1470-490

പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ തുടങ്ങി


കർശന സുരക്ഷാ ക്രമീകരണങ്ങളോടെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾക്ക് ബുധനാഴ്ച രാവിലെ തുടക്കമായി. ഉച്ചയ്ക്ക് ശേഷം എസ് എസ് എൽ സി ഫിസിക്‌സ് പരീക്ഷയും നടന്നു. രാവിലെ വി എച്ച് എസ് ഇ പരീക്ഷയും ഉണ്ടായിരുന്നു.
സർക്കാർ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്‌ക് ധരിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷാ ഹാളുകളിലെത്തിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ സ്‌കൂളുകളിൽ നേരത്തെ തന്നെ എത്തിയിരുന്നു. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ആകെ ഒരു പ്രവേശന കവാടമാണ് ഒരുക്കിയിരുന്നത്. ശരീരോഷ്മാവ് പരിശോധിച്ചശേഷമാണ് കുട്ടികളെ ഹാളിലേക്ക് കയറ്റിയത്. ബുധനാഴ്ച (മെയ് 27) രാവിലെ 9:45 മുതൽ 12:30 വരെയാണ് ഹയർ സെക്കന്ററി പരീക്ഷകൾ നടന്നത്. പ്ലസ് വൺ വിഭാഗത്തിൽ മ്യൂസിക്, അക്കൗണ്ടൻസി, ജോഗ്രഫി, സോഷ്യൽ വർക്ക്, സംസ്‌കൃത സാഹിത്യം എന്നിങ്ങനെയും പ്ലസ്ടു വിഭാഗത്തിൽ ബയോളജി, ജിയോളജി, സംസ്‌കൃതസാഹിത്യം, ഇലക്ട്രോണിക്സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, പാർട്ട് മൂന്ന് ലാംഗ്വേജസ് എന്നീ വിഷയങ്ങളിലുമായാണ് പരീക്ഷ നടന്നത്. ഉച്ചയ്ക്ക് ശേഷം 1.45 മുതൽ 4 മണിവരെയായിരുന്നു എസ് എസ് എൽ സി പരീക്ഷ.
ജില്ലയിൽ ഹയർ സെക്കന്ററി, വൊക്കേഷ്ണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ആകെ 73755 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ പ്ലസ് വൺ വിഭാഗത്തിൽ 37337, പ്ലസ്ടു വിഭാഗത്തിൽ 36418 കുട്ടികളുണ്ട്.
ഹയർ സെക്കന്ററിയിൽ പ്ലസ് ടു വിഭാഗം ജില്ലയിൽ 33920, ഹയർ സെക്കന്ററി പ്ലസ് വൺ 34944 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്ലസ് വൺ 2393 വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം പ്ലസ് ടു 2498 എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്നത്.എയ്ഡഡ് സ്‌കൂളുകളിലാണ് ഹയർ സെക്കന്ററിയിൽ ഏറ്റുവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്. 40418 കുട്ടികൾ. ഗവ.സ്‌കൂളുകളിൽ 28588 ഉം അൺ എയ്ഡ്സ് സ്‌കൂളുകളിൽ 4749 വിദ്യാർത്ഥികളുമാണുള്ളത്.
വ്യാഴാഴ്ച (മെയ് 28) പ്ലസ്ടു ബിസിനസ് സ്റ്റഡീസ് അടക്കം നാല് പരീക്ഷകളും, 29ന് ഹിസ്റ്ററി അടക്കം അഞ്ച് പരീക്ഷകളും, 30ന് കണക്ക് അടക്കം മൂന്ന് പരീക്ഷകളുമാണ് നടക്കുക. വ്യാഴാഴ്ച പ്ലസ് വൺ ഇക്കണോമിക്‌സും വെള്ളിയാഴ്ച ഫിസിക്‌സ് അടക്കം നാലു പരീക്ഷകളും ശനിയാഴ്ച കെമിസ്ട്രി അടക്കം മൂന്നു പരീക്ഷകളും നടക്കും. എസ് എസ് എൽ സി കെമിസ്ട്രി പരീക്ഷ വ്യാഴാഴ്ചയാണ്.ഹയർസെക്കന്ററി, വി എച്ച് എസ് ഇ എന്നീ വിഭാഗങ്ങളിലായി ജില്ലയിൽ 259 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. ഇതിൽ 199 കേന്ദ്രങ്ങളിലാണ് ഹയർസെക്കന്ററി പരീക്ഷകൾ നടക്കുന്നത്. 3648 ഇൻവിജിലേറ്റേഴ്‌സിനെയും നിയോഗിച്ചിരുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതുന്നത് പുതുക്കാട് സെന്റ് ആന്റണീസ് ഹയർസെക്കന്ററി സ്‌കൂളിലാണ്. 1518 പേർ.
ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാച്ചുമതലയുള്ളവരെ കൂടാതെ അധികം അധ്യാപകരെ നിയോഗിച്ചിരുന്നു. ആരോഗ്യപ്രവർത്തകരുടെ കീഴിൽ പ്രത്യേകം പരിശീലനം സിദ്ധിച്ച രണ്ട് അദ്ധ്യാപകരെ വീതം ആരോഗ്യ ക്രമീകരണങ്ങൾക്കായി നിയമിച്ചിരുന്നു. അധ്യാപകരും ജീവനക്കാരും കൈയുറയും മാസ്‌ക്കും ധരിച്ചിരുന്നു. കുട്ടികൾ ഹാജർ ഷീറ്റിൽ ഒപ്പിടേണ്ടതിന് പകരം അധ്യാപകർ കുട്ടികളുടെ ഹാജർ അവരുടെ ഷീറ്റിൽ രേഖപ്പെടുത്തുകയാണ് ചെയ്തത്. രണ്ടുപേർ ഒരു ബെഞ്ചിൽ എന്ന നിലയിലാണ് ക്രമീകരിച്ചിരുന്നത്. സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായി ഓരോ വിദ്യാലയങ്ങളിലും അതത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരാൾ വീതവും പോലീസ് ക്യാമ്പിൽ നിന്ന് ഒരാൾ വീതവും കൂടാതെ രണ്ട് ആശാ വർക്കർമാരെയും നിയമിച്ചിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689