1470-490

ഡെങ്കിപ്പനി, എലിപ്പനി രോഗങ്ങൾക്കെതിരെയും ജാഗ്രത പുലർത്തണം

ഡെങ്കിപ്പനി, എലിപ്പനി രോഗങ്ങൾക്കെതിരെയും ജാഗ്രത പുലർത്തണം : ഡി.എം.ഒ

കോവിഡ് രോഗബാധയുടെ ആശങ്കകൾ നിലനിൽക്കുമ്പോഴും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ച വ്യാധികൾക്കെതിരെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന അറിയിച്ചു. വേനൽ മഴയ്ക്ക് ശേഷം കൊതുകു സാന്ദ്രത വർദ്ധിച്ചതിനാൽ ഡെങ്കിപ്പനി കൂടുതൽ വ്യാപകമാകുന്നുണ്ട്. ഈ വർഷം ജനുവരി മുതൽ ആകെ 59 ഡെങ്കിപ്പനി കേസുകളും ആറ് എലിപ്പനി കേസുകളുമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. മെയ് മാസത്തിൽ ആകെ 35 ഡെങ്കിപ്പനി കേസുകളും മൂന്ന് എലിപ്പനി കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചാലക്കുടി, വരന്തരപ്പിള്ളി, മറ്റത്തൂർ, പരിയാരം തുടങ്ങിയ മലയോര പ്രദേശങ്ങളിലും തൃശൂർ കോർപ്പറേഷൻ പരിധിയിലുള്ള അയ്യന്തോൾ, ചുങ്കം, പൂത്തോൾ, കോട്ടപ്പുറം പ്രദേശങ്ങളിലും മുണ്ടത്തിക്കോട് പരിസരത്തുമാണ് കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചാലക്കുടി, ഏങ്ങണ്ടിയൂർ, മാമ്പ്ര, അവിണിശ്ശേരി, പടിഞ്ഞാറേ വെമ്പല്ലൂർ എന്നീ പ്രദേശങ്ങളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്.

ഡെങ്കിപ്പനി ലക്ഷണങ്ങൾ
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി പകരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. രോഗം കുറഞ്ഞാലും രണ്ടാഴ്ചയോളം വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഡെങ്കി വൈറസ് രണ്ടാമത്തെ പ്രാവശ്യം ഒരാളിൽ പ്രവേശിച്ചാൽ രോഗം കൂടുതൽ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്
കൊതുക് വളരുന്ന മലിനമായ സാഹചര്യങ്ങൾ ഒഴിവാക്കുക, ചിരട്ടകൾ, കുപ്പികൾ, ടയറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കുന്ന രീതിയിൽ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ കൊതുകുകൾ മുട്ടയിടാതിരിക്കാനായി വലകൾ കൊണ്ട് കെട്ടിവെക്കുക, കുളങ്ങളിൽ ഗപ്പി, ഗംബൂസിയ തുടങ്ങിയ അലങ്കാര മത്സ്യങ്ങളെ വളർത്തുക, കക്കൂസിന്റെ വെന്റ് പൈപ്പുകൾ വലകൾ കൊണ്ട് കെട്ടിവെക്കുക, കക്കൂസ് ടാങ്കിന്റെ സ്ലാബുകളിലെ വിടവുകൾ നികത്തുക, ഓടകളിലെ മാലിന്യങ്ങൾ നീക്കി വെള്ളം സുഗമമായി ഒഴുക്കിവിടുക തുടങ്ങിയ പ്രതിരോധ മാർഗങ്ങങ്ങളാണ് രോഗം തടയുന്നതിനായി സ്വീകരിക്കേണ്ടത്. കൊതുകുകടിയേൽക്കാതിരിക്കാൻ കൊതുകുവല, ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ, ലേപനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് സ്വയം സംരക്ഷിക്കുവാൻ ശ്രദ്ധിക്കണം. മഴക്കാലം ആരംഭിക്കുന്നതോടുകൂടി കൊതുകുകളുടെ എണ്ണം കൂടുകയും രോഗം പടർന്നു പിടിക്കുവാനുള്ള സാഹചര്യങ്ങളും വർധിക്കുന്നു. കൊതുകു മൂലമുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ ജില്ലാമെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം തുടർന്നുകൊണ്ടിരിക്കുകയാണ്.

