1470-490

ഈ ദുരിതകാലത്ത് മീനുവിന് സ്വന്തമാകും ഒരു സ്വപ്‌നഭവനം

ഗുരുവായൂര്‍ : മീനുവിന്റെ സ്വപ്ന ഭവനം തിങ്കളാഴ്ച്ച കൈമാറും. ഗുരുവായൂര്‍ നഗരസഭ 26-ാം വാര്‍ഡില്‍ ഇരിങ്ങപ്പുറം മൈത്രി ജംഗ്ഷനില്‍ പുന്നത്തൂര്‍ വീട്ടില്‍ വയോധികയായ മീനുവിന് സിപിഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ തിങ്കള്ച്ച കൈമാറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മീനുവും കുടുംബവും നിലവില്‍ കഴിയുന്നത് ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് മേഞ്ഞ ഒരു ഷെഡ്ഡിലാണ്. മീനുവിന്റെ സങ്കടം കണ്ടറിഞ്ഞ സിപിഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് പ്രവര്‍ത്തകര്‍ ഇവരുടെ വീടിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചുറ്റുമതിലടക്കം മുഴുവന്‍ പണികളും തീര്‍ത്താണ് ഭവനം കൈമാറുന്നത്. തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ: വി എസ് സുനില്‍കുമാര്‍ മീനുവിന് സ്വപ്‌നഭവനത്തിന്റെ താക്കോല്‍ കൈമാറും. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷനാകും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം രതിടീച്ചര്‍ മുഖ്യാതിഥിയായിരിക്കും. ഗുരുവായൂര്‍ ദേവസ്വം മെമ്പര്‍ മുന്‍ എംഎല്‍എ കെ അജിത് വിശിഷ്ടാതിഥിയായി പങ്കെടുക്കും. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി.മുഹമ്മദ് ബഷീര്‍, മണ്ഡലം അസി. സെക്രട്ടറി സി വി ശ്രീനിവാസന്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാനും എഐവൈഎഫ് മണ്ഡലം പ്രസിഡണ്ടുമായ അഭിലാഷ് വി ചന്ദ്രന്‍ സെക്രട്ടറിയായുള്ള ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ലത്തീഫ് കുഞ്ഞിമോന്‍ കണ്‍വീനറായുള്ള കമ്മിറ്റിയാണ് മീനുവിനായി സുന്ദര ഭവനം യാഥാര്‍ത്ഥ്യമാക്കിയത്. വാർത്താ സമ്മേളനത്തിൽ നഗരസഭ വൈസ് ചെയര്‍മാൻ അഭിലാഷ്.വി. ചന്ദ്രന്‍, സി പി ഐ ഇരിങ്ങപ്പുറം ലോക്കൽ സെക്രട്ടറി കെ.കെ. ജ്യോതിരാജ്, ലത്തീഫ് കുഞ്ഞിമോന്‍ തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127