1470-490

ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ

ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ;ഇൻബോർഡ് വള്ളങ്ങളിൽ പരമാവധി 30 പേർ മാത്രം
തൃശൂർ: മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിർത്തുന്നതിനുള്ള സംസ്ഥാന സർക്കാറിന്റെ ട്രോളിംഗ് നിരോധനം ജൂൺ ഒമ്പത് അർധരാത്രി 12 മണിക്ക് നിലവിൽ വരും. ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് നിരോധനം. കോവിഡ് 19 മാർഗനിർദേശ പ്രകാരം സാമൂഹിക അകലം പാലിക്കേണ്ടതിനാൽ, ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധനത്തിന് അനുമതിയുള്ള ഇൻബോർഡ് വള്ളങ്ങളിൽ 30 പേരെ മാത്രമേ അനുവദിക്കൂ എന്ന് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി. സുഗന്ധകുമാരി കളക്ടറേറ്റിൽ ചേർന്ന സംയുക്ത യോഗത്തിൽ അറിയിച്ചു. ഒരു ഇൻബോർഡ് വള്ളത്തിന് ഒരു കാരിയർ വള്ളം മാത്രം അനുവദിക്കും. അതിൽ പരമാവധി അഞ്ച് തൊഴിലാളികൾക്ക് കൂടി പ്രവർത്തിക്കാം.
ട്രോളിംഗ് നിരോധനം നിലവിൽ വരുന്ന ജൂൺ ഒമ്പത് അർധരാത്രിക്ക് മുമ്പായി തൃശൂർ ജില്ലയുടെ തീരദേശത്ത് പ്രവർത്തിക്കുന്ന എല്ലാ യന്ത്രവത്കൃത ബോട്ടുകളും കേരള തീരം വിട്ടുപോവണം. പരമ്പരാഗത വള്ളങ്ങൾ ഉപയോഗിച്ചുള്ള ട്രോളിംഗും അനുവദിക്കുന്നതല്ല. മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനെതിരെ കർശന നടപടിയെടുക്കും.
ട്രോളിംഗ് നിരോധന കാലയളവിൽ ജില്ലയുടെ തീരപ്രദേശത്തും ഹാർബറുകളിലും മറ്റും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ യന്ത്രവത്കൃത ബോട്ടുകൾക്ക് ഒരു കാരണവശാലും ഇന്ധനം നൽകാൻ പാടില്ല. പരമ്പരാഗത തൊഴിലാളികൾ പ്രവർത്തിക്കുന്ന യാനങ്ങൾക്കൊഴികെ ഇന്ധനം നൽകുന്ന ഡീസൽ ബങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കായലിനോടോ ജെട്ടിയോടോ ചേർന്ന് പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ ജൂൺ ഒമ്പത് അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ തുറന്നുപ്രവർത്തിക്കാൻ പാടില്ല. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ തെരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകൾ പ്രവർത്തിക്കും. ട്രോൾ നിരോധന കാലയളവിൽ കടലിൽ പോവുന്ന മത്സ്യത്തൊഴിലാളികൾ ബയോമെട്രിക് തിരിച്ചറിയൽ കാർഡ് നിർബന്ധമായി കരുതണം.
ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും കളർകോഡിംഗ് പൂർത്തിയാക്കണം. തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷന് ജില്ലാ സപ്ലൈ ഓഫീസർക്ക് യോഗം നിർദേശം നൽകി.കടൽ പട്രോളിംഗിനും രക്ഷാപ്രവർത്തനത്തിനുമായി ഒരു ബോട്ട് വാടകയ്ക്കെടുക്കും. അഞ്ച് സീ റസ്‌ക്യു ഗാർഡുമാരെ നിയമിക്കും. കടൽ പട്രോളിംഗിൽ ഫിഷറീസിനെ സഹായിക്കാനും ക്രമസമാധാന പാലനത്തിനും ആവശ്യമായ പോലീസിനെ ലഭ്യമാക്കാൻ ജില്ലാ പോലീസ് മേധാവിക്കും കോസ്റ്റൽ പോലീസിനും നിർദേശം നൽകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എ.ഡി.എം റെജി പി. ജോസഫ് അറിയിച്ചു. കോസ്റ്റൽ പട്രോളിംഗ് ശക്തമാക്കും.
യോഗത്തിൽ മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പ്രതിനിധി അഡ്വ. പി.ആർ. വാസു, ധീവരസഭ സംസ്ഥാന സെക്രട്ടറി ജോഷി ബ്ലാത്താട്ട്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ഷാഹുൽ ഹമീദ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
ഫീഷറീസ് കൺട്രോൾ റൂം ആരംഭിച്ചുജില്ലയിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും അഴീക്കോട് റീജ്യനൽ ഷ്രിംപ് ഹാച്ചറിയിലും മെയ് 15 മുതൽ തന്നെ 24 മണിക്കൂർ പ്രവർത്തന സജ്ജമായ ഫീഷറീസ് കൺട്രോൾ റൂം ആരംഭിച്ചു. കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ കളക്ടറേറ്റ് കൺട്രോൾ റൂമിലും നേവിയുടെ ടോൾഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.ഫിഷറീസ് കൺട്രോൾ റൂം തൃശൂർ: 0487 2441132, അഴീക്കോട് റീജ്യനൽ ഷ്രിംപ് ഹാച്ചറി: 0480 2819698, കളക്ടറേറ്റ് കൺട്രോൾ റൂം, തൃശൂർ: 0487 2362424, കോസ്റ്റ് ഗാർഡ്: 1093.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206