഴുക്കിന് തടസ്സം നേരിടുന്ന സ്ഥിതിയിലായിരുന്നതോടുകൾ വൃത്തിയാക്കുന്ന പ്രവർത്തിയും പുരോഗമിക്കുകയാണ്. കാർഷിക മേഖലയുടെ പുരോഗതിക്കായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതികൾ നടപ്പിലാക്കിവരികയാണെന്ന് മുരളി പെരുനെല്ലി എം.എൽ എ പറഞ്ഞു. മഴയ്ക്ക് മുൻപെ നിർമ്മാണ പ്രവർത്തികൾ അവസാനിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇറിഗേഷൻ വകുപ്പ്. ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം, വൈസ് പ്രസിഡണ്ട് രേഖ സുനിൽ, ജനപ്രതിനിധികളായ എൻ.എ.ഇക്ബാൽ, ടി.എ.മുഹമ്മദ്ദ് ഷാഫി, എം.ബി. പ്രവീൺ, ഷൈലജ പുഷ്പാകരൻ, പഞ്ചായത്ത് സെക്രട്ടറി പി.എ.ഷൈല, ആസൂത്രണ സമിതി അംഗങ്ങൾ, പൊതുപ്രവർത്തകർ, കർഷക പ്രതിനിധികൾ എന്നിവരും എം.എൽ എ ക്കൊപ്പം നിർമ്മാണ പ്രവർത്തികൾ വിലയിരുത്താൻ എത്തിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206