1470-490

സുന്ദരിക്ക് പൊട്ടുകുത്തി” കണയങ്കോട് പാലം

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി : തീരദേശമായ കൊയിലാണ്ടി മേഖലയും കിഴക്കൻ മലയോര ഭാഗങ്ങളും പരസ്പരം അതിര് പങ്കിടുന്ന കണയങ്കോട് പ്രദേശം പൊതുവെ പ്രകൃതി രമണീയമാണ്. സുന്ദരിക്ക് പൊട്ടുകുത്തിയ പോലെ ഈ പ്രദേശത്തെ പാലവും ലോക് ഡൗൺ കാലത്ത് മുഖം മിനുക്കിയത് യാത്രക്കാരെ ഏറെ ആകർഷിക്കുന്നു. പുത്തൻ പെയിന്റിൽ ചമഞ്ഞൊരുങ്ങിയിരിക്കുന്ന പാലം പുഴയോരക്കാഴ്ചകളെ കൂടുതൽ സുന്ദരമാക്കുന്നു. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിലെ കണയങ്കോട് പാലം കാലപ്പഴക്കത്തിലും ഒരു തകരാറുമില്ലാതെ നിലനിൽക്കുന്ന ജില്ലയിലെ ചുരുങ്ങിയ പാലങ്ങളിൽ ഒന്നാണ്. പാലം നിർമ്മിക്കുന്നതിന് മുമ്പ് കണയങ്കോട് വരെ മാത്രമായിരുന്നു ഇരുഭാഗത്തെയും യാത്ര. അക്കരെയെത്താൻ ആദ്യകാലത്ത് ചങ്ങാടമാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് തോണിയായിരുന്നു ആശ്രയം. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നുവെങ്കിലും ആറ് പതിറ്റാണ്ട് തികയാറുമ്പോഴും പാലത്തിന് ഇപ്പോഴും ഒരു കുലുക്കവുമില്ല.1961 ലാണ് പാലത്തിന്റെ പണി തുടങ്ങിയത്. രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കി 1963 ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.പി.ഉമ്മർകോയയാണ് ഗതാഗതത്തിന് തുറന്ന് കൊടുത്തത്. പാലം പെയിൻറടിച്ച് മോടി കൂട്ടിയതോടെ നിരവധി പേരാണ് ഇതിൻ്റെ പടം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നത്. ഗ്രാമീണ ഭംഗി തുടിച്ചു നിൽക്കുന്ന കേന്ദ്രമെന്ന നിലയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശം കൂടിയാണ് കണയങ്കോട്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ സ്വകാര്യ ഹൗസിംഗ് ബോട്ട് സർവ്വീസ് നിലനിന്നിരുന്നു. അകലാപ്പുഴയും പൂനൂർ പുഴയും സംഗമിക്കുന്ന കണയങ്കോട് പുഴയുടെ പടിഞ്ഞാറ് ഭാഗത്ത് ഔഷധമൂല്യമുള്ള കണ്ടൽചെടികളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. കണയങ്കോട് – കക്കയം ടൂറിസം കോറിഡോർ യഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായാണറിവ്.കൊയിലാണ്ടി നഗരസഭ ഗ്രീൻ സോണായി പ്രഖ്യാപിച്ച ഈ മേഖല ഏറെ പരിസ്ഥിതി പ്രാധാന്യമുള്ളതാണ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689