1470-490

തൃശൂരിൽ നാല് പേർക്ക് കൂടി കോവിഡ്

തൃശൂരിൽ ജില്ലയിൽ നാല് പേർക്ക് കൂടി കോവിഡ;് 9706 പേർ നിരീക്ഷണത്തിൽ
ജില്ലയിൽ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20 ആയി. കഴിഞ്ഞ 23 ന് ദുബൈയിൽ നിന്നെത്തിയെ ചാവക്കാട് സ്വദേശികളായ 32 കാരനും 28 വയസ്സുളള യുവതിക്കും രോഗം സ്ഥിരീകരിച്ചു. ഇവർ കോഴിക്കോട് എംവിആർ കാൻസർ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്. 24 ന് അബുദാബിയിൽ നിന്നെത്തിയ പഴയന്നൂർ സ്വദേശി (42), വിദേശത്ത് നിന്ന് തന്നെ തിരിച്ചെത്തിയ തളിക്കുളം സ്വദേശി (45) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 9657 പേരും ആശുപത്രികളിൽ 49 പേരും ഉൾപ്പെടെ ആകെ 9706 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (മെയ് 26) നിരീക്ഷണത്തിന്റെ ഭാഗമായി ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാർജ്ജ് ചെയ്തു.
ചൊവ്വാഴ്ച (മെയ് 26) അയച്ച 73 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 2002 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1904 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 98 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 524 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
375 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ചൊവ്വാഴ്ച (മെയ് 26) 153 പേർക്ക് കൗൺസലിംഗ് നൽകി.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1038 പേരെയും മത്സ്യചന്തയിൽ 963 പേരെയും ബസ് സ്റ്റാന്റിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 95 പേരെയും സ്‌ക്രീൻ ചെയ്തു.
ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മണലൂർ മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.
ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങൾ
കർശനമായി പാലിക്കണം: ജില്ലാ കളക്ടർ
കോവിഡ് പ്രതിരോധത്തിനായി നടപ്പാക്കുന്ന ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങൾ ജില്ലയിലെ പൊതുസ്ഥാപനങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. സർക്കാർ ഓഫീസുകൾ, എടിഎം കൗണ്ടറുകൾ, ബാങ്കുകൾ, തദ്ദേശസ്ഥാപനങ്ങളിലെ ഫ്രണ്ട് ഓഫീസുകൾ, ജനന-മരണ രജിസ്‌ട്രേഷൻ വിഭാഗം, കച്ചവട സ്ഥാപനങ്ങൾ, റേഷൻകടകൾ, പച്ചക്കറിമാർക്കറ്റുകൾ, മത്സ്യ-മാംസ വിപണന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ബ്രേക്ക് ദ ചെയിൻ സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തണം. ഇവിടങ്ങളിലെ ജീവനക്കാർക്കും സന്ദർശകർക്കുമായി ഹാൻഡ് വാഷ്, വെളളം, സാനിറ്റൈസർ എന്നിവ ഉറപ്പു വരുത്തണം.
സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുവേണം എടിഎം കൗണ്ടറുകൾ പ്രവർത്തിപ്പിക്കേണ്ടത്. പൊതുസ്ഥലങ്ങളിൽ മുഖാവരണം നിർബന്ധമാണ്. ഇളവുകൾ പ്രഖ്യാപിച്ചതോടെ കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് മുക്തരായി എന്ന ധാരണയോടെ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നും ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണനിയമമനുസരിച്ച് ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996