എലിപ്പനി കൃത്യസമയം ചികിത്സില്ലെങ്കിൽ മാരകമാവും
എലിപ്പനി കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പെട്ടെന്ന് മാരകമായേക്കാം. പ്രധാനമായും എലിമൂത്രം കലർന്ന ജലം, മണ്ണ്, മാലിന്യങ്ങൾ, ഭക്ഷണപദാർത്ഥങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയിൽക്കൂടി ഉള്ള സമ്പർക്കത്തിലൂടെ രോഗകാരിയായ ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മുറിവുകളിലൂടെയോ കണ്ണുകളിലൂടെയോ ശരീരത്തിൽ പ്രവേശിച്ചാണ് എലിപ്പനി പകരുന്നത്. മാലിന്യങ്ങൾ സുരക്ഷിതമായി സംസ്‌കരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധം.
രോഗ പകർച്ചയ്ക്കു സാധ്യതയുള്ള സാഹചര്യങ്ങളിൽ, ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓടകളിലും തോടുകളിലും വയലുകളിലും, കുളങ്ങളിലും ഇറങ്ങി ജോലി ചെയ്യുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നതും മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും. ഇത്തരം തൊഴിലുകൾ ചെയ്യുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം എലിപ്പനി രോഗത്തിനെതിരെ മുൻ കരുതൽ ചികിത്സ എന്ന നിലയിൽ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കേണ്ടതാണ്. ഇത്തരം തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ കട്ടി കൂടിയ റബ്ബർ കാലുറകൾ, കയ്യുറകൾ എന്നിവ ധരിക്കുന്നത് നല്ലതാണ്. കൈകാലുകളിൽ മുറിവുള്ളവർ മുറിവുകൾ ഉണങ്ങുന്നത് വരെ ഇത്തരം ജോലികൾ കഴിവതും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ജോലിക്ക് പോകുന്നതിനു മുൻപും ജോലി കഴിഞ്ഞു വന്നതിനു ശേഷവും മുറിവുകൾ ആന്റിസെപ്റ്റിക് ലേപനങ്ങൾ ഉപയോഗിച്ച് ഡ്രസ് ചെയ്യേണ്ടതാണ്.

വിറയലോടുകൂടിയ പനി, കഠിനമായ തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങൾ. എലിപ്പനി പിടിപെടുന്നവരിൽ മഞ്ഞപ്പിത്ത ലക്ഷണങ്ങളും ഉണ്ടാകാമെന്നതിനാൽ മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിക്കുവാനും സാദ്ധ്യതയുണ്ട്. ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. സ്വയംചികിത്സ യാതൊരു കാരണവശാലും പാടുള്ളതല്ല. ചികിത്സ തേടുന്നതിനുള്ള കാലതാമസം രോഗം ഗുരുതരമാകുവാനും മരണംവരെ സംഭവിക്കുവാനും ഇടയാക്കും.

ഉറവിട നശീകരണപ്രവർത്തനങ്ങൾ, പ്ലാന്റേഷൻ മേഖലകളിലെ പ്രത്യേക ക്യാമ്പയിൻ, എല്ലാ സ്ഥാപനങ്ങളിലെയും ഡ്രൈ ഡേ പ്രവർത്തനങ്ങൾ, ഗൃഹസന്ദർശനബോധവത്കരണപരിപാടികൾ, ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയവ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രത്യേക പരിശോധനകൾ എന്നീ വിവിധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യസേന രൂപീകരിച്ചുകൊണ്ടു വാർഡ് തലങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കൂടെ സഹകരണത്തോടെ ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ വിപുലമായി നടത്തിവരുന്നുണ്ട്. വെള്ളിയാഴ്ച ദിവസങ്ങളിൽ സ്‌കൂളുകളിലും ശനിയാഴ്ച ദിവസങ്ങളിൽ പൊതുസ്ഥാപനങ്ങളിലും ഞായർ ദിവസങ്ങളിൽ വീടുകളിലും ഡ്രൈഡേ ആചരിച്ചുകൊണ്ടു ഓരോരുത്തരും പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും ഡിഎംഒ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206