1470-490

റംസിക്കായി പരീക്ഷ എഴുതാൻ ആര്യാദേവി.

വീടിന്റെ ടെറസിൽ നിന്നും വീണ് നട്ടെല്ല് പൊട്ടി വിശ്രമത്തിൽ കഴിയുന്ന മറ്റം സെന്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കെ.എസ്. റംസിക്കായാണ്, ഇതേ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി ആര്യാദേവി പരീക്ഷ എഴുതുന്നത്. കഴിഞ്ഞ മെയ് 3 നാണ് പയ്യൂർ കാട്ടിലയിൽ സിറാജുദ്ദീൻ – സുബൈദ ദമ്പതികളുടെ രണ്ട് പെൺ മക്കളിൽ മൂത്തവളായ റംസി, വീടിന്റെ ടെസറിൽ നിന്നും താഴേക്ക് വീണത്. വീഴ്ച്ചയിൽ നട്ടെല്ലിന് പെട്ടലും ചതവും ഉണ്ടായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മാസത്തെ പരിപൂർണ്ണ വിശ്രമത്തിന് ഡോക്ടർമാർ വിധിച്ചതോടെ വീട്ടിൽ കട്ടിലിൽ ശരീരം ഇളക്കാതെ വിശ്രമിക്കുന്നതിനിടെയാണ്, കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നിറുത്തി വെച്ച എസ്.എസ്.എൽ.സി. പരീക്ഷ വീണ്ടും നടത്താൻ സർക്കാർ തീരുമാനമെടുത്തത്. ബാക്കിയുള്ള മൂന്ന് പരീക്ഷകളും എഴുതാനാകാതെ ഒരു വർഷം നഷ്ടമാകുമെന്ന ആശങ്കയിൽ റംസി കഴിയവേ സ്കൂൾ പ്രധാന അധ്യാപിക ഫ്ലോറൻസ് ടീച്ചറും, ക്ലാസ്സ് ടീച്ചർ സീനയും സഹായവുമായി രംഗത്ത് എത്തുകയായിരുന്നു. റംസിക്ക് പകരം പരീക്ഷ എഴുതാൻ ആര്യാദേവിയെ ചുമതലപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും സമ്പാദിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച പരീക്ഷ ആരംഭിക്കുന്നതിനു മുൻപായി റംസി ആംബുലൻസിൽ വിദ്യാലയത്തിലെത്തി. കൂനംമൂച്ചി പീപ്പിൾസ് സർവ്വീസ് സഹകരണ ബാങ്ക് സൗജന്യമായാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷക്കെത്താൻ റംസിക്ക് ആംബുലൻസ് വിട്ടു നൽകിയത്. സ്ട്രെക്ച്ചറിൽ തന്നെ പരീക്ഷ ഹാളിലേക്ക് പ്രവേശിച്ച റംസി, തനിക്കായി പരീക്ഷ എഴുതുന്ന ആര്യാദേവിയുമായി ആശയവിനിമയം നടത്തി. പരീക്ഷ ആരംഭിക്കാനുള്ള മണി മുഴങ്ങിയതോടെ റംസിക്കായി ആര്യാദേവി ഉത്തരങ്ങൾ പകർത്തി തുടങ്ങുകയും ചെയ്തു. ചൂണ്ടൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.എ.മുഹമ്മദ് ഷാഫി, പൊതുപ്രവർത്തകനായ ടി.എ. ഫൈസൽ, റ മാതാവ് സുബൈദ എന്നിവർക്കൊപ്പമാണ് റംസി പരീക്ഷ കേന്ദ്രത്തിലേക്ക് എത്തിയത്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689